ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ; ഗവര്‍ണര്‍ ഇടപെടണം- ബി ജെ പി

Posted on: December 2, 2018 5:17 pm | Last updated: December 3, 2018 at 10:37 am

തിരുവനന്തപുരം: ശബരിമലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി കേന്ദ്ര സംഘത്തിന്റെ നിവേദനം. സുരക്ഷയുടെ പേരില്‍ തീര്‍ഥാടകരെ പോലീസ് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയാണെന്നും ഇതിലൂടെ മേഖലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്നും നിവേദനത്തില്‍ ആരോപിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന് ഉള്‍പ്പടെയുണ്ടായ ദുരനുഭവങ്ങളും കെ സുരേന്ദ്രനെതിരെ തെറ്റായ കേസെടുത്തതുമെല്ലാം ഇതു വ്യക്തമാക്കുന്നതാണ്.

ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുംതന്നെ ലഭ്യമാകുന്നില്ല. ഏറ്റവുമധികം തീര്‍ഥാടകര്‍ എത്തിയിരുന്ന ആത്മീയ കേന്ദ്രം നിലവില്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലം കറുത്ത ഇടമായിത്തീര്‍ന്നിരിക്കുകയാണെന്നും നിവേദനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ശബരിമല വിഷയം പഠിക്കാനും വിലയിരുത്താനുമായി ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച എം പിമാരുടെ സംഘമാണ് സംസ്ഥാനത്തെത്തിയത്.