തന്ത്രി ഇരിക്കുന്നിടത്ത് അയ്യപ്പന്‍ ഇരിക്കില്ലെന്ന സ്ഥിതി: മന്ത്രി ജി സുധാകരന്‍

Posted on: December 2, 2018 4:56 pm | Last updated: December 3, 2018 at 9:36 am

ആലപ്പുഴ: ശബരിമലയില്‍ ഏറ്റവുമധികം കഷ്ടപ്പെടുന്ന കഴുതകള്‍ക്കുള്ള ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ലെന്ന ആക്ഷേപവുമായി മന്ത്രി ജി സുധാകരന്‍. വില്ലുവണ്ടിയുടെ 125 ാം വാര്‍ഷികത്തോടനുബന്ധിച്ച് ചേരമാന്‍ മഹാസഭ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കവെയാണ് തന്ത്രിക്കെതിരെ സുധാകരന്‍ രൂക്ഷ വിമര്‍ശം നടത്തിയത്.

ശബരിമലയില്‍ ഭാരം ചുമന്നു തളര്‍ന്ന് പമ്പയാറ്റില്‍ കിടക്കുന്ന കഴുതകളുടെ ചൈതന്യം പോലും തന്ത്രിക്കില്ല. തന്ത്രി അയ്യപ്പനോടല്ല കൂറു കാണിക്കുന്നത്. അയ്യപ്പനോടു കൂറുണ്ടായിരുന്നെങ്കില്‍ അയ്യപ്പനെ പൂട്ടിയിട്ട് താക്കോലും കൊണ്ടു പോകുമായിരുന്നില്ല. തന്ത്രി ഇരിക്കുന്നിടത്ത് അയ്യപ്പന്‍ ഇരിക്കില്ല എന്നതാണ് സ്ഥിതിയെന്നും സുധാകരന്‍ പറഞ്ഞു.

ക്ഷേത്രം സമരം നടത്താനുള്ളതല്ല. സവര്‍ണ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ അന്ത്യത്തിന് കേരളത്തില്‍ തുടക്കം കുറിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.