വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമില്‍ മുക്കാല്‍ മണിക്കൂറിലധികം സി സി ടി വി പ്രവര്‍ത്തിച്ചില്ല; മധ്യപ്രദേശില്‍ സുരക്ഷാ വീഴ്ച

Posted on: December 2, 2018 1:27 pm | Last updated: December 2, 2018 at 1:27 pm

ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശില്‍ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന ഭോപ്പാലിലെ സ്‌ട്രോംഗ് റൂമിലെ സി സി ടി വികളുടെയും എല്‍ ഡി സ്‌ക്രീനിന്റെയും പ്രവര്‍ത്തനം മുക്കാല്‍ മണിക്കൂറിലധികം നിലച്ചു. വൈദ്യുതി തകരാറാണ് ഇതിനിടയാക്കിയതെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ 8.19 മുതല്‍ 9.35 വരെയാണ് ഉപകരണങ്ങള്‍ പ്രവര്‍ത്തന രഹിതമായതെന്നു വ്യക്തമാക്കുന്ന കലക്ടറുടെ റിപ്പോര്‍ട്ടില്‍ വൈദ്യുതിയില്ലാത്ത സമയത്ത് മറ്റു സംവിധാനങ്ങള്‍ ഉപയോഗിച്ച് കാമറകള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

വോട്ടിംഗ് മെഷീനുകളില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചതിനിടെയാണ് ഗൗരവതരമായ വീഴ്ച അധികൃതരുടെ ഭാഗത്തു നിന്ന് സംഭവിച്ചത്. അതേസമയം, വോട്ടിംഗ് മെഷീനുകള്‍ സുരക്ഷിതമാണെന്നും ക്രമക്കേടുകള്‍ തടയാന്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.

സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷം മാത്രം സ്‌ട്രോംഗ് റൂമില്‍ എത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ വെളിപ്പെടുത്തി.