അമേരിക്കന്‍ ഭീഷണിക്ക് പുല്ലുവില; ഇറാന്‍ അത്യാധുനിക യുദ്ധക്കപ്പല്‍ പുറത്തിറക്കി

Posted on: December 1, 2018 10:24 pm | Last updated: December 2, 2018 at 11:39 am

തെഹ്‌റാന്‍: അമേരിക്കയില്‍ നിന്നുള്ള ഭീഷണിയും ആണവ ഉപരോധവും നിലനില്‍ക്കെ ഇറാന്‍ ആഭ്യന്തരമായി നിര്‍മിച്ച പുതിയ യുദ്ധക്കപ്പല്‍ പുറത്തിറക്കി. റഡാറിന്റെ കണ്ണുകളില്‍ നിന്ന് രക്ഷനേടാന്‍ കഴിവുള്ള അത്യാധുനിക സംവിധാനങ്ങളുള്ളതാണ് പുതിയ യുദ്ധക്കപ്പലെന്ന് ഇറാന്‍ അവകാശപ്പെട്ടു. ഇതിന്റെ ഉദ്ഘാടനത്തിന്റെ ലൈവ് വീഡിയോ കഴിഞ്ഞ ദിവസം ഇറാന്‍ ദേശീയ ടിവി പുറത്തുവിട്ടിരുന്നു.

ഇന്ധനം വീണ്ടും നിറക്കാതെ തുടര്‍ച്ചയായി ആറ് മാസം സഞ്ചരിക്കാന്‍ കഴിയുന്നതാണ് പുതിയ യുദ്ധക്കപ്പലായ സഹന്ദെന്നാണ് റിപ്പോര്‍ട്ട്. കപ്പലിന്റെ ഡക്കില്‍ ഹെലികോപ്ടര്‍ നിര്‍ത്തിയിടാനുള്ള സൗകര്യവും ടോര്‍പിഡോ വിക്ഷേപിക്കാനുള്ള സൗകര്യവും ഉണ്ട്. ഭൂമിയില്‍ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാന്‍ കഴിയുന്ന മിസൈലുകളും വിമാനം വെടിവെച്ചിടാന്‍ കഴിയുന്ന മിസൈലുകളും കപ്പലില്‍ നിന്ന് വിക്ഷേപിക്കാം.

കഴിഞ്ഞ മെയില്‍ ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്മാറിയിരുന്നു. ഇതേ തുടര്‍ന്ന് ഇറാനെതിരെ ശക്തമായ ഉപരോധം ചുമത്തുകയും ചെയ്തിട്ടുണ്ട്. ഇറാന്റെ എണ്ണ കയറ്റുമതി പൂജ്യത്തിലേക്ക് കൊണ്ടുവരികയെന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു.