ആര്‍എസ്എസ് സങ്കല്‍പ്പ് യാത്രയുടെ ഒന്നാം ദിനം പൊളിഞ്ഞു; ലക്ഷങ്ങള്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപനം, എത്തിയത് നൂറോളം പേര്‍

Posted on: December 1, 2018 8:04 pm | Last updated: December 2, 2018 at 9:17 am

ന്യൂഡല്‍ഹി: ആയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ഉടന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് ഡല്‍ഹിയില്‍ നടത്തിയ സങ്കല്‍പ്പ് യാത്രയുടെ ഒന്നാം ദിനം പൊളിഞ്ഞു. ലക്ഷങ്ങള്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച് നടത്തിയ യാത്രയില്‍ പങ്കെടുക്കാന്‍ എത്തിയത് നൂറോളം പേര്‍ മാത്രം. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയിലെ ഝണ്ടേവാല ക്ഷേത്രത്തില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. യാത്രയില്‍ ഒരു ട്രക്കിന് പുറകില്‍ കുറച്ചു കര്‍സേവകര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന്് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡല്‍ഹിയിലെ എല്ലാ ജില്ലകളിലും പര്യടനം നടത്തി ഈ മാസം ഒമ്പതിന് രാംലീല മൈതാനത്ത് വി.എച്ച്.പി നടത്തുന്ന മെഗാ റാലിയില്‍ പങ്ക് ചേരുന്ന രീതിയിലാണ് ആര്‍.എസ്.എസിന്റെ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ നേതൃത്വത്തില്‍ സങ്കല്‍പ് യാത്ര നടത്തുന്നത്. രാജ്യ തലസ്ഥാനത്ത് റാലിയുടെ ഒന്നാം ദിനം തന്നെ ആളില്ലാത്ത സംഭവത്തില്‍ വിശദീകരണവുമായി സ്വദേശി ജാഗരണ്‍ മഞ്ച് രംഗത്തെത്തി. ഓരോ ഘട്ടങ്ങളിലും പ്രവര്‍ത്തകര്‍ എത്തിച്ചേരുമെന്നും രാംലീലയില്‍ എട്ട് ലക്ഷം വരെ പ്രവര്‍ത്തകരെ എത്തിക്കുമെന്നും സംഘടനയുടെ കോ കണ്‍വീനര്‍ കമല്‍ തിവാരി പറഞ്ഞു.

രാമക്ഷേത്രം നിര്‍മാണത്തിനുള്ള ഓര്‍ഡിന്‍സ് എത്രയും വേഗം ഉണ്ടാകണമെന്നും തീരുമാനം നീട്ടിവെക്കുന്ന കോടതിയുടെ നിലപാട് ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നുമാണ് ആര്‍എസ്എസ് നിലപാട്.