നാലര വര്‍ഷത്തിനിടെ യുഎസില്‍ അഭയം തേടിയത് 20,000 ഇന്ത്യക്കാര്‍

Posted on: December 1, 2018 6:31 pm | Last updated: December 1, 2018 at 6:32 pm

വാഷിംഗ്ടണ്‍: നാലര വര്‍ഷത്തിനിടെ യുഎസില്‍ രാഷ്ട്രീയ അഭയം തേടിയത് 20,000ല്‍ അധികം ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ടുകള്‍. 2014ന് ശേഷമുള്ള കണക്കുകളാണ് പുറത്തുവന്നത്. ഇവരില്‍ കൂടുതലും പുരുഷന്മാരാണ്. യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗം പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.

2014ല്‍ 2306 ഇന്ത്യക്കാരാണ് രാഷ്ട്രീയ അഭയതേടിയത്. 2015ല്‍ ഇത് 2971 ആയി, 2016ല്‍ 4088 പേരും 2017ല്‍ 3656 പേരും അഭയം തേടി. ഈ വര്‍ഷം ജൂലൈ വരെ 7214 പേര്‍ രാഷ്ട്രീയ അഭയം ലഭിക്കുന്നതിന് അപേക്ഷിച്ചിട്ടുണ്ട്.

യുഎസില്‍ അഭയം തേടുന്ന ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇരട്ടിയായതായി നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സത്‌നം സിംഗ് പറഞ്ഞു.

വംശീയത, മതം, പൗരത്വം, ഒരു പ്രത്യേക സാമൂഹിക കൂട്ടായ്മയിലെ അംഗത്വം തുടങ്ങയവയുടെ പേരില്‍ ഭീഷണി നേരിടുന്നവരാണ് യുഎസ് അഭയാര്‍ഥി നിയമത്തിന്റെ പരിരക്ഷ തേടുന്നത്.