വരുന്നു, മികച്ച ഷോപ്പിംഗ് നാളുകള്‍… ഒപ്പം വിലക്കിവിന്റെ പെരുമഴയും!

Posted on: December 1, 2018 4:23 pm | Last updated: December 1, 2018 at 4:23 pm

ദുബൈ: ദുബൈ ഇക്കണോമിക് ഡിപാര്‍ട്‌മെന്റ് (ഡി ഇ ഡി), ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീടെയ്ല്‍സ് എസ്റ്റാബ്ലിഷ്മെന്റ് (ഡി എഫ് ആര്‍ ഇ) എന്നിവ സംയുക്തമായി, അടുത്ത വര്‍ഷത്തെ പ്രധാന അവധികളും പ്രത്യേക വിലക്കിഴിവുകളും പ്രഖ്യാപിച്ചു.
247 ദിവസങ്ങളിലായി നീളുന്ന 12 പ്രധാന പരിപാടികളോട് അനുബന്ധിച്ചാണ് വിലക്കിഴിവുകളും പ്രഖ്യാപിച്ചിട്ടുള്ളത്. വ്യത്യസ്തങ്ങളായ ബ്രാന്‍ഡുകള്‍ വിലക്കിഴിവില്‍ ദുബൈയിലെ ഉപഭോക്താക്കള്‍ക്ക് ഒരുക്കുന്നതിനായാണ് വിവിധ ആഘോഷങ്ങളോടനുബന്ധമായി പ്രത്യേക വ്യാപാരദിനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

ചെറുതും വലുതുമായ ദുബൈയിലെ വിവിധ വ്യാപാര കേന്ദ്രങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വ്യാപാര-വിനോദ-സഞ്ചാര പ്രേമികള്‍ക്ക് ആകര്‍ഷമായ വ്യാപാര ദിനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ലോക സഞ്ചാരികളെ വരവേല്‍ക്കുന്നതിനൊപ്പം അതിശയകരമായ വിലക്കിഴിവോടെ ഈ വര്‍ഷം ഡിസംബര്‍ 26 മുതല്‍ ആരംഭിച്ചു 2019 ഫെബ്രുവരി 2 വരെ നീണ്ടുനില്‍ക്കുന്ന ദുബൈ വ്യാപോരോത്സവമാണ് (ഡി എസ് എഫ്) വിലക്കിഴിവുകളോടെ ആദ്യമെത്തുന്ന നാളുകള്‍. 24-ാമത് വ്യാപാരോത്സവ നാളുകള്‍ ലോകോത്തരമായ സമ്മാനങ്ങളുടെയും വിലക്കിഴിവുകളുടെയും നാളുകളാണ്. ഓരോ ദിനവും സ്വര്‍ണം, വസ്ത്ര കരകൗശല വസ്തുക്കള്‍ സ്വന്തമാക്കുന്നതിനുള്ള അവസരങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

ദുബൈ വേനല്‍ വിസ്മയം (ഡി എസ് എസ്)
2019 ജൂണ്‍ 21 മുതല്‍ ആഗസ്റ്റ് 3 വരെയാണ് വേനല്‍ വിസ്മയ പരിപാടികള്‍ അരങ്ങേറുക. കുട്ടികള്‍ക്ക് വേനല്‍ കാലം ആനന്ദകരമാകുന്നതിനോടൊപ്പം പ്രത്യേക വിലക്കിഴിവുകളോടൊപ്പമൊരുക്കിയ വ്യാപാര നാളുകളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.

റമദാന്‍ ഇന്‍ ദുബൈ
2019 മെയ് അഞ്ചു മുതല്‍ ആരംഭിക്കുന്ന റമളാന്‍ നാളുകള്‍ 8 ജൂണ്‍ 2019നാണ് അവസാനിക്കുക. ഈ നാളുകള്‍ മുഴുവനും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന വിലക്കിഴിവുകള്‍.

ഈദ് ഇന്‍ ദുബൈ
ഈദുല്‍ ഫിത്വര്‍ നാളുകളില്‍ പ്രത്യേക വിലക്കിഴിവ്. ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക വിനോദ പരിപാടികള്‍.

ഈദ് അല്‍ അദ്ഹ
2019 ആഗസ്റ്റ് 12 മുതല്‍ ആഗസ്റ്റ് 15 വരെ. ഈ നാളുകളില്‍ പ്രത്യേക വിനോദ പരിപാടികളും വ്യാപാര നാളുകളും ഒരുക്കിയിട്ടുണ്ട്.

ദുബൈ ഫുഡ് ഫെസ്റ്റിവല്‍
2019 ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 9 വരെ നടക്കുന്ന പ്രത്യേക ഭക്ഷ്യമേളയോടൊപ്പം ആകര്‍ഷണീയമായ പരിപാടികളും ലോകോത്തരമായ ഭക്ഷ്യ വിഭവങ്ങളുടെ നിരയും വിലക്കിഴിവും ദുബൈയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആസ്വദിക്കാം.

ദുബൈ ഫിറ്റ്‌നസ് ചലഞ്ച്
2019 ഒക്ടോബര്‍ 18 മുതല്‍ 16 നവംബര്‍ വരെ; വിനോദ കായിക പരിപാടികള്‍ക്കും മത്സരങ്ങള്‍ക്കുമൊപ്പം കായിക മേഖലയിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളില്‍ ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവ്.

മൂന്ന് നാളുകള്‍ നീളുന്ന പ്രത്യേക വിലക്കിഴിവ് ദിനങ്ങള്‍
വ്യാപാര കേന്ദ്രമെന്ന നിലക്ക് ദുബൈ ലോകത്തിന്റെ നെറുകെയില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞിട്ടുണ്ട്. വിശ്വ വിഖ്യാതമായ ഉത്പന്നങ്ങള്‍ 90 ശതമാനം വരെ വിലക്കിഴിവില്‍ ലഭിക്കുന്നതിനുള്ള അവസരങ്ങള്‍ ഈ നാളുകളില്‍ ഒരുക്കിയിട്ടുണ്ട്.
വ്യാപാര നാളുകള്‍ക്ക് പുറമെ കൂടുതല്‍ വിനോദ സഞ്ചാരികളെ ഈ ദിനങ്ങളില്‍ ദുബൈയിലേക്ക് ആകര്‍ഷിക്കാന്‍ ദുബൈക്ക് കഴിയുമെന്നത് സവിശേഷതയാണ്.

ദിപാവലി
2019 ആഗസ്റ്റ് 18 മുതല്‍ നവംബര്‍ 2 വരെ ദീപങ്ങളുടെ പ്രകാശ ധാരയോടൊപ്പം കുടുംബത്തോടെ ആഘോഷങ്ങളില്‍ ഏര്‍പെടാനുള്ള നാളുകള്‍. വിവിധ വ്യാപാര കേന്ദ്രങ്ങളില്‍ വമ്പിച്ച വിലക്കിഴിവുകള്‍ ഇതോടൊപ്പമൊരുക്കുന്നു.
സ്വര്‍ണം, വിവാഹ വസ്ത്രങ്ങള്‍, പ്രത്യേക ഫാഷന്‍ വസ്ത്രങ്ങള്‍, വീട് അലങ്കാര വസ്തുക്കള്‍ തുടങ്ങിയവ സ്വന്തമാക്കുന്നതിന് പ്രത്യേക വിലക്കിഴിവ് ഇതോടൊപ്പമൊരുക്കിയിട്ടുണ്ട്.

ബാക് ടു സ്‌കൂള്‍
2019 ആഗസ്റ്റ് 16 മുതല്‍ 2019 സെപ്തംബര്‍ 7 വരെ. സ്‌കൂള്‍ അധ്യായന നാളുകള്‍ വേനല്‍ക്കാല അവധിക്ക് ശേഷം ആരംഭിക്കുന്ന ഘട്ടത്തില്‍ പ്രത്യേകമായി സ്‌കൂള്‍ പഠന സാമഗ്രികള്‍ക്ക് വിലക്കിഴിവൊരുക്കിയിരിക്കുന്നു.
കുരുന്നുകള്‍ക്ക് സ്മാര്‍ട് ഷോപ്പിങ് അനുഭവം ഒരുക്കുന്നതിനും രക്ഷിതാക്കള്‍ക്ക് ഇതിലൂടെ മികച്ച അവസരമുണ്ടാകും.