Connect with us

Articles

ദുരന്ത നിവാരണം: കേരളം ഇപ്പോഴും സുരക്ഷിതമോ?

Published

|

Last Updated

നൂറ്റാണ്ട് കണ്ട മഹാപ്രളയത്തെ ഒത്തൊരുമ കൊണ്ടും മനുഷ്യ നന്മകൊണ്ടും അതിജീവിച്ചെന്ന് ഊറ്റംകൊള്ളുമ്പോഴും ഇനിയുമൊരു ദുരന്തമുണ്ടായാല്‍ അതിനെ നേരിടാനുള്ള ദുരന്ത നിവാരണ സംവിധാനം നമുക്ക് സജ്ജമാണെന്ന് ഉറപ്പു പറയാനാകുമോ? ദുരന്തങ്ങളെ നേരിടാന്‍ ഒത്തൊരുമയും മനുഷ്യനന്മയും മാത്രം പോരെന്നും അടിസ്ഥാനപരമായി വേണ്ടത് പ്രായോഗികമായ ദുരന്ത നിവാരണ സംവിധാനങ്ങളാണെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒരാഴ്ചയിലേറെ കാലം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ദൈവത്തിന്റെ സ്വന്തം നാടിനെ കശക്കിയെറിഞ്ഞ ദുരന്തത്തില്‍ നിന്ന് നാം പാഠം പഠിച്ചിട്ടുണ്ടോ. ഒരു വര്‍ഷം മുമ്പ് കേരള തീരത്ത് നാശം വിതച്ച് 143 ജീവനുകള്‍ കവര്‍ന്നെടുത്ത ഓഖി ദുരന്തം നമ്മെ വല്ലതും പഠിപ്പിച്ചിട്ടുണ്ടോ? ഇല്ലെന്നാണ് മഹാപ്രളയം സംബന്ധിച്ച റിപ്പോര്‍ട്ട് നമ്മോട് പറയുന്നത്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാര്യമായി ദുരന്തങ്ങള്‍ കേരളത്തെ വേട്ടയാടിയിരുന്നില്ലെന്ന ധാരണയാണ് ദുരന്ത നിവാരണ മേഖലയില്‍ കേരളം പിറകോട്ട് പോകാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ചെറുതും വലുതുമായ പ്രകൃതി ദുരന്തങ്ങള്‍ കേരളം അത്ര സുരക്ഷിത സംസ്ഥാനമല്ലെന്ന ബോധ്യമാണ് നമുക്ക് നല്‍കുന്നത്. കാര്യമായ മുന്നറിയിപ്പുകളൊന്നുമില്ലാതെ ഓഖി തീരപ്രദേശത്തെയാകെ കശക്കിയെറിഞ്ഞപ്പോഴാണ് ദുരന്ത മുന്നറിപ്പ്, നിവാരണ സംവിധാനങ്ങളുടെ പരിതാപകരമായ അവസ്ഥ കേരളം തിരിച്ചറിഞ്ഞത്. സംസ്ഥാനത്തെ ദുരന്ത നിവാരണ സംവിധാനം തീര്‍ത്തും അപര്യാപ്തമെന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് ഇപ്പോഴും അതേ പടി നിലനില്‍ക്കുകയാണ്. ദുരന്തമുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തനക്ഷമമല്ലെന്ന് സി എ ജി കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ തന്നെ സര്‍ക്കാറിനെ രേഖാമൂലം അറിയിച്ചതാണ്. എന്നാല്‍, ദുരന്ത നിവാരണത്തിന്റെ ചുമതലയുള്ള റവന്യൂ വകുപ്പ് ഇക്കാര്യം ഗൗരവപൂര്‍വം പരിഗണിച്ചില്ലെന്നതിന് തെളിവായിരുന്നു ഓഖി ദുരന്തവും മഹാ പ്രളയവും.
കഴിഞ്ഞ വര്‍ഷം സി എ ജി നല്‍കിയ റിപ്പോര്‍ട്ടില്‍ എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്ററുകളുടെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും അവസ്ഥയെ നിശിതമായി വിമര്‍ശിച്ചിരുന്നു. സംസ്ഥാന തലത്തിലും ജില്ലകളിലും വിശദമായ പരിശോധനക്കുശേഷമാണ് സി എ ജി ഇക്കാര്യങ്ങള്‍ നിയമസഭയെയും സര്‍ക്കാറിനെയും അറിയിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സംവിധാനം സംസ്ഥാന തലത്തിലും ജില്ലകളിലും പ്രവര്‍ത്തനക്ഷമമല്ല. വേണ്ട വിവര വിനിമയ സംവിധാനങ്ങളില്ല. ഹെഫ്രീക്വന്‍സി റേഡിയോ നെറ്റ്‌വര്‍ക്ക് പലപ്പോഴും പ്രവര്‍ത്തിക്കുന്നില്ല. ഹാം റേഡിയോ നിലവിലില്ല. ജില്ലാതല എമര്‍ജന്‍സി സെന്ററുകളുടെ ഉപകരണങ്ങള്‍ കലക്ടറേറ്റുകളിലെ മറ്റ് ഓഫീസുകളാണ് ഉപയോഗിക്കുന്നത്. 1077 എന്ന ടോള്‍ഫ്രീ നമ്പര്‍ മിക്കപ്പോഴും പ്രവര്‍ത്തന രഹിതമാണെന്നും സി എ ജി കണ്ടെത്തിയിരുന്നു.

എമര്‍ജന്‍സി സെന്ററുകളെക്കാള്‍ ഏറെ പരിതാപകരമാണ് ദുരന്തനിവാരണ അതോറിറ്റിയുടെ അവസ്ഥ. നിലവിലെ സാഹചര്യത്തില്‍ ദുരന്തങ്ങളെ നേരിടാന്‍ അതോറിറ്റി യോഗ്യമല്ലെന്ന സി എ ജി റിപ്പോര്‍ട്ട് ശരിവെക്കുന്നതായിരുന്നു ഓഖി ദുരന്തത്തിന്റെ ആഘാതം. എന്നാല്‍ സി എ ജി റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ ഫലം ഓഖി ദുരന്തത്തിലും ഏഴു മാസത്തിന് ശേഷം മഹാപ്രളയത്തിലും അനുഭവിച്ചിട്ടും ഇപ്പോഴും റവന്യൂ വകുപ്പിന് കീഴില്‍ ദുരന്ത നിവാരണ വിഭാഗം ദുരന്തങ്ങളെ നേരിടാന്‍ ഇപ്പോഴും പൂര്‍ണ സജ്ജമായിട്ടില്ലെന്നാണ് നിലവിലെ അവസ്ഥ വ്യക്തമാക്കുന്നത്. എന്നാല്‍, ഓഖി നല്‍കിയ ഈ പ്രഹരം സംസ്ഥാനത്തെ ദുരന്തനിവാരണ സംവിധാനത്തെ മെച്ചപ്പെടുത്തി രാജ്യത്തിനു തന്നെ മാതൃകയാക്കി മാറ്റാനുള്ള അവസരമായെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നത് കേരളം പോലുള്ള ഒരു സംസ്ഥാനത്തിനുള്ള നെഗറ്റീവ് മാര്‍ക്കുകളിലൊന്നാണ്. സംസ്ഥാനത്തിന്റെ ദുരന്തനിവാരണ വിഭാഗം സജ്ജമായിരുന്നെങ്കില്‍ ചുഴലിക്കാറ്റ് പോലെ പ്രവചന സാധ്യമായ പ്രകൃതി ദുന്തമെന്ന നിലയില്‍ മഹാപ്രളയത്തിനെതിരെ കുറേക്കൂടി ശക്തമായ ഒരു പ്രതിരോധം തീര്‍ക്കാനാവുമായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം.
ദുരന്തങ്ങള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള ഏര്‍ളി വാര്‍ണിംഗ് സംവിധാനം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമല്ല. ജില്ലാ തലത്തില്‍ ജനങ്ങളിലേക്ക് മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്ന ആധുനിക ഉപകരണങ്ങളുടെ അഭാവം പ്രകടമാണ്. സംസ്ഥാന ദുരന്തനിവാരണസേനയുടെ ഘടനയും നിയമപരമല്ല. സിവില്‍ ഡിഫന്‍സ് ട്രെയിനിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നില്ല. സംസ്ഥാന, ജില്ലാതല ദുരന്തനിവാരണ പ്ലാനുകള്‍ അപര്യാപ്തമാണ്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള സമഗ്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല. വില്ലേജ് തലത്തില്‍ ചലനാത്മകമായ ദുരന്തനിവാരണ സംവിധാനം പൂര്‍ണമായും നിലവില്‍ വന്നിട്ടില്ല. സംസ്ഥാനത്തിന്റെ ദുരന്ത നിവാരണ സംവിധാനങ്ങള്‍ എന്തെല്ലാമാണ്, ഇവയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ, ദുരന്തത്തിനിരയാകുന്ന പൊതുജനങ്ങളുമായി ആശയ വിനിമയത്തിനുതകുന്ന സംവിധാനങ്ങള്‍ ഏതൊക്കെ തുടങ്ങിയവ പൊതുജനങ്ങള്‍ കൂടി അറിഞ്ഞ് അവരെ കൂടി ദുരന്തനിവാരണത്തിന്റെ ഭാഗമാക്കുമ്പോഴാണ് ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയിലെത്തുകയെന്ന ബോധ്യം വിസ്മരിക്കാനാകില്ല.
നിലവിലെ സാഹചര്യത്തില്‍ ദുരന്ത മുന്നറിയിപ്പ് നല്‍കാന്‍ നിയോഗിക്കപ്പെട്ട നോഡല്‍ ഏജന്‍സികളില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേകം അറിയിപ്പുകള്‍ തയ്യാറാക്കി കഴിയുന്നതും വേഗത്തില്‍ എത്തിക്കേണ്ട ചുമതല സംസ്ഥാന തലത്തില്‍ എസ് ഒ സിക്കാണ്. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രത്യേകിച്ച് കൊടുങ്കാറ്റില്‍ വൈദ്യുതി വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ ആദ്യമേ തകരാറിലാകുമെന്നതിനാല്‍ ഈ സാഹചര്യം നേരിടുന്നതിന് കേരളത്തിലെ വില്ലേജ് ഓഫീസുകള്‍, താലൂക്ക് ഓഫീസ്, കലക്‌ട്രേറ്റ് എന്നിവയെ ബന്ധപ്പെടുത്തി വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ നിലവിലുണ്ടെങ്കിലും യഥാസമയം അറ്റകുറ്റ പണികള്‍ നടത്താത്തതിനാല്‍ ഇവ ഫലപ്രദമല്ലെന്നതാണ് യാഥാര്‍ഥ്യം.

പ്രളയ സമയത്ത് അടിയന്തര മുന്നറിയിപ്പു നല്‍കുന്നതിനായി വില്ലേജ് ഓഫീസുകളോട് അനുബന്ധിച്ച് സ്ഥാപിച്ച മൈക്കും ഉച്ചഭാഷിണിയും പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന റിപ്പോര്‍ട്ട് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നാം നല്‍കുന്ന ഗൗരവം വ്യക്തമാക്കുന്നതാണ്. വയര്‍ലെസ് നെറ്റ്‌വര്‍ക്കും ഉച്ചഭാഷിണികളും സംരക്ഷിക്കുന്നതിനുള്ള ഫണ്ട് വകയിരുത്താനോ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കാനോ ദുരന്ത നിവാരണ അതോറിറ്റി തയ്യാറായിട്ടില്ല. ഡിസാസ്റ്റര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമല്ലാത്തതിനാല്‍ മുന്നറിയിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുക എന്നതില്‍ കവിഞ്ഞ് പൊതുജനങ്ങളിലേക്ക് നേരിട്ട് അറിയിപ്പുകള്‍ എത്തിക്കുവാന്‍ നിലവില്‍ കേരളത്തില്‍ ഒരു മാര്‍ഗവുമില്ല. അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ് ഉടന്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ലൊക്കേഷന്‍ ബേസ്ഡ് മാസ്സ് അലെര്‍ട്ടിംഗ് സിസ്റ്റം നിലവിലുണ്ട്. ദുരന്ത പ്രതികരണത്തിന് ഫയര്‍ ഫോഴ്‌സിനെ കൂടാതെ സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് എന്നൊരു പ്രത്യേക വിഭാഗത്തെ രൂപവത്കരിച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിന് ഉപകരണങ്ങളോ അനുബന്ധ സൗകര്യങ്ങളോ ദുരന്ത നിവാരണ വകുപ്പ് നല്‍കിയിട്ടില്ല. ഇവരുടെ ജോലി ചെയ്യാനാണ് പ്രളയ സമയത്ത് കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ കേരളം ആശ്രയിക്കേണ്ടിവന്നത്.
ദുരന്തങ്ങളെ നേരിടുന്നതിന് ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും സജ്ജരാക്കുന്നതിനുള്ള പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്. ദേശീയ ദുരന്ത നിവാരണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹായത്തോടെ റെസ്‌ക്യൂ, റിലീഫ്, ദുരന്ത പ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നല്‍കിയിരുന്ന ഐ എല്‍ ഡി എം ദുരന്ത നിവാരണ പരിശീലന കേന്ദ്രം അടച്ചുപൂട്ടേണ്ടി വന്നതും നമ്മുടെ ദുരന്ത നിവാരണത്തോടുള്ള അലസമായ സമീപനമാണ് വ്യക്തമാക്കുന്നത്. ഈ കേന്ദ്രത്തിനുള്ള സാമ്പത്തിക സഹായം തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് 2016ലാണ് കേന്ദ്രം അടച്ചുപൂട്ടിയത്. ഇതുവഴി സര്‍ക്കാര്‍ വകുപ്പുകള്‍, എന്‍ എസ് എസ്, എന്‍ സി സി, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് ലഭിക്കേണ്ട പരിശീലനങ്ങള്‍ ലഭിക്കാതെ വന്നു. ഇത് ദുരന്ത സമയത്ത് ഏറെ പ്രകടമായിരുന്നു. 1994 ല്‍ ജപ്പാനിലെ യോക്കോഹോമയില്‍ വെച്ച് നടത്തിയ ആഗോള ദുരന്ത ലഘൂകരണ ശില്‍പശാല യുടെ ചുവടുപിടിച്ച് അന്ന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല ഉണ്ടായിരുന്ന കേന്ദ്രകൃഷി മന്ത്രാലയം 1995ല്‍ പ്രകൃതി ദുരന്ത ലഘൂകരണ പദ്ധതി ആരംഭിച്ചു. ഇതിന്റെ കീഴില്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ക്യാമ്പസില്‍ നാഷനല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെന്ററും, സംസ്ഥാനങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ദുരന്ത നിവാരണ പരിശീലന കേന്ദ്രങ്ങളും ആരംഭിച്ചു. കേരളത്തില്‍ 1999 മുതല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാന്‍ഡ് മാനേജ്‌മെന്റില്‍ ഈ കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നുണ്ട്. തുടര്‍ന്ന് 2003 മുതല്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആയി മാറുകയും 2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരം ഒരു ഭരണ ഘടനാ സ്ഥാപനം ആയി മാറുകയും ചെയ്തു. എന്നാല്‍ സ്ഥാപിച്ച് രണ്ട് പതിറ്റാണ്ടായിട്ടും പേരുമാറ്റമല്ലാതെ കാര്യമായ പുരോഗതി ഈ കേന്ദ്രത്തില്‍ ഉണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
ദുരന്തങ്ങള്‍ ഉണ്ടായതിന് ശേഷം അതിലെ നാശ നഷ്ടങ്ങള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം തന്നെ അടുത്ത ഒരു ദുരന്തത്തെ മുന്‍ കൂട്ടി കണ്ട് അതിനെ പ്രതിരോധിക്കാനുള്ള പ്രായോഗിക സംവിധാനങ്ങളും ഒരുക്കിയിരിക്കേണ്ടതിന്റെ ആവശ്യകതയെ നാം ചെറുതായി കാണാന്‍ പാടില്ല. ഒപ്പം ദുരന്തത്തെ പ്രതിരോധിക്കുന്നതിന് രക്ഷാ സേനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പോലീസ് എന്നിവര്‍ക്കൊപ്പം ദുരന്തത്തിനിരയാകുന്ന സാധാരണ ജനങ്ങള്‍ക്കും ക്രിയാത്മകമായ പരിശീലനം നല്‍കണം. ഒപ്പം രാഷ്ട്രീയപരമായ വിമര്‍ശനങ്ങള്‍ക്കതീതമായി ദുരന്തനിവാരണ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ ചര്‍ച്ചകളുമുണ്ടാകണം.

Latest