പ്രതിപക്ഷം സഭ തടസപ്പെടുത്തിയത് കപടമുഖം വെളിവാകുമെന്നതിനാല്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Posted on: December 1, 2018 11:34 am | Last updated: December 1, 2018 at 2:18 pm

സന്നിധാനം: ശബരിമല വിഷയം ഗൗരവതരമായ ചര്‍ച്ചക്ക് വഴിവെച്ചാല്‍ യുഡിഎഫിന്റെ കപടമുഖം വെളിവാകുമെന്നതിനാലാണ് മൂന്ന് ദിവസവും പ്രതിപക്ഷ നേതാവിന്റെ നേത്യത്വത്തില്‍ നിയമസഭ തടസപ്പെടുത്തിയതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ .

ശബരിമല വിഷയത്തില്‍ ചര്‍ച്ചക്ക് സര്‍ക്കാറിന് തുറന്ന സമീപനം മാത്രമാണുള്ളത്. ആദ്യ ദിവസത്തില്‍ അടിയന്തര പ്രമേയമാകാം പക്ഷെ ചോദ്യോത്തര വേള വേണം എന്നതുമാത്രമായിരുന്നു സര്‍ക്കാര്‍ നിലപാട്. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ആരോപിച്ചതുപോലെ ഒരാളും ശബരിമലയില്‍ തന്നോട് പരാതി പറഞ്ഞിട്ടില്ല. നിരവധി ഭക്തരുമായി താന്‍ നേരിട്ട് സംസാരിച്ചു. ഒരാളും തന്നോട് പരാതി പറഞ്ഞിട്ടില്ലെന്നത് ആഹ്ലാദകരമാണ്. ശബരിമലയില്‍ എന്തെങ്കിലും അസൗകര്യങ്ങളുണ്ടോയെന്ന് അറിയാന്‍ പ്രതിപക്ഷ നേതാവിനൊപ്പം അദ്ദേഹത്തിന്റെ സൗകര്യത്തിനനുസരിച്ച് സന്ദര്‍ശനം നടത്താന്‍ തയ്യാറാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.