‘അഭയകേന്ദ്ര’ങ്ങളിലെ പീഡനം

Posted on: December 1, 2018 8:30 am | Last updated: December 1, 2018 at 12:24 pm

ബിഹാറില്‍ അഭയകേന്ദ്രങ്ങളിലെ പെണ്‍കുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന ആരോപണത്തില്‍ അന്വേഷണം സി ബി ഐക്ക് വിട്ടിരിക്കയാണ് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിവരുന്ന അന്വേഷണങ്ങള്‍ തൃപ്തികരവും കാര്യക്ഷമവുമല്ലാത്ത സാഹചര്യത്തിലാണ് ബിഹാറിലെ 17 അഭയകേന്ദ്രങ്ങളില്‍ നടന്നതായി ആരോപിക്കപ്പെടുന്ന പീഡനങ്ങളെ സംബന്ധിച്ച അന്വേഷണം കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് വിട്ടത്. ബിഹാര്‍ പോലീസില്‍ നിന്ന് എത്രയും വേഗം അന്വേഷണം ഏറ്റെടുക്കാനും ജനുവരി 31നു മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സി ബി ഐക്ക് കോടതി നിര്‍ദേശവും നല്‍കി. കേസില്‍ സംസ്ഥാന പോലീസ് ഗൗരവപൂര്‍ണമായ സമീപനം സ്വീകരിച്ചിട്ടുണ്ടെന്നും അത് കോടതിയെ ബോധ്യപ്പെടുത്താന്‍ കൂടുതല്‍ സമയം വേണമെന്നും ബിഹാര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബഞ്ച് അത് നിരാകരിക്കുകയായിരുന്നു.

ഞെട്ടിക്കുന്ന വിവരങ്ങളാണ് ബിഹാറിലെ അഭയകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് അടുത്തായി പുറത്തുവന്നത്. ബ്രിജേഷ് താക്കൂറിന്റ നേതൃത്വത്തില്‍ സങ്കല്‍പ് ഇവാന്‍ വികാസ് സമിതി എന്ന ‘സന്നദ്ധസംഘടന’ നടത്തുന്ന മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തില്‍ ഏഴിനും 18നും ഇടയില്‍ പ്രായമുള്ള 40-ാളം പെണ്‍കുട്ടികളാണ് ലൈംഗിക ചൂഷണത്തിന് ഇരയായത്. ഇവിടെ നിന്ന് രക്ഷപെട്ട പെണ്‍കുട്ടികള്‍ പ്രത്യേക പോക്‌സോ കോടതിക്ക് മുന്നിലാണ് നടുക്കമുളവാക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. സ്ഥാപനത്തിലെ പുരുഷ ജീവനക്കാര്‍ എല്ലാ ദിവസവും പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുമത്രെ. ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗികതക്കും ഉപയോഗപ്പെടുത്തുന്നു. മറ്റു പലശാരീരിക, മാനസിക പീഡനങ്ങളും ഇവര്‍ അനുഭവിക്കേണ്ടിവന്നു. അത്താഴത്തിന് ശേഷം കുട്ടികളെ വാര്‍ഡില്‍ പൂട്ടിയിടും. ഈ സമയത്ത് ശൗചാലയത്തില്‍ പോകാന്‍ പോലും അനുവദിക്കാറില്ല. ശിക്ഷയുടെയും അച്ചടക്കത്തിന്റെയും പേരിലാണത്രെ ഈ ക്രൂരതകള്‍ അരങ്ങേറുന്നത്. അഞ്ച് വര്‍ഷത്തിനിടെ ഈ അഭയകേന്ദ്രത്തില്‍ 470 അന്തേവാസികള്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. കേസിലെ പ്രധാനപ്രതി ബ്രിജേഷ് താക്കൂറിന്റെ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അഭയകേന്ദ്രത്തില്‍ നിന്ന് അസ്ഥികൂടവും കണ്ടെത്തുകയുണ്ടായി. ലൈംഗിക ചൂഷണത്തിന് വഴങ്ങാത്ത കുട്ടിയെ കൊലപ്പെത്തി ആരും അറിയാതെ മറവു ചെയ്തതായിരിക്കാമെന്നാണ് പോലീസ് നിഗമനം.

ബിഹാറില്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലുമുണ്ട് അഭയകേന്ദ്രങ്ങളില്‍ പീഡനവും ലൈംഗിക ചൂഷണവും. കഴിഞ്ഞ സെപ്തംബറിലാണ് ഉത്തര്‍പ്രദേശിലെ ദോറിയിലുള്ള ഗിരിജാ ത്രിപാഠി എന്ന യുവതി കുടുംബത്തോടൊപ്പം നടത്തുന്ന ഷെല്‍ട്ടര്‍ ഹോമിലെ പീഡനങ്ങളുടെ കഥ പുറത്തുവന്നത്. ഷെല്‍ട്ടര്‍ ഹോമില്‍ നിന്നു രക്ഷപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി റോഡില്‍ അലഞ്ഞുനടക്കുന്നത് കണ്ട് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങള്‍ പുറം ലോകമറഞ്ഞത്. ഹോം നടത്തിപ്പുകാരും ജീവനക്കാരും ലൈംഗികമായി ചുഷണം ചെയ്യുന്നതിന് പുറമെ സ്ഥാപനത്തിലെ അന്തേവാസികളായ പെണ്‍കുട്ടികളെ രാത്രിയില്‍ വാഹനവുമായി എത്തുന്ന കാമഭ്രാന്തന്മാര്‍ക്ക് വിട്ടു കൊടുക്കാറുണ്ടത്രെ. അടുത്ത ദിവസം കാലത്താണ് അവരെ തിരിച്ചെത്തിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത 24 പെണ്‍കുട്ടികളെ പോലീസ് സ്ഥാപനത്തില്‍ നിന്ന് രക്ഷപ്പെടുത്തി. 18 പെണ്‍കുട്ടികളെ ഇവിടെ നിന്ന് കാണാതായിട്ടുമുണ്ട്. ഉദ്യോഗസ്ഥര്‍ അടക്കമുള്ള പ്രമുഖര്‍ക്കായിരുന്നു കുട്ടികളെ കാഴ്ച വെച്ചിരുന്നത്.
രാജ്യത്ത് നിരവധി അഭയകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വലിയ പങ്കും അശരണരെയും നിരാലംബരെയും സംരക്ഷിക്കുക എന്ന നല്ല ഉദ്ദേശ്യത്തോടെ സാമൂഹിക പ്രതിബദ്ധതയുള്ള സുമനസ്സുകള്‍ നടത്തുന്നതാണ്.

ഉറ്റവര്‍ അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തവര്‍ക്ക് ഇവ സുരക്ഷിത കേന്ദ്രങ്ങളുമാണ്. ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ക്ക് സമൂഹത്തില്‍ നിന്നും സര്‍ക്കാറില്‍ നിന്നും നല്ല പിന്തുണയും ലഭിക്കുന്നുണ്ട്. എന്നാല്‍, ദുഷ്ട മനസ്‌കര്‍ അഭയ കേന്ദ്രങ്ങളെയും മഠങ്ങളെയും ലൈംഗിക ചൂഷണത്തിനും മാംസക്കച്ചവടത്തിനുമായി ഉപയോഗപ്പെടുത്തുന്നുണ്ട്. കേരളത്തിലെ പ്രമുഖ മഠത്തില്‍ നേരിടേണ്ടിവന്ന ലൈംഗിക ചൂഷണവും ദുരനുഭവങ്ങളും ഗെയ്ല്‍ ട്രെഡ്‌വെല്‍ എന്ന ആസ്‌ത്രേലിയന്‍ വനിത തുറന്നെഴുതിയതാണ്. അന്തേവാസികളായ പെണ്‍കുട്ടികളെ ഉപയോഗപ്പെടുത്തി പണമുണ്ടാക്കുകയാണ് പല ‘അഭയ കേന്ദ്രങ്ങളും’ മഠങ്ങളും നടത്തുന്നതിന്പിന്നിലെ താത്പര്യം. സ്ഥാപനങ്ങളിലെ അന്തേവാസികളെ മയക്കുമരുന്ന് നല്‍കിയും ബലാത്കാരമായും ഉന്നതര്‍ക്ക് കാഴ്ച വെക്കുന്നു. പലപ്പോഴും ഉന്നത ഉദ്യോഗസ്ഥരായിരിക്കും ഉപയോക്താക്കളെന്നതിനാല്‍ നിയമ നടപടികളെ ഭയക്കേണ്ടതുമില്ല. ബിഹാറിലും യു പിയിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടതതില്‍ നടത്തപ്പെടന്ന ‘അഭയ കേന്ദ്ര’ങ്ങളിലാണ് മാംസക്കച്ചവടവും ലൈംഗിക ചൂഷണവും നടക്കുന്നതെന്നതാണ് പരിതാപകരം. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തേണ്ടവര്‍ അവരെ പിച്ചിച്ചീന്തുകയാണ്. ഇനിയും ഇത്തരം കൊടിയ ചൂഷണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അഭയ കേന്ദ്രങ്ങളിലെ അന്തേവാസികളെ ദുരുപയോഗം ചെയ്ത കാപാലികരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതും അവരുടെ തനിനിറം സമൂഹത്തിന് മുമ്പില്‍ അനാവരണം ചെയ്യേണ്ടതുമുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമത്തിനു മുമ്പില്‍ നിന്ന് രക്ഷപ്പെടാതിരിക്കണമെങ്കില്‍ ഇതു സംബന്ധിച്ചുള്ള കേസുകള്‍ പുറത്തുനിന്നുള്ള ഏജന്‍സി അന്വേഷിക്കുന്നതാണ് ഉചിതം.