ചര്‍ച്ചിലിനെ സമനിലയില്‍ പിടിച്ച് ഗോകുലം

Posted on: November 30, 2018 7:17 pm | Last updated: November 30, 2018 at 9:08 pm

കോഴിക്കോട്: ഐ ലീഗ് ഫുട്ബാളില്‍ ഗോകുലം കേരള എഫ് സി- ചര്‍ച്ചില്‍ ബ്രദേഴ്‌സ് പോരാട്ടം സമനിലയില്‍ പിരിഞ്ഞു ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. സ്വന്തം തട്ടകത്തില്‍ ഒരു ഗോള്‍ ലീഡ് വഴങ്ങിയ ഗോകുലം ഏറെ വൈകാതെ തന്നെ തിരിച്ചടിച്ചാണ് മത്സരം സമനിലയിലാക്കിയത്. കൡതുടങ്ങി അഞ്ചാം മിനുട്ടില്‍ വില്ലിസ് പ്ലാസയാണ് ചര്‍ച്ചിലിനായി വല കുലുക്കിയത്. എന്നാല്‍, രണ്ടാം പകുതിയില്‍ തന്നെ കേരളം ഗോള്‍ മടക്കി. 36ാം മിനുട്ടില്‍ അര്‍ജുന്‍ ജയരാജാണ് സമനില ഗോള്‍ നേടിയത്.

ആറ് കളികളില്‍ നിന്ന് പത്ത് പോയിന്റുമായി ചര്‍ച്ചില്‍ ലീഗില്‍ രണ്ടാമതും ആറ് കളികളില്‍ നിന്ന് ഒമ്പത് പോയിന്റുള്ള ഗോകുലം മൂന്നാമതും തുടരുകയാണ്. ആറ് കളികളില്‍ നിന്ന് 16 പോയിന്റുള്ള ചെന്നൈ സിറ്റിയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഷില്ലോംഗ് ലജോംഗിനേയും (3-1), നിലവിലെ ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബിനെയും (1-0) കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലം കളത്തിലിറങ്ങിയത്. കരുത്തരായ മോഹന്‍ബഗാനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയെത്തിയ ചര്‍ച്ചിലിനെ സമനിലയില്‍ പിടിക്കാന്‍ കഴിഞ്ഞത് ഗോകുലത്തിന്റെ ആത്മവിശ്വാസം കൂട്ടും. ഡിസംബര്‍ എട്ടിന് ഈസ്റ്റ് ബംഗാളുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.