Connect with us

Kerala

കണ്ണൂര്‍ വിമാനത്താവളം: ഈ സവിശേഷതകള്‍ അറിഞ്ഞിരിക്കാം.....

Published

|

Last Updated

കണ്ണൂര്‍: അടുത്ത മാസം ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുന്നത് വലിയ മുന്നൊരുക്കങ്ങളോടെയാണ്. അത്യാധുനിക സാങ്കേതിക വിദ്യകളാലും മികച്ച സൗകര്യങ്ങളാലും കണ്ണൂര്‍ വിമാനത്താവളം വ്യത്യസ്തമാകും. ഇന്ത്യയില്‍ ഒരു വിമാനത്താവളത്തിലും ഇല്ലാത്ത ഇന്‍ലൈന്‍ എക്‌സറേ, അപൂര്‍വം വിമാനത്താവളങ്ങളില്‍ മാത്രമുള്ള സെല്‍ഫ് ചെക്കിംഗ് മെഷീന്‍, സെല്‍ഫ് ബാഗേജ് ഡ്രോപ്പ് മെഷീന്‍ തുടങ്ങിയ കണ്ണൂരിന്റെ സവിശേഷതകളാണ്.

കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് വ്യത്യസ്തമായി പോകുന്നതിനും വരുന്നതിനും പ്രത്യേകം ഫ്‌ളോറുകളാണുള്ളത്. എമിഗ്രേഷന്‍, കസ്റ്റംസ് ചെക്കിംഗിന് 32 കൗണ്ടറുകളുണ്ട്. ഇതില്‍ 24 എണ്ണം ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം തുടങ്ങും. യാത്രക്കാരുടെ ലഗേജുകള്‍ സ്വീകരിക്കുന്നതിനുള്ള ബാഗേജ് റിട്രീവല്‍ ബെല്‍റ്റ് മൂന്നണ്ണമാണ്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ഓരോന്നും തിരക്കിന് അനുസരിച്ച് ഇരു ഭാഗത്തിനുമായി മാറ്റാന്‍ കഴിയുന്ന തരത്തില്‍ മറ്റൊന്നും പ്രവര്‍ത്തിക്കും. യാത്രക്കാര്‍ക്കായി ആറ് എയ്‌റോ ബ്രിഡ്ജുകളാണ് ആദ്യഘട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്.

ആറ് നിലകളിലായാണ് ടെര്‍മിനല്‍ കെട്ടിടം. കിയാല്‍ അധികൃതരുടെ വിവിധ ഓഫീസകള്‍, സി ഐ എസ് എഫ് ഓഫീസ്, കാന്റീന്‍ വിവിധ ഏയര്‍വേയ്‌സ് ഓഫീസുകള്‍ തുടങ്ങിയവയാണ് ബേസ്‌മെന്റില്‍ പ്രവര്‍ത്തിക്കുക. രണ്ടാം നിലയിലാണ് ആഗമന യാത്രക്കാരുടെ ലഗേജ് ലഭിക്കുന്നതിനുള്ള സൗകര്യം. വിമാനത്തില്‍ നിന്നും ലഗേജുകള്‍ മൂന്നാം നിലയിലാണ് എത്തിക്കുക. ഇവിടേക്ക് യാത്രക്കാര്‍ക്ക് പ്രവേശനമില്ല. എമിഗ്രേഷന്‍, കസ്റ്റംസ് ചെക്കിംഗ് കേന്ദ്രങ്ങള്‍ നാലാം നിലയിലാണ്. ആഗമന യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷം നാലാമത്തെ ഫ്‌ളോറിലാണ് എത്തിച്ചേരുക.

ചെക്കിംഗും മറ്റും പൂര്‍ത്തിയാക്കിയ ശേഷം ആഭ്യന്തര യാത്രക്കാര്‍ വിമാനത്തിനായി കാത്തിരിക്കുക അഞ്ചാമത്തെ ഫ്‌ളോറിലാണ്. ആറാമത്തെ ഫ്‌ളോറാണ് അന്താരാഷ്ട്ര യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രം. ഡ്യൂട്ടിഫ്രീ അടക്കമുള്ള വലിയ ഷോപ്പിംഗ് കേന്ദ്രങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കും. ടെര്‍മിനലിനോട് ചേര്‍ന്നും അഞ്ച്, ആറ് ഫ്‌ളോറുകളിലും ടീ, സ്‌നാക്‌സ് ഷോപ്പുകളുണ്ടാകും. കൂടാതെ ബാത്ത്‌റൂമുകളും സ്ത്രീകള്‍ക്ക് കുട്ടികളെ പരിചരിക്കുന്നതിനുള്ള കേന്ദ്രങ്ങളും ഉണ്ടാകും.

എസ്‌കലേറ്റര്‍, ലിഫ്റ്റുകള്‍ അടക്കമുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചറിയിക്കുന്ന കലാരൂപങ്ങളുടെ ചിത്രങ്ങളാല്‍ ചുമരുകള്‍ അലങ്കരിച്ചിട്ടുണ്ട്. 3000 മീറ്റര്‍ പൂര്‍ത്തിയായ റണ്‍വേ 4000 മീറ്ററാക്കി ദീര്‍ഘിപ്പിക്കുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഇതിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ടെര്‍മിനല്‍ സ്‌റ്റേഷന്റെ കിഴക്കുഭാഗത്ത് കാറ്റഗറി ഒന്നില്‍പ്പെട്ട അത്യാധുനിക ലൈറ്റിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

ആദ്യ റണ്‍വെ വികസിപ്പിക്കുന്നതോടെ ഈ സംവിധാനം പടിഞ്ഞാറ് ഭാഗത്തേക്ക് വ്യാപിക്കും. ബി പി സി എല്ലിന്റെ നേതൃത്വത്തിലാണ് വിമാനം ഇന്ധനം നിറക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. നിലവില്‍ ടാങ്കറുകളില്‍ ഇന്ധനം എത്തിക്കുകയാണ് ചെയ്യുക. സമീപ ഭാവിയില്‍ തന്നെ അണ്ടര്‍ ഗ്രൗണ്ടിലൂടെ വിമാനത്താവളത്തിന് ഉള്ളിലേക്ക് ഇന്ധനം എത്തിക്കുന്നതിനുള്ള പ്രവൃത്തി തുടങ്ങും.

വിമാനത്താവളത്തിലേക്ക് നാല് വരിയില്‍ ആറ് റോഡുകള്‍ വികസിപ്പിക്കുന്ന പ്രവൃത്തികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞു. വിമാനത്താവളത്തിലേക്ക് റെയില്‍വേ സര്‍വീസ് ആരംഭിക്കുന്നതിനുള്ള അപേക്ഷ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. സമീപ ഭാവിയില്‍ തന്നെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നായി കണ്ണൂര്‍ വിമാനത്താവളം മാറുമെന്ന പ്രതീക്ഷയാണ് അധികൃതര്‍ പങ്കുവെക്കുന്നത്.

---- facebook comment plugin here -----

Latest