മതേതര രാജ്യമാകൂ, തീവ്രവാദം അവസാനിപ്പിക്കൂ; പാക്കിസ്ഥാനുമായി നല്ല ബന്ധത്തിനു തയ്യാര്‍- സൈനിക മേധാവി ബിപിന്‍ റാവത്ത്

Posted on: November 30, 2018 3:33 pm | Last updated: November 30, 2018 at 3:33 pm

ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരായ ശക്തമായ നടപടികളെടുക്കുകയും മതേതര രാജ്യമായി മാറാന്‍ തയ്യാറാവുകയും ചെയ്താല്‍ മാത്രമെ പാക്കിസ്ഥാനുമായി ഇന്ത്യക്കു നല്ല ബന്ധം സ്ഥാപിക്കാനാകൂവെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തുന്നതിനും സമാധാനപരമായ ബന്ധമുണ്ടാക്കുന്നതിനും താത്പര്യമറിയിച്ച് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബന്ധം നന്നാക്കുന്നതിന് നിരവധി തവണ ഇന്ത്യ മുന്നോട്ടു വന്നിരുന്നു. ഇനി പാക്കിസ്ഥാന്റെ ഊഴമാണ്. ശക്തമായ തീവ്രവാദ വിരുദ്ധ നടപടികള്‍ സ്വീകരിക്കാന്‍ അയല്‍രാഷ്ട്രം തയ്യാറാകണം. ഇന്ത്യയെ പോലെ മതേതര രാജ്യമായാല്‍ പാക്കിസ്ഥാനുമായി ഉഭയകക്ഷി സൗഹാര്‍ദം സാധ്യമാകും. തീവ്രവാദവും സമാധാന ചര്‍ച്ചകളും ഒരുമിച്ചു പോകില്ല- റാവത്ത് പറഞ്ഞു.
സമാധാന നീക്കങ്ങളില്‍ ഇന്ത്യ ഒരു ചുവടു മുന്നോട്ടു വച്ചാല്‍ പാക്കിസ്ഥാന്‍ രണ്ടു ചുവടു വെക്കുമെന്ന് ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.