ശബരിമലയില്‍ അന്നദാനത്തിന് കരാര്‍ ആര്‍എസ്എസ് സംഘടനക്ക്

Posted on: November 30, 2018 11:28 am | Last updated: November 30, 2018 at 12:49 pm

പമ്പ: പമ്പയിലും നിലക്കലും അന്നദാനത്തിന് ആര്‍എസ്എസ് അനുകൂല സംഘടനയായ അയ്യപ്പസേവ സമാജത്തിന് കരാര്‍ നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. അന്നദാന ഫണ്ടില്‍ പണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഇത് സംബന്ധിച്ച് കരാറില്‍ ഇരുവിഭാഗവും ഉടന്‍ ഒപ്പിടും.

ശബരിമലയില്‍ പ്രതിഷേധ സമരം നടത്തിയ സംഘടനയാണ് അയ്യപ്പ സേവ സമാജമെന്നതാണ് ശ്രദ്ധേയം. ചൊവ്വാഴ്ച ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. മുമ്പ് അന്നദാനം നടത്തിയ സംഘടനകള്‍ വ്യാപക പണപ്പിരിവ് നടത്തുകയും ശുചീകരണപ്രവര്‍ത്തികള്‍ കാര്യക്ഷമമായി നടത്താതിരിക്കുകയും ചെയ്തതോടെയാണ് ഹേക്കോടതി ഇടപെട്ട് അന്നദാന നടത്തിപ്പ് ദേവസ്വം ബോര്‍ഡിനെ നിശ്ചയിച്ചത്. മുൂന്ന് വര്‍ഷമായി ബോര്‍ഡാണ് അന്നദാനം നടത്തുന്നത്. എന്നാല്‍ ഈ വര്‍ഷം തീര്‍ഥാടകരുടെ വരവ് കുറയുകയും അന്നദാന ഫണ്ടില്‍ പണമില്ലാതെ വരികയും ചെയ്തതോടെയാണ് സന്നദ്ധ സംഘടനയെ അന്നദാനം ഏല്‍പ്പിക്കുന്നതെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്.

2008 ല്‍ കുമ്മനം രാജശേഖരനാണ് അയ്യപ്പസേവ സമാജം രൂപീകരിക്കുന്നത്. ശബരിമല സമരവുമായി ബന്ധപ്പെട്ട സമവായശ്രമത്തിന്റെ ഭാഗമായാണ് കരാറെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.