Connect with us

Articles

സൂക്ഷിക്കുക, വാട്‌സാപ്പെറ്റിസ് കാത്തിരിക്കുന്നുണ്ട്‌

Published

|

Last Updated

എന്താണ് വാട്‌സാപ്പെറ്റിസ്? പേരിലുള്ളത് പോലെ, വാട്‌സാപ്പിന്റെ അമിതമായ ഉപയോഗം സൃഷ്ടിക്കുന്ന രോഗാവസ്ഥയാണ് അത്. പ്രമുഖ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലായ “ദ ലാന്‍സെറ്റ്” ആണ് ആദ്യമായി ഈ രോഗത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്- 2014ല്‍. മുപ്പത്തിനാലുകാരിയായ ഗര്‍ഭിണിയായിരുന്നു രോഗി. ക്രിസ്മസ് ദിവസത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആശംസാ മെസ്സേജുകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അവര്‍. ഇരു വിരലുകളും ഉപയോഗിച്ച് നിരന്തരമായ ചാറ്റിംഗ്. ദീര്‍ഘമായ ആറു മണിക്കൂര്‍ പോയതറിഞ്ഞില്ല!

പിറ്റേന്ന് രാവിലെ കൈക്കുഴയുടെ ഇരുപാര്‍ശ്വങ്ങളിലും അസഹ്യമായ വേദനയോടു കൂടിയാണ് അവര്‍ ഉറക്കമുണര്‍ന്നത്. വിശദമായ വൈദ്യപരിശോധനക്കുശേഷം ഇതൊരു പുതിയ രോഗമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. രോഗത്തിന് പേരിടാന്‍ കൂടുതല്‍ ആലോചന വേണ്ടിവന്നില്ല. വാട്‌സാപ്പെറ്റിസ്.
സാമൂഹിക മാധ്യമങ്ങളും മറ്റ് മെസേജിംഗ് ആപ്പുകളും തുടര്‍ച്ചയായി ദീര്‍ഘനേരം ഉപയോഗിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ശാരീരിക അസ്വാസ്ഥ്യമാണ് അത്. ദീര്‍ഘനേരം മൊബൈല്‍ സ്‌ക്രീനില്‍ ഇരു കൈകളിലെയും വിരലുകള്‍ ഉപയോഗിക്കുന്നതിന്റെ ഫലമായി കൈക്കുഴയുടെ പേശികളിലും അസ്ഥികളിലും ഉണ്ടാകുന്ന അസഹ്യമായ വേദനയാണിത്.

പത്ത് വര്‍ഷംമുമ്പ് വരെയുള്ള ഒരു സമൂഹത്തിന് തീര്‍ത്തും അപരിചിതമായ ഈ രോഗം ഇന്ന് സാര്‍വത്രികമാണ്. ദ ലാന്‍സെറ്റ് പുറത്തുവിട്ട കണക്കുപ്രകാരം100 മുതല്‍ 125 വരെ വാട്‌സാപ്പെറ്റിസ് രോഗികള്‍ മാസംതോറും ഡോക്ടര്‍മാരെ സമീപിക്കുന്നുണ്ട്. ഇതില്‍ കൂടുതലും കൗമാരക്കാരായ വിദ്യാര്‍ഥികളാണ് എന്നതാണ് ശ്രദ്ധേയം. ഫിസിഷ്യന്‍മാരെ സമീപിക്കുന്ന രോഗികളുടെ എണ്ണത്തിന് പുറമേയാണ് ഈ വലിയ കണക്ക് എന്നറിയുമ്പോള്‍ എത്രത്തോളം വ്യാപകമാണ് ഈ രോഗം എന്ന് മനസ്സിലാക്കാന്‍ സാധിക്കും.
വളരെ നിസ്സാരവും വിനോദകരവും ആയ ഒരു പ്രവൃത്തിയില്‍ നിന്ന് മാരകവും സങ്കീര്‍ണവുമായ രോഗങ്ങള്‍ ഉണ്ടാവും എന്നത് പലര്‍ക്കും ഉള്‍ക്കൊള്ളാനും വിശ്വസിക്കാനും സാധിക്കില്ല. എത്ര നിസ്സാരമായ കാര്യമാണെങ്കിലും പരിധിവിട്ടാല്‍ ദോഷം ചെയ്യും എന്നതാണ് ഇവിടെയും കാണുന്നത്. അഞ്ചോ ആറോ മണിക്കൂര്‍ മൊബൈല്‍ ഉപയോഗിക്കുന്ന നമ്മുടെ വിരല്‍ത്തുമ്പില്‍ തന്നെ ഇത്തരം രോഗങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
സോഷ്യല്‍ മീഡിയ ഉപയോഗം മാത്രമല്ല ഇതിന് കാരണമാകുന്നത്. വീഡിയോ ഗെയിമുകളോടുള്ള അനിയന്ത്രിതമായ ആവേശവും അതിന്റെ അഡിക്റ്റ് ആയി തീരുന്നതും ഇത്തരം ശാരീരിക രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണമായേക്കും. യുവാക്കളിലും കൗമാരപ്രായക്കാരിലും ആണ് വ്യാപകമായി കാണപ്പെടുന്നതെങ്കിലും പ്രായഭേദമില്ലാതെ ഇത് ബാധിക്കാം. ദീര്‍ഘനേരം വീഡിയോ ഗെയിം കളിക്കുന്ന അമ്പത്താറുകാരിയായ സ്ത്രീയിലും വാട്‌സാപ്പെറ്റിസ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം കാരണം ഉണ്ടാവുന്ന ശാരീരിക രോഗങ്ങളുടെ പട്ടികയിലെ ആദ്യത്തെ ഉദാഹരണമല്ല വാട്‌സാപ്പെറ്റിസ്. ഇതിന് ചില മുന്‍ഗാമികള്‍ കൂടി ഉണ്ട്. പക്ഷേ, അത് മെസ്സേജ് ആപ്പുകള്‍ വഴിയായിരുന്നില്ല. വീഡിയോ ഗെയിമുകള്‍ കണ്ടുപിടിക്കുകയും അതിന്റെ ലഹരി കൗമാരക്കാരില്‍ പടര്‍ന്നു പിടിക്കുകയും ചെയ്ത കാലത്തായിരുന്നു അത്.
1990കളില്‍ കണ്ടെത്തിയ “ഗെയിം ബോയ്” എന്ന വീഡിയോ ഗെയിമിന്റെ അമിതോപയോഗം മൂലം രൂപപ്പെട്ട  Nintendo Thumb എന്ന രോഗത്തോടാണ് ഇന്ന് വ്യാപകമായ വാട്‌സാപ്പെറ്റിസിനെ ബന്ധപ്പെടുത്താറുള്ളത്. RSI (Reparative Stress Injury)എന്ന ഗണത്തിലാണ് വാട്‌സാപ്പെറ്റിസിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ എത്തിക്‌സ് മുന്‍ എഡിറ്ററും സീനിയര്‍ ഓര്‍ത്തോപീഡിക് സര്‍ജനുമായ ഡോ. ജോര്‍ജ് തോമസ് വിശദീകരിക്കുന്നു. ഇത്തരം രോഗങ്ങള്‍ പ്രധാനമായും നാം ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി ബന്ധപ്പെട്ടതാണ്. മുമ്പ് ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്തിയത് പവര്‍ഫുള്‍ ആയ ഉപകരണങ്ങളില്‍ നിന്നാണ്. എന്നാല്‍ ഇന്ന് അത് മൗസ്, കീബോര്‍ഡ്, മൊബൈല്‍, ടാബ്ലെറ്റ് പോലുള്ള മൃദു ഉപകരണങ്ങളില്‍ (Soft Tools)െനിന്നാണ് ബാധിക്കുന്നത്.

സാങ്കേതികവിദ്യകള്‍ വിപ്ലവകരമായ വികാസം പ്രാപിച്ച പുതിയ കാലത്ത് സോഷ്യല്‍ മീഡിയയുടെ ഉപയോഗം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. സമൂഹത്തിലെ നാനാതുറകളിലുമുള്ള ജനങ്ങള്‍ സാമൂഹിക മാധ്യമങ്ങളുടെ അടിമയായി കൊണ്ടിരിക്കുന്നു. ലോകജനസംഖ്യയുടെ നാലില്‍ ഒരാള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം ഇടപെടുന്നുണ്ടെന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്. അടുത്തിടെയായി ഫേസ്ബുക്ക് കമ്പനി 14 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് വാട്‌സാപ്പിനെ സ്വന്തമാക്കിയത് അതിന്റെ ജനപ്രീതിയും സ്വാധീനവും കണ്ട് മാത്രമാണ്.

ടെക്‌നോളജിയുടെ ദ്രുതഗതിയിലുള്ള മുന്നോട്ടുള്ള ഗമനം നമ്മുടെ ജീവിത രീതികളിലും ഇടപെടുന്ന മേഖലകളിലും സമൂലമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. മനുഷ്യന്റെ ശാരീരിക മാനസിക സന്തുലനത്തേയും മനോ നിലയേയും കാര്യമായി ബാധിക്കുന്ന രീതിയില്‍ തന്നെ അത് വികാസം പ്രാപിച്ചിട്ടുണ്ട്. ടെക്‌നോളജിക്ക് ആഴത്തില്‍ അടിമയായ ഒരു സമൂഹമെന്ന നിലയില്‍ അതിന്റെ അനന്തര ഫലമായി നമുക്കിടയില്‍ രൂപപ്പെടുന്ന മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇന്ന് വിരളമല്ല. വാട്‌സാപ്പെറ്റിസ്, ടെനോസിനോവിറ്റീസ്, ടെന്‍ടിനിറ്റിസ് തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടതാണ്.

പ്രതിരോധം സാധ്യമാണോ?
സോഷ്യല്‍ മീഡിയയിലും വീഡിയോ ഗെയിമുകളിലും നിരന്തരം ഇടപെടുന്ന നമുക്ക് വാട്‌സാപ്പെറ്റിസ് ഒരിക്കലും വിദൂരത്തല്ല. നമ്മുടെ സംസ്‌കാരവും ദിനചര്യകളും ഒരു സ്‌ക്രീനിലേക്ക് ഒതുങ്ങിക്കൂടിയ ഈ കാലത്ത് പ്രത്യേകിച്ചും. വാട്‌സാപ്പെറ്റിസിനെ പ്രതിരോധിക്കാന്‍ മൊബൈല്‍ ഉപയോഗം നിര്‍ത്തലാക്കുക എന്നത് പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം എലിയെപ്പേടിച്ച് ഇല്ലം ചുടുന്നത് പോലെയായിരിക്കും. എന്നാല്‍ അനിയന്ത്രിതമായ ഉപയോഗം ക്രമേണ കുറക്കാന്‍ നമുക്ക് സാധിക്കും. ഈ രോഗത്തെ പ്രതിരോധിക്കാന്‍ Non Steroidal And anti-Inflammatory Drugsഎന്ന ചികിത്സാരീതിയാണ് ഈ മേഖലയിലുള്ള ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ള മെസ്സേജിംഗ് ആപ്പുകളുടെ ഉപയോഗം നിയന്ത്രിക്കല്‍ നമുക്ക് അനിവാര്യമായിരിക്കുന്നു. ഗുരുതരമായ സന്ധി വേദനകള്‍ അനുഭവിക്കുന്നതോടുകൂടിയാണ് വാട്‌സാപ്പെറ്റിസിന് തുടക്കമാവുന്നത്. പ്രാരംഭ ദശയില്‍ തന്നെ വൈദ്യസഹായം തേടിയാല്‍ മാരകമായ ഈ രോഗത്തില്‍ നിന്ന് നമുക്ക് മുക്തി നേടാനാവും.