കോട്ട കടന്ന് ചുരം ചുറ്റി

muhammedshafithayyil202 @gmail.com
Posted on: November 28, 2018 7:48 pm | Last updated: November 28, 2018 at 7:49 pm

കാസര്‍കോട് ചിക്ക്മാംഗ്ലൂര്‍ വഴിയാണ് ദാദാഹയാത്തിലേക്ക് മൂന്ന് ദിവസത്തെ യാത്ര പ്ലാന്‍ ചെയ്തത്. ട്രെയിന്‍ റിസര്‍വേഷനോ വലിയ ആസൂത്രണങ്ങളോ ഇല്ലാതെയള്ള സിമ്പിളന്‍ യാത്ര. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഒരു കി.മീ മാത്രം അകലെ തളങ്കരയില്‍ ചന്ദ്രഗിരി പുഴയോരത്ത് സ്ഥിതി ചെയ്യുന്ന മാലിക് ദീനാര്‍ മസ്ജിദാണ് ആദ്യ സന്ദര്‍ശന കേന്ദ്രം. തുടര്‍ന്ന് ബേക്കല്‍ കോട്ട. കോട്ട കാണാന്‍ ഇറങ്ങിയ ഞങ്ങള്‍ക്ക് മുന്നില്‍ ഒരു കവാടം പോലും ദൃഷ്ടിയില്‍പ്പെട്ടില്ല. നൂറ് മീറ്റര്‍ മുന്നോട്ട് നടന്നപ്പോള്‍ കണ്ടു, വലിയൊരു കവാടം. 40 ഏക്കറിലധികം പരന്നു കിടക്കുന്ന ബേക്കല്‍ കോട്ടയുടെ സുന്ദര കാഴ്ച. രാജവംശങ്ങളുടെ കഴിവും വസ്തുശില്‍പ്പ മികവും തെളിയിക്കുന്നതായിരുന്നു കവാടം. ഈ പ്രദേശം പണ്ട് കദംബ രാജവംശത്തിന്റെയും മൂഷിക രാജവംശത്തിന്റെയും കോലത്തിരി രാജാക്കന്മാരുടെയും കീഴിലായിരുന്നു. ഇടക്ക് കൂട്ടുകാരുടെ മുഖത്ത് നോക്കുമ്പോള്‍ അവര്‍ അറിവ് നിറക്കാനുള്ള ജിജ്ഞാസയിലാണ്. ഞാന്‍ തുടര്‍ന്നു. 1565 ലെ തളിക്കോട്ട യുദ്ധത്തില്‍ വിജയനഗരം പരാജയപ്പെട്ടതിന് ശേഷം പ്രദേശം ബദിനൂര്‍ രാജാവിന്റെ അധീനതയിലായി.

കുംബ്ലയിലെ ഇക്കേരി നായ്ക്കന്മാര്‍ എന്നറിയപ്പെടുന്ന ബദിനൂര്‍ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക് 1650ലാണ് ഈ കോട്ട നിര്‍മിച്ചതെന്ന് ചരിത്രം പറയുന്നു. 1763നോടടുത്ത് കോട്ട മൈസൂര്‍ രാജാവായിരുന്ന ഹൈദരലി കൈയടക്കി. മകന്‍ ടിപ്പുവിന്റെ പരാജയത്തിന് ശേഷം 1791ല്‍ കോട്ട ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍ ബ്രിട്ടീഷ് അധീനതയിലായി. മൂന്ന് മണിക്കൂര്‍ കൊണ്ട് 40 ഏക്കര്‍ എങ്ങനെ നടക്കുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും സൗഹൃദം പറഞ്ഞും സ്‌നേഹം കൈമാറിയും ആത്മബന്ധം ഊട്ടിയുറപ്പിച്ചും മുന്നോട്ട് നടന്നപ്പോള്‍ ഏക്കറുകള്‍ സെന്റുകളായി മാറി. ജുമുഅ വാങ്ക് വിളിക്കാറായപ്പോള്‍ ഞങ്ങള്‍ കോട്ട വിട്ടു. അടുത്തുള്ള ജുമുഅ മസ്ജിദിനും ഒരു കഥ പറയാനുണ്ട്. ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ച പുരാതന പള്ളിയാണിത്. കോട്ടക്കകത്തെ ക്ഷേത്രവും വെളിയിലെ പള്ളിയും പഴയ കാല മത സൗഹാര്‍ദത്തിന്റെ കെട്ടുറപ്പിനെ വിളിച്ചോതുന്നു.

ബണ്ട്വാള്‍- ഉജിറെ- മൂഡിഗരെ വഴി
ബേക്കല്‍ ബീച്ചിലൂടെ സഞ്ചരിക്കുമ്പോള്‍ ഇറ്റലിക്കാരനായ ഡൊണാള്‍ഡ് എന്ന സാഹസിക സഞ്ചാരി ഞങ്ങള്‍ക്ക് അതിഥിയും കൂട്ടുകാരനുമായി. ഒരുപാട് നേരം കുശലം പറഞ്ഞു. ഇറ്റലിയുടെ സൗകുമാര്യത കാണാന്‍ ഞങ്ങളെ പ്രത്യേകം ക്ഷണിക്കാനും അദ്ദേഹം മറന്നില്ല. വൈകിട്ട് അഞ്ച് മണിക്ക് ഉള്ളാളില്‍ എത്തണമെന്നാണ് പ്ലാന്‍ ചെയ്തത്. സന്ധ്യയോടെ മദനി തങ്ങളുടെ ചാരത്തെത്തി. പതുക്കെ സലാം പറഞ്ഞു ഭവ്യതയോടെ ചാരത്തിരുന്നു. ഇരു കരങ്ങളും നാഥനിലേക്കുയര്‍ത്തി പ്രാര്‍ഥന നിര്‍വഹിച്ച് ഞങ്ങളിറങ്ങി. പിറ്റേന്ന് രാവിലെ അഞ്ച് മണിക്ക് യാത്ര ആരംഭിക്കണമെന്നാണ് പ്ലാന്‍ ചെയ്തത്. അതിനാല്‍ മദനി തങ്ങളുടെ ചാരത്ത് തന്നെ അന്തിയുറങ്ങി. നിമിഷ നേരം കൊണ്ട് മിഴികളടഞ്ഞെങ്കിലും മനസ്സ് മുഴുവനും ദാദാഹയാത്തിലെ സ്വപ്‌ന ഭൂമിയില്‍ അലഞ്ഞു നടക്കുകയായിരുന്നു. ഉറക്കച്ചടവുകളെല്ലാം നീക്കി പ്രഭാത പ്രാര്‍ഥനയും കഴിഞ്ഞ് മംഗലാപുരം ബസ് കയറി ബജയ് സ്റ്റാന്‍ഡില്‍ ഞങ്ങളിറങ്ങി. ഇനി നീണ്ട അഞ്ച് മണിക്കൂര്‍ യാത്ര, മനസ്സിന്റെ ചില്ലുകൂട്ടില്‍ കുളിര് നിറച്ചിട്ട ചിക്ക്മാംഗ്ലൂരിലേക്ക്. ബണ്ട്വാള്‍- ഉജിറെ- മൂഡിഗരെ വഴിയുള്ള ചിക്ക്മാംഗ്ലൂര്‍ യാത്രയില്‍ ഹരിതഭംഗിയൂറുന്ന വഴിയോരങ്ങള്‍ മനോഹാരിത സമ്മാനിച്ചപ്പോള്‍ 180 കി.മീ അത്ര വലിയ ദൂരമാണെന്ന് തോന്നിയതേയില്ല. ചെറുമാടി തൊട്ട് കൊട്ടിഗാഹറ വരെ 35 കി.മീ ഓളം ചുരം കയറാനുണ്ട്. മുകളിലേക്ക് കയറുംതോറും കാഴ്ചയുടെ സുന്ദര ഭൂമികള്‍ തെളിഞ്ഞു വരുന്നു. കണ്ണിനും മനസ്സിനും കുളിര്‍മയേകുന്ന താഴ്‌വാരങ്ങളിലൂടെയുള്ള യാത്ര വേറിട്ട അനുഭവമായി. കൃത്യം 12.05ന് ചിക്ക്മാംഗ്ലൂരില്‍ ബസ്സിറങ്ങി. യാത്രയുടെ ആനന്ദത്തില്‍ പ്രാതല്‍ മറന്നതോര്‍മ വന്നത് കൂട്ടുകാരന്‍ ഫാറൂഖ് ഉണര്‍ത്തിയപ്പോഴാണ്. പ്രാതലും ഉച്ചഭക്ഷണവും സംയോജിപ്പിച്ച് ബ്രഞ്ച് ആക്കാം. ഇംഗ്ലീഷ് ഗ്രാമര്‍ ക്ലാസില്‍ പഠിച്ച ബ്രഞ്ചിന്റെ പ്രായോഗികതയും കൂടിയായി. അടുത്തുള്ള ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു.

പച്ചപ്പണിഞ്ഞ് ബാബ ബുധന്‍ ഗിരി
ഒരു മണിക്കൂര്‍ വിശ്രമം കഴിഞ്ഞ് ദാദാഹയാത്തിലേക്ക്. പുറത്ത് നിര്‍ത്തിയിട്ട ബസില്‍ കയറി യാത്ര തുടര്‍ന്നു. ഇനി 35 കി.മീ ദൂരമാണ് ആ ആത്മീയ കേന്ദ്രത്തിലേക്കുള്ളത്. വളഞ്ഞു തിരിഞ്ഞുള്ള പാതയിലൂടെ മുന്നോട്ട് നീങ്ങുമ്പോള്‍ ചുറ്റിലേയും കാഴ്ചകള്‍ക്ക് ചന്തമേറിക്കൊണ്ടിരുന്നു. റോഡിന്റെ ഇരുവശങ്ങളിലുമായി മാനംമുട്ടെ നില്‍ക്കുന്ന പച്ചപ്പ് വല്ലാത്തൊരഴകായിരുന്നു. കൂട്ടത്തില്‍ വഴിയോരങ്ങളിലെ കാട്ടരുവികളുടെ സംഗീതം യാത്രയ്ക്ക് കുളിരു കൂട്ടി. കാഴ്ചകളില്‍ മതിമറന്നു നില്‍ക്കുന്നതിനിടെ ബാബ ബുധന്‍ ഗിരിയുടെ കവാടം മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അവിടെ ഇറങ്ങി. മലവെള്ളപ്പാച്ചില്‍ പോലെ സഞ്ചാരികളുടെ ഒഴുക്കാണവിടെ. കവാടത്തില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ അപ്പുറം യാത്രക്കാരെ ആകര്‍ഷിക്കുന്ന വ്യൂപോയിന്റും വെള്ളച്ചാട്ടവും ഉണ്ട്. അതിനാല്‍ കവാടത്തില്‍ യാത്രക്കാരെ പ്രതീക്ഷിച്ചു നില്‍ക്കുന്ന ഒരുപറ്റം ജീപ്പ് ഡ്രൈവര്‍മാര്‍ വില പേശുന്നുണ്ട്. ഞങ്ങളതൊന്നും ശ്രദ്ധിക്കാതെ കാല്‍നടയായി പോകാന്‍ തീരുമാനിച്ചു. ഒരുപാട് താഴ്‌വാരകളും കുന്നുകളും കയറിയിറങ്ങി ഓടുമ്പോള്‍ സഫാ മര്‍വക്കിടയിലെ ഹാജറാ ബീവിയുടെ ത്യാഗോജ്വലമായ യാത്ര മനസ്സില്‍ ഓളംവെട്ടി. പ്രകൃതി ഭംഗി യാത്രാ ദൈര്‍ഘ്യത്തെ മറച്ചുപിടിച്ചു. മുകളില്‍ ആദ്യം സ്വാഗതം ചെയ്തത് വാനരന്മാരുടെ നീണ്ട നിരയാണ്.

ഇനി ദാദാഹയാത്തിലെ അവസാന ലക്ഷ്യം നിറവേറാന്‍ പോവുകയാണ്. മുകളിലെ പാറക്കെട്ടില്‍നിന്ന് താഴെ പതിക്കുന്ന വെള്ളച്ചാട്ടം. കൂട്ടുകാരെല്ലാം തോര്‍ത്ത് മുണ്ടെടുത്ത് കുളിക്കാനിറങ്ങി. മുകളില്‍ നിന്ന് ആഞ്ഞു പതിക്കുന്ന തണുത്ത വെള്ളത്തുള്ളികള്‍, അഞ്ച് മിനുട്ടു പോലും പാറക്ക് ചുവട്ടില്‍ ഇരിക്കാന്‍ അനുവദിച്ചില്ല. തണുത്തു കോറുന്ന കൈകളില്‍ സെല്‍ഫിക്കോലെടുത്ത് നാലുഭാഗവും പകര്‍ത്തിയപ്പോള്‍ മങ്ങിയ ചിത്രങ്ങളായിരുന്നു ക്യാമറക്കണ്ണില്‍ പതിഞ്ഞത്. വൈകീട്ട് ആറ് മണിയാവാറായി. കവാടത്തിനടുത്ത് ബസ് ഞങ്ങളെയും കാത്തു നില്‍പ്പുണ്ട്. സമയം വൈകിയതിനാല്‍ താഴേക്ക് ജീപ്പ് തന്നെയായിരുന്നു ആശ്രയം. മലയിടുക്കിലെ ഗുഹക്കകത്തുള്ള ബാബയുടെ കബറിടവും സന്ദര്‍ശിച്ച് നാഥന്‍ വിരിച്ചുവച്ച പച്ചപ്പിനോട് വിടപറഞ്ഞ് ദാദാഹയാത്തില്‍ നിന്നും മൂന്ന് ദിവസത്തെ യാത്രക്ക് വിരാമം വീഴുമ്പോള്‍ തോമസ് ബ്രൗണ്‍ കുറിച്ചു വെച്ചതോര്‍മ വന്നു “Nature is the art of god’.
.