Connect with us

International

കര്‍താര്‍പൂര്‍ ഇടനാഴിക്ക് ശിലയിട്ടു

Published

|

Last Updated

കര്‍താര്‍പൂര്‍: ഇന്ത്യ-പാക് പ്രദേശങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചു നിര്‍മിക്കുന്ന കര്‍താര്‍പൂര്‍ ഇടനാഴിക്ക് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ശിലയിട്ടു. സിഖ് മത സ്ഥാപകന്‍ ഗുരു നാനാക്കിനെ അടക്കം ചെയ്തിട്ടുള്ള പാക് കര്‍താര്‍പൂരിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര മുതല്‍ ഇന്ത്യയിലെ ഗുര്‍ദാസ്പൂര്‍ ജില്ലയിലുള്ള ദേര ബാബ നാനാക് ദേവാലയം വരെ നീളുന്ന പാതക്കാണ് ശില പാകിയത്.

ഇന്ത്യയിലെ സിഖ് തീര്‍ഥാടകര്‍ക്ക് കര്‍താര്‍പൂരിലെത്തി മതാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യാര്‍ഥമാണ് ഇടനാഴി നിര്‍മിക്കുന്നത്. ദേര ബാബ നാനാകില്‍ നിന്ന് നാലു കിലോമീറ്റര്‍ മാത്രം അകലെയാണ് പാക്കിസ്ഥാനിലെ രവി നദീതീരത്തു സ്ഥിതി ചെയ്യുന്ന കര്‍താര്‍പൂര്‍ ദര്‍ബാര്‍ സാഹിബ്. 1522ലാണ് സിഖ് ഗുരു ഇവിടെ ആരാധനാ കേന്ദ്രം സ്ഥാപിച്ചത്.

ആറു മാസത്തിനകം ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഗുരുനാനാക്കിന്റെ 550 ാം ജന്മവാര്‍ഷികാഘോഷം അടുത്ത വര്‍ഷം നടക്കാനിരിക്കെയാണ് ഇടനാഴിയുടെ നിര്‍മാണത്തിന് ആരംഭം കുറിച്ചത്.