സന്തുലിത സമൂഹങ്ങള്‍ സാമ്പത്തികമായി പുരോഗമിക്കും- ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്

Posted on: November 28, 2018 4:16 pm | Last updated: November 28, 2018 at 4:16 pm

അബുദാബി: സന്തുലിതമായ സമൂഹങ്ങള്‍ സാമ്പത്തികമായി പുരോഗമിക്കുമെന്ന് യു എ ഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ വ്യക്തമാക്കി. അബുദാബി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ഇന്ത്യ-യു എ ഇ സ്ട്രാറ്റജിക് കോണ്‍ക്ലേവില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശൈഖ് നഹ്‌യാന്‍.

47 വര്‍ഷം മുമ്പ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ സ്ഥാപിച്ച യു എ ഇയുടെ പ്രധാന സവിശേഷത സഹിഷ്ണുതയാണ്. സഹിഷ്ണുതയുടെ അര്‍ഥം നമ്മെ പഠിപ്പിച്ചത് അന്യോന്യം അറിഞ്ഞു ചെയ്യണമെന്നാണ്. 200 രാജ്യങ്ങളിലെ ജനങ്ങളാണ് യു എ ഇയില്‍ ജീവിക്കുന്നത്. സഹിഷ്ണുത സുരക്ഷക്ക് അത്യന്താപേക്ഷിതമാണ്, യു എ ഇയിലെ ജനങ്ങള്‍ സുരക്ഷിതവും സമാധാനപരമായ സമൃദ്ധിയും ആസ്വദിക്കുകയാണ് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി ഉദ്ഘാടനം ചെയ്തു.

ഇന്ത്യയും യു എ ഇയും തമ്മിലുള്ള വ്യാപാര ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് പുതിയ സമീപനം സ്വീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. യു എ ഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് പുറമെ വ്യാപാരവും തന്ത്രപ്രധാനമായ ബന്ധങ്ങളും വരും വര്‍ഷങ്ങളില്‍ ഗണ്യമായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

400ലേറെ വ്യവസായ പ്രമുഖരും 50 വിദഗ്ധരും ചടങ്ങില്‍ പങ്കെടുത്തു. ഇരുരാജ്യങ്ങളിലെയും നിക്ഷേപ പദ്ധതികള്‍ ഊര്‍ജിതമാക്കുന്നതോടൊപ്പം തുടക്കമിട്ട സംരംഭങ്ങളുടെ പുരോഗതി വിലയിരുത്തുകയുമാണ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമാക്കുന്നത്.
യു എന്‍ ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജമാല്‍ അല്‍ ജര്‍വാന്‍, ഷറഫ് ഗ്രൂപ്പ് വൈസ് ചെയര്‍മാനും യു ഐ ബി സി ചെയര്‍മാനുമായ ഷറഫുദ്ദീന്‍ ഷറഫ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി, ജഷന്മാല്‍ ഗ്രൂപ്പ് ഷെയര്‍ഹോള്‍ഡര്‍ മോഹന്‍ ജഷന്മാല്‍, എന്‍ എം സി ഹെല്‍ത് കെയര്‍ ചെയര്‍മാന്‍ ഡോ ബി ആര്‍ ഷെട്ടി, അപ്പോളോ ആശുപത്രി ജോയിന്റ് എം ഡി സംഗീത റെഡ്ഡി, ഖലീഫ ഇന്‍ഡസ്ട്രിയല്‍ സോണ്‍ അബുദാബി (കിസാഡ്) സി ഇ ഒ സമീര്‍ ചതുര്‍വേദി, ഓക്കെ പ്ലേ ഇന്‍ഡ്യ എം ഡി രാജന്‍ ഹാന്‍ഡ, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം ഡി അദീബ് അഹ്മദ് എന്നിവര്‍ പങ്കെടുത്തു.