യുഎഇയില്‍ വരുംദിവസങ്ങളിലും മഴ; അന്തരീക്ഷ ഊഷ്മാവ് കുറയും

Posted on: November 28, 2018 4:11 pm | Last updated: November 28, 2018 at 4:17 pm

ദുബൈ: വരുംദിവസങ്ങളിലും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ചിലയിടങ്ങളില്‍ ചാറ്റല്‍മഴ മാത്രമേ ഉണ്ടാകൂ. അന്തരീക്ഷം മേഘാവൃതമാകുകയും ചെയ്യും. അസ്ഥിര കാലാവസ്ഥ രാജ്യത്ത് അന്തരീക്ഷ ഊഷ്മാവ് കുറക്കുന്നതിന് വഴിയൊരുക്കും.
രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ രൂപപ്പെട്ട ന്യൂനമര്‍ദം മൂലമാണ് മഴ ലഭിച്ചത്.

അതേസമയം, രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഉയര്‍ന്ന വായു സമ്മര്‍ദം കൂടുതല്‍ മഴ മേഘങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇന്നലെ വൈകീട്ട് രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരുന്നു. ചിലയിടങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിച്ചു. ഇന്നലെ വെളുപ്പിന് 1.15ന് ജബല്‍ ജൈസില്‍ 8 ഡിഗ്രി സെല്‍ഷ്യസാണ് അന്തരീക്ഷ ഊഷ്മാവ് രേഖപെടുത്തിയത്. ജബല്‍ മിബ്രയിലിത് 4.30 ഓട് കൂടി 10 ഡിഗ്രി സെല്‍ഷ്യസായി. ദംത്ത ഏരിയയില്‍ 13.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്തരീക്ഷ ഊഷ്മാവ്.

വടക്ക് പടിഞ്ഞാറന്‍-വടക്ക് കിഴക്കന്‍ കാറ്റിന് മണിക്കൂറില്‍ 20 മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കും. ചിലപ്പോഴിത് മണിക്കൂറില്‍ 40 കിലോമീറ്റര്‍ എന്ന നിലയിലാകും. തുറസ്സായ സ്ഥലങ്ങളില്‍ പൊടിപടലങ്ങള്‍ ഉയരുന്നതിനും കാരണമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്.
തീര പ്രദേശങ്ങളില്‍ താമസിക്കുന്നവരോടും ജാഗ്രത പാലിക്കാന്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തിരമാലകള്‍ക്ക് ശക്തി പ്രാപിച്ചു ആറടിയോളം ഉയരുന്നതിനാല്‍ ബീച്ചുകളില്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ ശ്രദ്ധിക്കണം. അറേബ്യന്‍ കടല്‍ പ്രക്ഷുബ്ധമാകും. ഒമാന്‍ കടലും പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ന് അന്തരീക്ഷം മേഘാവൃതമാകും. രാത്രി സമയം അന്തരീക്ഷ ഈര്‍പം വര്‍ധിക്കും. നാളെ രാവിലെ മൂടല്‍ മഞ്ഞിനും സാധ്യതയുണ്ട്.
വെള്ളിയാഴ്ച തെളിഞ്ഞ കാലാവസ്ഥയാകുമെങ്കിലും രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ മേഘാവൃതമാവാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.