കൂര്‍ക്കംവലിയുണ്ടോ? പരിഹാരമുണ്ട്

Posted on: November 28, 2018 3:56 pm | Last updated: November 28, 2018 at 3:56 pm

പലരെയും അലട്ടുന്ന പ്രശ്‌നമാണ് കൂര്‍ക്കം വലി. സ്വന്തം ഉറക്കിനെ മാത്രമല്ല മറ്റുള്ളവരുടെ ഉറക്കിനെകൂടി അത് തടസ്സപ്പെടുത്തും. മൂക്ക് മുതല്‍ ശ്വാസകോശത്തിന്റെ തുടക്കം വരെ ഉള്ള ശ്വാസനാളത്തില്‍ ഉണ്ടാകുന്ന തടസ്സമാണ് കൂര്‍ക്കം വലിയുടെ കാരണം. തടസ്സങ്ങള്‍ പലതരത്തിലുണ്ട്. ചിലര്‍ക്ക് മൂക്കില്‍ ദശ വളരുന്നതാകാം. മറ്റു ചിലര്‍ക്ക് മൂക്കിന്റെ പാലം വളയുന്നതാകും പ്രശ്‌നം. അമിതവണ്ണവും കൂര്‍ക്കം വലിയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്.

കൂര്‍ക്കം വലിക്കുന്നതിനിടക്ക് പല തവണ ശ്വാസം നിലക്കുന്ന അവസ്ഥ ചിലരില്‍ കാണാറുണ്ട്. എപ്നിയ എന്നാണ് ഈ അവസ്ഥക്ക് പറയുന്നത്. കൂര്‍ക്കം വലിച്ച് വലിച്ച് പത്ത് സെക്കന്‍ഡ് നേരത്തേക്ക് ശ്വാസം നിലക്കുന്ന അവസ്ഥയാണിത്. കൂര്‍ക്കം വലിക്കുമ്പോള്‍ ശരീരത്തിരെ ഓക്‌സിജന്റെ അളവ് കുറഞ്ഞുവരും. ഒടുവില്‍ അളവ് തീരെ കുറയുമ്പോഴാണ് എപ്നിയ അനുഭവപ്പെടുന്നത്. എപ്നിയ അവസ്ഥയില്‍ എത്തിക്കഴിയുമ്പോള്‍ തലച്ചോര്‍ അത് തിരിച്ചറിയുകയും അതില്‍ നിന്ന് മനുഷ്യനെ ഉണര്‍ത്തുകയും ചെയ്യും. ചിലര്‍ക്ക് മണിക്കൂറില്‍ 30 തവണ വരെ എപ്‌നിയ ഉണ്ടാകാറുണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

ഉറക്കം തടസ്സപ്പെട്ടതിനെ തുര്‍ന്ന് ദിവസം മുഴുവന്‍ ഉറക്കം തൂങ്ങിയിരിക്കുക, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തീരെ ഫ്രഷ് അല്ലാതിരിക്കുക, തൊണ്ടയും വായയും ഒക്കെ പൂര്‍ണമായും വരണ്ടിരിക്കുക തുടങ്ങിയവയാണ് എപ്‌നിയയുടെ കാരണങ്ങള്‍. എപ്നിയ പോലെയുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കൂര്‍ക്കം വലിക്കാര്‍ തീര്‍ച്ചയായും ചികിത്സ തേടേണ്ടത് ആവശ്യമാണ്.

ശരീരത്തിന്റെ തൂക്കവും നീളവും അടിസ്ഥാനപ്പെടുത്തിയുള്ള ബോഡി മാസ് ഇന്‍ഡക്‌സ് നോക്കിയാണ് കൂര്‍ക്കം വലിയുടെ സ്വഭാവം കണ്ടെത്തുന്നത്. കൂര്‍ക്കം വലി ക്ക് രണ്ട് ചികിത്സകളാണ് പ്രധാനമായും ഉള്ളത്. ഇതില്‍ ഒന്ന് ശസ്ത്രക്രിയയാണ്. ശ്വാസന നാളത്തിലെ തടസ്സം നീക്കുകയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. ഇത് ശ്വാസ്വാച്ഛാസം സുഗമമാക്കുകയും കൂര്‍ക്കംവലിയില്‍ നിന്ന് മോചനം നല്‍കുകയും ചെയ്യും.

സിപാറ്റ് മെഷീന്‍ ഉപയോഗിക്കുന്നതാണ് രണ്ടാമത്തെ മാര്‍ഗം. മെഷിനിലെ ട്യൂബ് മൂക്കിലും വായയിലുമായി വെച്ച് ഉറങ്ങുകയാണ് ചെയ്യേണ്ടത്. നമ്മള്‍ ഉറങ്ങുമ്പോള്‍ ഉള്ളിലേക്ക് വലിക്കുന്ന ശ്വാസം സെന്‍സ് ചെയ്ത് അതിനനുസരിച്ച മര്‍ദം നല്‍കുകയാണ് ഉപകരണം ചെയ്യുന്നത്. ഇത് ശ്വസനനാളത്തിലെ തടസ്സം നീക്കാന്‍ സഹായിക്കും.

കൂര്‍ക്കം വലിക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

  • മലര്‍ന്നുകിടന്നുള്ള ഉറക്കം ഉപേക്ഷിക്കുക. മലര്‍ന്ന് കിടന്ന് ഉറങ്ങുമ്പോള്‍ നാവ് തൊണ്ടക്കുള്ളിലേക്ക് താഴ്ന്ന് നില്‍ക്കും. ചിലരില്‍ ഇത് വായു കടന്നുപോകുന്നതിന് തടസ്സം നില്‍ക്കുകയും കൂര്‍ക്കലിക്ക് കാരണമാകുകയും ചെയ്യും.
  • മാര്‍ദവം കുറഞ്ഞതും ശരീരത്തിന് നല്ല താങ്ങു കിട്ടുന്നതുമായ മെത്ത ഉപയോഗിക്കുക. തലയണയുടെ ഉയരവുംആവശ്യാനുസരണം ക്രമീകരിക്കണം.
  • ഭക്ഷണം കഴിച്ച ഉടന്‍ കിടന്നുറങ്ങരുത്.