Connect with us

National

വധശിക്ഷക്കു നിയമസാധുതയുണ്ടെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: വധശിക്ഷക്ക് നിയമപരമായ സാധുതയുണ്ടെന്ന് സുപ്രീം കോടതി. വധശിക്ഷ നിലനിര്‍ത്തണമോയെന്ന കാര്യത്തില്‍ വാദപ്രതിവാദങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് പരമോന്നത കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്. പരമാവധി ശിക്ഷയുടെ നിയമസാധുത പരിശോധിച്ച മൂന്നംഗ ബഞ്ചിലെ രണ്ടു ജഡ്ജിമാര്‍ അനുകൂലിച്ചതോടെയാണ് കോടതി വിധി. വിഷയം പരിശോധിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ്, ദീപക് ഗുപ്ത, ഹേമന്ത് ഗുപ്ത എന്നിവരുടെ ബഞ്ചില്‍ കുര്യന്‍ ജോസഫ് ഒഴികെയുള്ളവരാണ് അനുകൂലാഭിപ്രായം രേഖപ്പെടുത്തിയത്.

വധശിക്ഷ കൊണ്ട് സമൂഹത്തില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നില്ലെന്ന് സൂചിപ്പിച്ചാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇതിനെതിരെ നിലപാടെടുത്തത്. പൊതു ജനാഭിപ്രായം, പൊതു താത്പര്യം തുടങ്ങിയവ അന്വേഷണ ഏജന്‍സികളില്‍ ചെലുത്തുന്ന സ്വാധീനം കോടതി വിചാരണകളെ സ്വാധീനിക്കാനിടയുണ്ടെന്നും അത് പല സന്ദര്‍ഭങ്ങളിലും വധശിക്ഷയിലേക്കു നയിക്കുന്ന സാഹചര്യമുണ്ടാക്കുന്നുണ്ടെന്നുമാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍, വധശിക്ഷ തുടരണമെന്നും അതില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ട കാര്യമില്ലെന്നുമായിരുന്നു ജസ്റ്റിസ് ദീപക് ഗുപ്തയുടെ നിലപാട്.

2011ല്‍ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചന്നുലാല്‍ വര്‍മക്ക് നല്‍കിയ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചുകൊണ്ട് വിധി പ്രസ്താവിച്ചതിനു ശേഷമാണ് വധശിക്ഷക്കു നിയമ സാധുതയുണ്ടെന്ന് പരമോന്നത കോടതി വിധിച്ചത്.

Latest