Connect with us

Articles

'ഭരണഘടന വഴികാണിച്ചു; ഇന്ത്യ ബഹുസ്വരതയിലൂടെ നടന്നു'

Published

|

Last Updated

മര്‍കസുസ്സഖാഫിത്തിസ്സുന്നിയ്യ സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ കിര്‍ഗിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പ്രമുഖ ശാസ്ത്രജ്ഞനുമായ ഡോ. കുബനിചബക് ജുമാലിയേവ് ആധുനിക കിര്‍ഗിസ്ഥാന്റെ വൈജ്ഞാനിക രാഷ്ട്രീയ മേഖലക്ക് ഒരുപാട് സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. 1998ല്‍ കിര്‍ഗിസ്ഥാന്റെ പ്രധാനമന്ത്രിയായ അദ്ദേഹം അവിടുത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പാര്‍ട്ടി അദീലത്തിന്റെ സ്ഥാപകനും കിര്‍ഗിസ്ഥാനിലെ പ്രധാന യൂനിവേഴ്‌സിറ്റിയായ ഇന്റര്‍നാഷനല്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയുടെ സ്ഥാപകനും ചെയര്‍മാനും കൂടിയാണ്.

ഹോളോഗ്രാഫിയിലും ഒപ്റ്റിക്കല്‍ കമ്പ്യൂട്ടര്‍ സയന്‍സിലും അവഗാഹമുള്ള ജുമാലിയേവ് സാങ്കേതിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഗവേഷണങ്ങളുമായി ബന്ധപ്പെട്ട് 21 രാജ്യങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മര്‍കസ് സന്ദര്‍ശനത്തിനിടയില്‍ അദ്ദേഹം സിറാജിനോട് സംസാരിച്ചു.

സോവിയറ്റ് യൂനിയന്റെ പതനത്തിന് ശേഷം സൃഷ്ടിക്കപ്പെട്ട ചെറു രാജ്യങ്ങളുടെ നിലവിലെ അവസ്ഥകളറിയുകയെന്നത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം താത്പര്യമുളവാക്കുന്നതാണ്. അവിഭക്ത സോവിയറ്റ് യൂനിയന്റെ
ഭാഗമായിരുന്ന കിര്‍ഗിസ്ഥാന്റെ നിലവിലെ വിശേഷങ്ങളെക്കുറിച്ച്?
സോവിയറ്റ് യൂനിയന്റെ പതനത്തിന് ശേഷം സ്വതന്ത്രമായ കിര്‍ഗിസ്ഥാനില്‍ വികസന വിപ്ലവമാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യത്ത് ശാസ്ത്ര പഠനത്തിനും ഗവേഷണത്തിനും കൂടുതല്‍ സാധ്യതകള്‍ നല്‍കണമെന്നാണ് സര്‍ക്കാറിന്റെ പൊതുവെയുള്ള വീക്ഷണം. മുസ്‌ലിം ഭൂരിപക്ഷ രാജ്യം എന്ന നിലക്ക് 26 വര്‍ഷത്തിനിടക്ക് നാലായിരത്തോളം മസ്ജിദുകളാണ് കിര്‍ഗിസ്ഥാനില്‍ പുതുതായി ഉയര്‍ന്നിരിക്കുന്നത്. കൂടാതെ, മത പഠനത്തിന് വിദ്യാര്‍ഥികള്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. മസ്ജിദുകള്‍ കേന്ദ്രീകരിച്ച് നിരവധി മതപാഠശാലകളും ഉയര്‍ന്നുവരുന്നുണ്ട്. ടെക്‌നോളജിയിലാണ് ജനങ്ങള്‍ക്ക് കൂടുതല്‍ താത്പര്യമെങ്കിലും കാര്‍ഷിക രംഗത്തേക്കും കൂടി അവരെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്.

ഇന്ത്യയെക്കുറിച്ചുള്ള ധാരണകള്‍?
ഇവിടത്തെ ജനാധിപത്യ വ്യവസ്ഥയേയും മതേതരത്വ നിലപാടിനേയും പ്രശംസിക്കുകയാണ്. ഏത് മതവിശ്വാസിക്കും ജീവിക്കാനുതകുന്ന സാഹചര്യം ഒരു രാജ്യത്ത് സൃഷ്ടിക്കപ്പെടുകയെന്നതില്‍ ആ രാജ്യത്തിന്റെ ഭരണഘടനാ നിര്‍മാതാക്കളെയാണ് ഞാന്‍ അഭിനന്ദിക്കുന്നത്. ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലക്കും ഇന്ത്യയുമായി അഭേദ്യമായ ബന്ധം പുലര്‍ത്താന്‍ എനിക്ക് കഴിഞ്ഞു. ഐ എസ് ആര്‍ ഒ ദൗത്യങ്ങളുടെ വിക്ഷേപണ ഘട്ടത്തിലും മറ്റും ഇന്ത്യയും റഷ്യയും തമ്മിലുളള സഹകരണത്തില്‍ ചെറിയ രീതിയിലെങ്കിലും പങ്കാളിത്തം വഹിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ പല ശാസ്ത്രജ്ഞരേയും അതുകൊണ്ട് തന്നെ വ്യക്തിപരമായി എനിക്കറിയാം.

ലോക തലത്തില്‍ ഭീകരവാദവും തീവ്രവാദവും വലിയ ഭീഷണി സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുസ്‌ലിംകളുടെ പൊതുവെയുള്ള അവസ്ഥ?
യഥാര്‍ഥ വിശ്വാസിക്ക് ഒരിക്കലും തീവ്രവാദിയും ഭീകരവാദിയുമാകാന്‍ കഴിയില്ല. മുസ്‌ലിംകളെ സമൂഹ മധ്യത്തില്‍ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങള്‍ മുസ്‌ലിംകളുടെ ചുമലിലേക്കിടുന്നത്. മുസ്‌ലിം പേരുകളില്‍ നടമാടുന്ന ഭീകരാക്രമണങ്ങളെ വിശ്വാസികള്‍ എതിര്‍ത്തു തോല്‍പ്പിക്കേണ്ടതുണ്ട്. വഌദിമിര്‍ പുടിന്‍ പറഞ്ഞ വാക്കുകളാണ് എന്റെ മനസ്സിലേക്ക് വരുന്നത്. യഥാര്‍ഥ മുസ്‌ലിം മത വിശ്വാസികള്‍ക്ക് തീവ്രവാദികളാകാന്‍ കഴിയില്ല. യഥാര്‍ഥ വിശ്വാസികള്‍ തന്റെ രാജ്യത്ത് ഉയര്‍ന്നു വരണം. അവര്‍ക്ക് മസ്ജിദുകളും മത പാഠശാലകളും ഉണ്ടാക്കി നല്‍കാന്‍ വരെ ഞങ്ങള്‍ തയ്യാറാണ് എന്നായിരുന്നു പുടിന്റെ അഭിപ്രായ പ്രകടനം.

മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയെക്കുറിച്ച്?
മൂന്നു വയസ്സ് മുതലുള്ള യതീമുകളേയും അഗതികളേയും മറ്റും വളര്‍ത്തി വലിയ ആളുകളാക്കുന്ന മര്‍കസിനേയും അതിന്റെ അമരക്കാരന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരേയും വാഴ്ത്തിയാല്‍ മതിയാകില്ല. ഞാന്‍ ചെയര്‍മാനായ കിര്‍ഗിസ്ഥാനിലെ ഇന്റര്‍നാഷനല്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയും മര്‍കസും തമ്മില്‍ അക്കാദമിക് ധാരണാപത്രം ഒപ്പു വെച്ചിരിക്കുകയാണ്. ഇത് വിദ്യാഭ്യാസ വിപ്ലവത്തിന് കാരണമാകുമെന്നാണ് ഞാന്‍ കരുതുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഫെല്ലോഷിപ്പുകളും മറ്റും നേടിക്കൊടുക്കാനും അവര്‍ക്ക് ഇന്ത്യയിലും കിര്‍ഗിസ്ഥാനിലും പഠിക്കുന്നതിനും രണ്ടിടത്തേയും വലിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും അതുപകരിക്കും.
ലോകത്ത് ആദ്യമായി ശാസ്ത്ര വീക്ഷണങ്ങള്‍ക്ക് ശില പാകിയത് ഇസ്‌ലാമിക ഗ്രന്ഥങ്ങളാണെന്നിരിക്കെ പുതിയ കാലത്ത് ശാസ്ത്ര പഠനത്തിനും ഗവേഷണത്തിനും മര്‍കസ് പോലുള്ള സ്ഥാപനങ്ങള്‍ കൂടുതല്‍ ഊന്നല്‍ നല്‍കണം. അതിനായി ലബോറട്ടറികളും മറ്റും ഉയര്‍ന്നു വരേണ്ടതുണ്ട്. കൂടാതെ സയന്‍സിനെ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ ചര്‍ച്ച ചെയ്യാനും നാം തയ്യാറാകണം.

Latest