Connect with us

Editorial

വൈദ്യുതി നിരക്ക് കൂട്ടരുത്

Published

|

Last Updated

സംസ്ഥാനത്ത് ഒരിക്കല്‍ കൂടി വൈദ്യുതി നിരക്ക് വര്‍ധനക്ക് കളമൊരുങ്ങുകയാണ്. നെഞ്ചിടിപ്പോടെ മാത്രമേ സാധാരണ ഉപയോക്താക്കള്‍ക്ക് ഈ നീക്കത്തെ കാണാനാകൂ. വലിയ സാമ്പത്തിക പ്രയാസത്തിലൂടെയാണ് മനുഷ്യര്‍ കടന്നു പോകുന്നത്. പ്രളയാനന്തര കേരളം അതിജീവിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത് ആത്മവിശ്വാസം ഉറപ്പിക്കാന്‍ നല്ലതാണെങ്കിലും വസ്തുത എല്ലാവര്‍ക്കുമറിയാം. കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക എടുത്തുചാട്ടങ്ങള്‍ വരുത്തി വെച്ച കെടുതികളില്‍ നിന്ന് കരകയറും മുമ്പാണ് കേരളം നിപ്പാ, പ്രളയം തുടങ്ങിയ ദുരന്തങ്ങളിലൂടെ കടന്നുപോയത്. ഇങ്ങനെ പ്രയാസപ്പെട്ട് മുന്നോട്ടു നീങ്ങുന്നവര്‍ക്ക് മേലാണ് വൈദ്യുതി നിരക്ക് വര്‍ധന പതിക്കുന്നത്. നിരക്ക് വര്‍ധന ഒഴിവാക്കി മറ്റു മാര്‍ഗങ്ങള്‍ അവലംബിച്ച് കെ എസ് ഇ ബിയുടെ പ്രതിസന്ധി പരിഹരിക്കണം. നിരക്ക് വര്‍ധിപ്പിക്കുകയെന്നത് വളരെ എളുപ്പത്തിലുള്ള പരിഹാരമാണ്. കുടിശ്ശിക കൃത്യമായി പിരിച്ചെടുക്കുക, വൈദ്യുതി മോഷണം തടയുക, വന്‍കിടക്കാര്‍ക്കുള്ള ഇളവുകള്‍ നിര്‍ത്തലാക്കുക, പ്രസരണ നഷ്ടം കുറയ്ക്കുക, പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നതിലും വില്‍ക്കുന്നതിലും കൃത്യമായി ക്രമീകരണങ്ങള്‍ വരുത്തി സാമ്പത്തിക നേട്ടമുണ്ടാക്കുക തുടങ്ങിയ നിരവധി പരിഹാരങ്ങള്‍ മുന്നിലുണ്ട്. അത്തരം വഴികളാണ് ആരായേണ്ടത്.

നിരക്ക് വര്‍ധന ആവശ്യപ്പെട്ട് കെ എസ് ഇ ബി ലിമിറ്റഡ് സമര്‍പ്പിച്ച താരീഫ് പെറ്റീഷനില്‍ റഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂനിറ്റിന് 60 പൈസ മുതല്‍ 90 പൈസ വരെ വര്‍ധന വേണമെന്നാണ് കെ എസ് ഇ ബി ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത നാല് വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധനവിനാണ് കമ്മീഷന്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ഉപയോഗക്രമം ചിട്ടപ്പെടുത്താനും ഉത്പാദന, പ്രസരണ, വിതരണ ഏജന്‍സികള്‍ക്ക് ദീര്‍ഘകാല പ്രവര്‍ത്തനം ക്രമീകരിക്കാനും കഴിയുമെന്നാണ് റഗുലേറ്ററി കമ്മീഷന്റെ വാദം. നടപ്പുസാമ്പത്തിക വര്‍ഷം 1100 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും 2022 ആകുമ്പോള്‍ ഇത് 2518 കോടി രൂപയാകുമെന്നുമാണ് ബോര്‍ഡ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ നഷ്ടം നികത്താന്‍ നിരക്ക് വര്‍ധനയല്ലാതെ വഴിയില്ലത്രേ.

നിരക്ക് വര്‍ധിപ്പിക്കാന്‍ തിടുക്കം കൂട്ടുന്ന കെ എസ് ഇ ബി പിരിഞ്ഞു കിട്ടേണ്ട കുടിശ്ശികയെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. കോടികളുടെ കുടിശ്ശികയാണ് കിട്ടാക്കടമായി കിടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്കെടുത്തതില്‍ 2441.22 കോടിയാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നായി കെ എസ് ഇ ബിക്ക് കുടിശ്ശിക ഇനത്തില്‍ പിരിഞ്ഞുകിട്ടാനുള്ളത്. സര്‍ക്കാര്‍ വകുപ്പുകള്‍ 109.09 കോടി, പൊതുമേഖലാ സ്ഥാപനങ്ങള്‍ 1424.91 കോടി, സ്വകാര്യ സ്ഥാപനങ്ങള്‍ 550.28 കോടി എന്നിങ്ങനെയാണ് കെ എസ് ഇ ബിക്ക് നല്‍കാനുള്ളത്. വാട്ടര്‍ അതോറിറ്റി മാത്രം 1219.33 കോടി രൂപ നല്‍കാനുണ്ട്. ഇടത് സര്‍ക്കാര്‍ വന്നതിന് ശേഷം കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ നേരിയ പുരോഗതി ഉണ്ടാക്കിയെന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ അത് തികച്ചും അപര്യാപ്തവും മന്ദഗതിയിലുള്ളതുമാണ്. 151.52 കോടി രൂപയുടെ കുടിശ്ശികയാണ് ഇത്തരത്തില്‍ പിരിച്ചെടുത്തത്.

നിരക്ക് വര്‍ധന നടപ്പാക്കാത്ത പക്ഷം കെ എസ് ആര്‍ ടി സി നേരിടുന്ന അതേ പ്രതിസന്ധി കെ എസ് ഇ ബിയും നേരിടുമെന്ന് ബോര്‍ഡ് അധികൃതരും സര്‍ക്കാറും നിലപാടെടുത്തതോടെയാണ് അടിയന്തരമായി നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കവുമായി റഗുലേറ്ററി കമ്മീഷന്‍ രംഗത്ത് വന്നത്. നിരക്ക് വര്‍ധനയില്ലെങ്കില്‍ സര്‍ക്കാര്‍ സഹായിക്കണം. നിലവില്‍ പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമ്പോള്‍ കെ എസ് ഇ ബിക്ക് ധനസഹായം നല്‍കാന്‍ പറ്റാത്ത സാഹചര്യമാണെന്ന്് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂനിറ്റിന് പത്ത് മുതല്‍ അമ്പത് വരെ പൈസയും ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ വിഭാഗങ്ങള്‍ക്ക് മുപ്പത് പൈസ വരെയും നിരക്ക് വര്‍ധിപ്പിച്ചത്.

ഇവിടെ കേന്ദ്ര നയത്തിലെ വൈകല്യം കൂടി ചര്‍ച്ചയാകേണ്ടിയിരിക്കുന്നു. വൈദ്യുതി നിരക്ക് മൂന്ന് ഇരട്ടി വരെ വര്‍ധിപ്പിക്കുന്നതടക്കമുള്ള നിര്‍ദശങ്ങളോടു കൂടിയ വൈദ്യുതി (ഭേദഗതി) ബില്‍ 2018ന്റെ കരട് കേന്ദ്രം പ്രസിദ്ധീകരിച്ചു കഴിഞ്ഞിരിക്കുകയാണ്. മേഖലയെ പൂര്‍ണമായി കമ്പോളത്തിന് വിട്ടുകൊടുക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ്് ബില്ലിലേറെയും. ക്രോസ് സബ്‌സിഡി പൂര്‍ണമായും എടുത്തുകളയും. വന്‍കിട ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന വൈദ്യുതിനിരക്ക് ഏര്‍പ്പെടുത്തി സാധാരണ ഉപയോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്ന ക്രോസ് സബ്‌സിഡി സമ്പ്രദായം തുടക്കത്തില്‍ 20 ശതമാനം ആയി കുറക്കണമെന്നും മൂന്ന് വര്‍ഷം കൊണ്ട് സബ്‌സിഡി പൂര്‍ണമായി ഇല്ലാതാക്കണമെന്നും ബില്ലില്‍ നിര്‍ദേശമുണ്ട്.

20 ശതമാനമായി കുറയ്ക്കുമ്പോള്‍ തന്നെ കേരളത്തിലെ ഗാര്‍ഹിക, കാര്‍ഷിക ഉപയോക്താക്കളുടെ വൈദ്യുതി നിരക്ക് മൂന്നിരട്ടിയിലധികമാകും. സാധാരണക്കാര്‍ക്ക് നിരക്കിളവ് നല്‍കുന്ന നിലയില്‍ സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കുന്നെങ്കില്‍ അത് നിരക്കില്‍ കുറയ്ക്കരുതെന്നും നേരിട്ട് ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് നല്‍കണം എന്നും ഭേദഗതി നിര്‍ദേശിക്കുന്നു. കാര്‍ഷികമേഖലക്കും അനാഥാലയങ്ങള്‍ക്കും മറ്റും ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ ആനൂകൂല്യങ്ങളും ഇല്ലാതാകും. വന്‍കിട ഉപയോക്താക്കള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുംവിധമാണ് ഭേദഗതി. മാസാന്തം ബില്ലടക്കുന്ന സാധാരണക്കാരെ പിഴിയുക, വന്‍കിടക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കുക. ഇതാണ് ഫലത്തില്‍ സംഭവിക്കുന്നത്. ഈ നില മാറണം. നിവൃത്തിയില്ലാത്ത മനുഷ്യരെ സഹായിക്കുന്നതാകണം നയം. സര്‍ക്കാറുകള്‍ വീഴണോ വാഴണോയെന്ന് കോര്‍പറേറ്റുകള്‍ തീരുമാനിക്കുമ്പോള്‍ ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാനാണ്?

---- facebook comment plugin here -----

Latest