രഹന ഫാത്തിമയെ ബിഎസ്എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തു

Posted on: November 27, 2018 7:22 pm | Last updated: November 28, 2018 at 10:24 am

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ രഹന ഫാത്വിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അറസ്റ്റിലായതിനു പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍. ബിഎസ്എന്‍എലില്‍ ടെലികോം ടെക്‌നീഷ്യനായിരുന്നു രഹന. നേരത്തെ, ഇവരെ രവിപുരം ബ്രാഞ്ചില്‍നിന്ന് പാലാരിവട്ടം ബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു.

മതസ്പര്‍ധയുണ്ടാക്കും വിധം ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയതിനാണ് ഇന്ന് ഉച്ചയോടെ രഹനയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. ബിജെപി നേതാവ് രാധാക്യഷ്ണന്റെ പരാതിയിലായിരുന്നു അറസ്റ്റ്. മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളിയിരുന്നു. പോലീസ് സംരക്ഷണയോടെ ശബരിമല ദര്‍ശനത്തിന് ശ്രമിച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് രഹന ഫാത്വിമക്ക് തിരികെ മടങ്ങേണ്ടി വന്നിരുന്നു.