Connect with us

Gulf

ഇന്ത്യന്‍ മാധ്യമങ്ങള്‍ നുണവ്യവസായത്തിന്റെ പ്രധാന ഉപകരണങ്ങള്‍: പി രാജീവ്

Published

|

Last Updated

അബുദാബി: ഇന്ത്യന്‍ സാമ്പത്തിക ജീവിതത്തെ പ്രതിസന്ധികളിലാക്കുന്നതിനെക്കുറിച്ച് തിരിച്ചറിവുകളില്ലാത്ത രൂപങ്ങളിലേക്ക് എത്തിക്കാന്‍ വലിയ പ്രചാരവേലകളിലൂടെ മാധ്യമങ്ങള്‍ക്ക് കഴിയുന്നുവെന്ന് മുന്‍ രാജ്യസഭ അംഗവും മാധ്യമപ്രവര്‍ത്തകനുമായ പി രാജീവ് അഭിപ്രായപ്പെട്ടു. അടിയന്തിരാവസ്ഥകാലത്തേക്കാളും പരിതാപകരമായ അവസ്ഥയിലാണ് ഇന്ത്യയിലെ മാധ്യമങ്ങള്‍. വല്ലാത്ത നിശബ്ദവിധേയ സംസ്‌കാരത്തെ രൂപപ്പെടുത്താനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങളുടെ ഉപകരണങ്ങളായി അറിഞ്ഞോ അറിയാതെയോ ഇന്ത്യയിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും മാറിക്കൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ മുപ്പത്തൊന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം കേരള സോഷ്യല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യമാണെന്ന് നമ്മള്‍ അറിയാതെ തോന്നിപ്പോകുന്ന രൂപത്തില്‍ നുണകളുടെ ശാസ്ത്രീയമായ അവതരണമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു നുണ തെറ്റാണെന്ന് സ്ഥാപിച്ചെടുക്കുമ്പോള്‍ പത്ത് നുണകള്‍ നമുക്ക് നേരെ വരും. ആ പത്ത് നുണകള്‍ ഓരോന്നായി പൊളിച്ചടക്കുമ്പോള്‍ നൂറ് നുണകള്‍ വരും. ഇതാണ് അവരുടെ രീതി.

സത്യമേത്, നുണയേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ഒരു സമൂഹത്തെ കൊണ്ടുപോകലായിരുന്നു അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ഇന്ത്യന്‍ പകര്‍പ്പാണ് നരേന്ദ്രമോഡി. കഴിഞ്ഞ നാലര വര്‍ഷത്തിനിടക്ക് അദ്ദേഹം നടത്തിയ ഓരോ പ്രഖ്യാപനവും എടുത്തുപരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടാവുന്നതാണ്.
ശക്തി പ്രസിഡന്റ് കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ലോക കേരള സഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ കെ ബി മുരളി, കെ എല്‍ ഗോപി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ കെ ബീരാന്‍കുട്ടി, അബുദാബി മലയാളി സമാജം പ്രസിഡന്റ് ടി എ നാസര്‍ സംസാരിച്ചു.

ദീര്‍ഘകാലപ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന വേലായുധന്‍ മടിക്കൈ, അശ്‌റഫ് മമ്പാട്, കെ എസ് അബ്ദുല്‍ വാഹിദ് എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പണവും വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചനാമത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും പി രാജീവ് നിര്‍വഹിച്ചു. സുരേഷ് പാടൂര്‍ സ്വാഗതവും ടി പി അജിത്കുമാര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ശക്തി ഗായകസംഘം അവതരിപ്പിച്ച സംഘഗാനവും കലാവിഭാഗം അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന നൃത്തനൃത്യങ്ങളും അരങ്ങേറി.