ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ല; പാര്‍ട്ടിയെടുക്കുന്ന ഏത് നടപടിക്കും വിധേയനാകും: പികെ ശശി എംഎല്‍എ

Posted on: November 27, 2018 10:15 am | Last updated: November 27, 2018 at 12:52 pm

തിരുവനന്തപുരം: താന്‍ ക്രിമിനല്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും സംശയമുള്ളവര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് പരിശോധിക്കാമെന്നും ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി. പാര്‍ട്ടിയെടുക്കുന്ന ഏത് നടപടിക്കും വിധേയനാകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമ പരാതിയില്‍ പാര്‍ട്ടി നടപടി നേരിട്ട ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ശശി ഇക്കാര്യം പറഞ്ഞത്.

താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരാനായി തന്നെ തുടരും. തന്റെ ജീവിതം പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിച്ചതാണ്. പല കാര്യങ്ങളും പാര്‍ട്ടി പഠിപ്പിക്കുകയും വളര്‍ത്തുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം പാര്‍ട്ടിക്ക് വിധേയമായി സ്വാകരിക്കുകയാണ് താന്‍ ചെയ്തിട്ടുള്ളത്. തന്റെ പ്രവര്‍ത്തിയിലോ ശൈലിയിലോ ഏതെങ്കിലും തരത്തിലുള്ള തെറ്റ് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ആ ബോധ്യം പൂര്‍ണമായി സ്വീകരിക്കുമെന്നും പികെ ശശി.