Connect with us

Kerala

ബിജെപി വാഗ്ദാനം പാഴ്‌വാക്കായി; കീഴാറ്റൂര്‍ ബൈപ്പാസ് അലൈന്‍മെന്റില്‍ മാറ്റമില്ല

Published

|

Last Updated

കണ്ണൂര്‍: ബിജെപിയുടെ വാഗ്ദാനം പാഴ്‌വാക്കായി . ദേശീയ പാതയുടെ കീഴാറ്റൂര്‍ വയലിലൂടെയുള്ള ബൈപ്പാസ് അലൈന്‍മെന്റില്‍ മാറ്റമില്ല. ഇക്കാര്യം വ്യക്തമാക്കിയുള്ള അന്തിമ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഭൂവുടമകള്‍ക്ക് ജനുവരി 11വരെ ഹിയറിംഗിനായി ഹാജരാകാമെന്നും വിജ്ഞാപനത്തിലുണ്ട്. ഇതോടെ വിജ്ഞാപനം മരവിപ്പിക്കുമെന്ന ബിജെപി വാഗ്ദാനം വെറുതെയായി.

കീഴാറ്റൂര്‍ വയലിലൂടെ ബൈപ്പാസ് കടന്നു പോകുന്നതിനെതിരെ പ്രദേശത്തെ കൂട്ടായ്മയായ വയല്‍ക്കിളികള്‍ പ്രക്ഷോഭവുമായെത്തിയിരുന്നു. ഇതിന് പിന്തുണയുമായി പിന്നീട് ബിജെപിയും എത്തി. അന്തിമ വിജ്ഞാപനം മരവിപ്പിക്കുമെന്നായിരുന്നു ബിജെപി നിലപാട്. ഇതുമായി ബന്ധപ്പെട്ട് വയല്‍ക്കിളി സമരസമതി നേതാക്കളായ മമ്പറം ജാനകിയേയും സുരേഷ് കീഴാറ്റൂരിനേയും ബിജെപി നേതാക്കള്‍ ഡല്‍ഹിയിലെത്തിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട ത്രീഡി നോട്ടിഫിക്കേഷന്‍ മരവിപ്പിക്കുമെന്ന് ഇവര്‍ക്ക് ഉറപ്പു ലഭിക്കുകയുമുണ്ടായി.

എന്നാല്‍ അന്തിമ വിജ്ഞാപനം വന്നതോടെ മുന്നേ നിശ്ചയിച്ച കീഴാറ്റൂര്‍ വയലിലൂടെ തന്നെ ബൈപ്പാസ് റോഡ് കടന്നു പോകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇനിയെന്ത് നടപടി സ്വീകരിക്കണമെന്ന കാര്യം ആലോചിക്കാനായി വയല്‍ക്കളികള്‍ ഇന്ന് യോഗം ചേരുന്നുണ്ട്.

Latest