International
ആന്തരിക രഹസ്യം തേടി നാസയുടെ ഇൻസൈറ്റ് ലാൻഡർ ചൊവ്വയിലിറങ്ങി

വാഷിംഗ്ടൺ: ചൊവ്വാഗ്രഹത്തിന്റെ ആന്തരിക രഹസ്യങ്ങൾ തേടി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വിക്ഷേപിച്ച ഇൻസൈറ്റ് ലാൻഡർ പേടകം വിജയകരമായി ചൊവ്വയിലിറങ്ങി. ആറുമാസം നീണ്ട യാത്രക്ക് ഒടുവിലാണ് ഇൻസൈറ്റ് ലാൻഡ് ചൊവ്വാഗ്രഹത്തിൽ പ്രവേശിച്ചത്. ഇൻസൈറ്റ് ലാൻഡർ പകർത്തിയ ആദ്യ ദൃശ്യം നാസക്ക് ലഭിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ മെയ് 5ന് പസഫിക് സമയം പുലർച്ചെ 4.05നു കലിഫോർണിയയിലെ വാൻഡൻബെർഗ് എയർഫോഴ്സ് കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. അറ്റ്‌ലസ് 5 റോക്കറ്റിലേറിയായിരുന്നു ‘ഇൻസൈറ്റ് മാർസ് ലാൻഡറി’ന്റെ യാത്ര. ചൊവ്വയിലേക്കുള്ള നാസയുടെ ആദ്യത്തെ റോബട്ടിക് ലാൻഡറാണിത്.

നാസയുടെ ഇൻസൈറ്റ് ലാൻഡർ പകർത്തിയ ആദ്യ ചിത്രം
ചൊവ്വയുടെ ആന്തരിക ഘടന അടുത്തറിയാനുള്ള പരീക്ഷണങ്ങൾ നടത്തുകയാണ് ഇൻസൈറ്റ് ലാൻഡറിന്റെ ദൗത്യം.ഇന്റീരിയർ എക്സ്പ്ലൊറേഷൻ യൂസിങ് സീസ്മിക് ഇൻവെസ്റ്റിഗേഷൻസ് എന്നതിന്റെ ചുരുക്കെഴുത്താണ് ഇൻസൈറ്റ്.