മുന്നറിയിപ്പുമായി ഗവേഷകര്‍; വരുന്നൂ, സര്‍വ നാശം

കാലാവസ്ഥാ വ്യതിയാനം മൂലം 2100നു മുമ്പ് സമുദ്ര നിരപ്പില്‍ ഒരടി മുതല്‍ നാല് അടി വരെ ജലം ഉയരുമെന്ന് ഐ പി സി സി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ധ്രുവ പ്രദേശ മഞ്ഞു മലകളും മഞ്ഞു പാളികളും അപ്രത്യക്ഷമാകുമെന്നും കടലില്‍ ജലം സാധാരണയില്‍ കൂടുതല്‍ ചൂടാകുമ്പോള്‍ സമുദ്രത്തിലെ ഐസ് ബ്ലോക്കുകള്‍ പൂര്‍ണമായും നഷ്ട്ടമാകുമെന്നും ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പുണ്ട്. 2040ഓടെ സമുദ്രത്തിലെ ഐസ് പൂര്‍ണമായി ഇല്ലാതാകും. 2021 നും 2050 നും ഇടയില്‍ അന്തരീക്ഷ ഊഷ്മാവില്‍ ഒരു ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനവുണ്ടാകും . ഇത് കൊടുങ്കാറ്റുകള്‍ക്കും പേമാരിക്കും വഴിവെക്കും. ഭൂമി ചൂടാകുന്നത് കൃഷിയെയും ഭൂമിയിലെ ഭക്ഷ്യ ലഭ്യതയെയും കുടിവെള്ള ലഭ്യതയെയും ബാധിക്കും.
Posted on: November 27, 2018 8:44 am | Last updated: November 26, 2018 at 9:47 pm

നവംബര്‍ 22ലെ ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്റെ ഹരിത വാതക ബുള്ളറ്റിന്‍ പറയുന്നത് ഭൂമുഖത്തെ അന്തരീക്ഷത്തില്‍ ക്ലോറോഫഌറോ കാര്‍ബണിന്റെ അളവ് അപായകരമായി ഉയര്‍ന്നിരിക്കുന്നു എന്നാണ്. 2017 ലെ അന്തരീക്ഷ ഹരിതഗൃഹവാതക അളവിനെ ആധാരമാക്കിയുള്ള പഠന റിപ്പോര്‍ട്ടാണിത്. ഹരിതഗൃഹ വാതക ഉത്പാദനം കുറക്കുവാനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ മോണ്‍ട്രിയാല്‍ പ്രോട്ടോകോള്‍ പ്രകാരം ഓസോണ്‍ പാളിയെ തകര്‍ക്കുന്ന സി എഫ് സി 11 വാതക ഉത്പാദനം 2010ല്‍ ലോകരാജ്യങ്ങള്‍ പൂജ്യത്തില്‍ എത്തിച്ചതായിരുന്നു.

1990ല്‍ ഓസോണ്‍ പാളിയെ തകര്‍ക്കുന്ന തരത്തില്‍ ഇത് അന്തരീക്ഷത്തില്‍ ഉയര്‍ന്നുവന്നിരുന്നു. കിഴക്കേ ഏഷ്യയില്‍ നിന്നാണ് സി എഫ് സി 11 ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നാണ് അനുമാനിക്കപ്പെടുന്നത്. ഉപയോഗശൂന്യമായ ഉപകരണങ്ങളില്‍ നിന്ന് ചോര്‍ച്ചമൂലം പുറത്തുവന്നതാകാം ഇതെന്ന് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നുണ്ട്. എന്തായാലും അന്തരീക്ഷത്തിലെ ഹരിതവാതകങ്ങളുടെ അളവ് വര്‍ധിക്കുന്നതാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്ന് ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഐക്യ രാഷ്ട്ര സംഘടനയുടെ ഐ പി സി സി (Intergovernmental Panel on Climate Change) യിലെ 1300 ലധികം ശാസ്ത്രജ്ഞര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ കാലാവസ്ഥാ വ്യതിയാന പഠനത്തിന്റെ 2017ല്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ട് പ്രകാരം കാലാവസ്ഥാ വ്യതിയാനത്തിന് 95 ശതമാനവും ഉത്തരവാദി മനുഷ്യനും അവന്റെ കഴിഞ്ഞ 50 വര്‍ഷത്തെ ഇടപെടലുകളുമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ 150 വര്‍ഷത്തിനുള്ളില്‍ അന്തരീക്ഷത്തില്‍ വെറും 180 പി പി എം മാത്രം ഉണ്ടായിരുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ് ഇന്ന് 400 പി പി എം ആണ്. ആഗോളതാപനത്തിന് ഉത്തരവാദികളായ ഹരിതഗൃഹ വാതകങ്ങളായ മീഥേന്‍, കാര്‍ബണ്‍ ഡൈഓക്‌സൈഡ്, നൈട്രസ് ഓക്‌സൈഡ്, സി എഫ് സി 11 എന്നിവ വര്‍ധിച്ച തോതില്‍ അന്തരീക്ഷത്തില്‍ എത്തിയതിനു കാരണം കഴിഞ്ഞ 50 വര്‍ഷത്തെ മനുഷ്യന്റെ വ്യവസായവത്കരണ ഇടപെടലുകളാണ്. 2010ല്‍ പൂജ്യമായ സി എഫ് സി 11ന്റെ വര്‍ധന മനുഷ്യനെ ഞെട്ടിച്ചിരിക്കുകയാണ്. ചൂടിനെ അന്തരീക്ഷത്തില്‍ തടഞ്ഞു വെക്കുന്ന ഹരിതഗൃഹ വാതകങ്ങളാണ് ഭൂമിയെ ആഗോളതാപനമെന്ന പ്രതിഭാസത്തിലെത്തിക്കുന്നത്. ഇത് കാലാവസ്ഥാ വ്യതിയാനത്തിനും മഞ്ഞുമലകള്‍ ഉരുകുന്നതിനും ദ്വീപുകളുടെയും തീരദേശ പട്ടണങ്ങളുടെയും തകര്‍ച്ചക്കും സമുദ്ര നിരപ്പിലെ ഉയര്‍ച്ചക്കും സമുദ്ര അമ്ലവത്കരണത്തിനും കാരണമാകുന്നു. കടല്‍ക്ഷോഭങ്ങള്‍ക്കും നദികളിലെയും തടാകങ്ങളിലെയും മഞ്ഞു പാളികളുടെ നാശത്തിനും പ്രളയത്തിനും വരള്‍ചക്കും കുടിവെള്ള ക്ഷാമത്തിനും അത് വഴിവെക്കിന്നു. ഭക്ഷ്യ ക്ഷാമത്തിനും കാട്ടുതീ സൃഷ്ടിക്കുന്നതിനും ജൈവവൈവിധ്യ നാശത്തിനും കൊടുങ്കാറ്റുകള്‍ക്കും പുതിയ രോഗങ്ങള്‍ക്കും കാരണമാകുമെന്ന ആശങ്കയും ശക്തമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം 2100നു മുമ്പ് സമുദ്ര നിരപ്പില്‍ ഒരടി മുതല്‍ നാല് അടി വരെ ജലം ഉയരുമെന്ന് ഐ പി സി സി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ധ്രുവ പ്രദേശ മഞ്ഞു മലകളും മഞ്ഞു പാളികളും അപ്രത്യക്ഷമാകുമെന്നും കടലില്‍ ജലം സാധാരണയില്‍ കൂടുതല്‍ ചൂടാകുമ്പോള്‍ സമുദ്രത്തിലെ ഐസ് ബ്ലോക്കുകള്‍ പൂര്‍ണമായും നഷ്ട്ടമാകുമെന്നും ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പുണ്ട്. 2040ഓടെ സമുദ്രത്തിലെ ഐസ് പൂര്‍ണമായി ഇല്ലാതാകും. 2021 നും 2050 നും ഇടയില്‍ അന്തരീക്ഷ ഊഷ്മാവില്‍ ഒരു ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനവുണ്ടാകും . ഇത് കൊടുങ്കാറ്റുകള്‍ക്കും പേമാരിക്കും വഴിവെക്കും. ഭൂമി ചൂടാകുന്നത് കൃഷിയെയും ഭൂമിയിലെ ഭക്ഷ്യ ലഭ്യതയെയും കുടിവെള്ള ലഭ്യതയെയും ബാധിക്കും. സമുദ്ര നിരപ്പിലെ ഉയര്‍ച്ച ദ്വീപുകളുടെയും തീരപ്രദേശങ്ങളുടെയും നാശത്തിനും കാരണമാകും. ഇത് ലക്ഷക്കണക്കിന് പരിസ്ഥിതി അഭയാര്‍ഥികളെ സൃഷ്ടിക്കും. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈഓക്‌സൈഡ് വര്‍ധന കടലില്‍ അമ്ലാംശം വര്‍ധിപ്പിക്കും. ഇത് കടല്‍ ജീവികളുടെ നാശത്തിനു വഴിവെക്കും. സമുദ്രം കൂടുതല്‍ ചൂടാകുന്നതോടെ ജലം വികസിക്കുകയും തീരദേശ മേഖലയെ മുക്കിക്കളയുകയും ചെയ്യും. 90 ശതമാനം തീരദേശ മേഖലയും മുങ്ങും. ജലത്തില്‍ ലയിച്ചിരിക്കുന്ന ഓക്‌സിജന്‍ ചൂടുമൂലം പുറത്തുപോകും. 2100 നു മുമ്പ് 3.5 ശതമാനം കടല്‍ ജല ഓക്‌സിജനും പുറത്തുപോകും.

കടല്‍ ചൂടാകുമ്പോള്‍ ബാഷ്പീകരണം മൂലം പുറത്തുവരുന്ന ജലാംശം ഹരിതഗൃഹ വാതകങ്ങളെ പോലെ പ്രവര്‍ത്തിക്കും. നിമിഷ പ്രളയങ്ങളും കൊടുങ്കാറ്റുകളും പേമാരിയും വര്‍ധിക്കും. 2100നു മുമ്പ് ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ കേരളത്തെയും ബാധിക്കുമെന്ന് തീര്‍ച്ചയാണ്. സംസ്ഥാനത്തിന്റെ ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങളും കണക്കിലെടുക്കണം.

560 കി മീ തീരദേശ മേഖലയുള്ള കേരളത്തെ സമുദ്രത്തിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും ബാധിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയും പ്രളയവും പേമാരിയും ഉണ്ടാകാം. അതുകൊണ്ട് കേരള വികസനത്തില്‍ ഈ കാര്യങ്ങളെല്ലാം പരിഗണിക്കണം.