ഫലസ്തീന്‍ യുവാവിനെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്നു

Posted on: November 26, 2018 9:41 pm | Last updated: November 26, 2018 at 9:41 pm

ഗസ്സ സിറ്റി: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈല്‍ സൈന്യം ഫലസ്തീന്‍ യുവാവിനെ വെടിവെച്ചു കൊന്നു. ഹെബ്‌റോണിന് വടക്കുള്ള ഗുഷ് എത്‌സ്യോണില്‍ റോഡ് ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ കാര്‍ ഓടിച്ചുകയറ്റാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു സൈന്യം യുവാവിനെ വെടിവെച്ചു കൊന്നത്. ബെത്‌ലഹേമിലെ ദെയ്‌ഷെ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന റംസി അബൂ യാബിസ് ആണ് കൊല്ലപ്പെട്ട ഡ്രൈവറെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി (പി ആര്‍ സി എസ്) പറഞ്ഞു. കാറോടിച്ചുകയറ്റിയതിനെ തുടര്‍ന്ന് മൂന്ന് ഇസ്‌റാഈല്‍ സൈനികര്‍ക്ക് പരുക്കേറ്റതായി ഇസ്‌റാഈലിലെ ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇവരില്‍ ഒരാള്‍ക്ക് തലക്ക് പരുക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ഇസ്‌റാഈല്‍ സൈന്യം പറഞ്ഞു. കൊല്ലപ്പെട്ട അബൂ യാബിസിന് 32 വയസ്സായിരുന്നു. ബെത്‌ലഹേമിലെ അറബ് റിഹാബിലിറ്റേഷന്‍ സൊസൈറ്റിയിലെ നഴ്‌സിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേധാവിയായിരുന്നു അദ്ദേഹമെന്നും ഫലസ്തീന്‍ അറിയിച്ചു. വെടിവെച്ചു വീഴ്ത്തിയ ശേഷം അബൂ യാബിസിന് ചികിത്സ നല്‍കാന്‍ ഇസ്‌റാഈല്‍ സൈന്യം വിസമ്മതിച്ചതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.