കിത്താബ്: ആ നാടകത്തിലേത് എന്റെ നിലപാടല്ല; രോഷാകുലനായി ഉണ്ണി ആര്‍

Posted on: November 25, 2018 5:11 pm | Last updated: November 25, 2018 at 11:00 pm

കോഴിക്കോട്: റവന്യൂ ജില്ലാ കലോത്സവത്തിലെ നാടക വിവാദത്തില്‍ രോഷാകുലനായി ചെറുകഥാകൃത്ത് ഉണ്ണി ആര്‍. ഇസ്‌ലാമോഫോബിയ നിലനില്‍ക്കുന്ന കാലത്ത് ഇത്തരത്തില്‍ ഇസ്‌ലാമിനെ വികൃതമാക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം സിറാജിനോട് പറഞ്ഞു. വാങ്ക് എന്ന കഥയില്‍ ഞാന്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമല്ല കഴിഞ്ഞ ദിവസം റവന്യൂ ജില്ലാ കലോത്സവത്തില്‍ അരങ്ങേറിയ നാടകത്തില്‍ ഉള്ളതെന്നാണ് മനസ്സിലാകുന്നത്. പിന്നെയെങ്ങനെ എന്റെ കഥയെ ആസ്പദമാക്കിയെന്ന് പറയാനാകും. എന്നോട് ചോദിക്കാതെയാണ് അവര്‍ അത് ചെയ്തിരിക്കുന്നതെന്നും ഉണ്ണി ആര്‍ പറഞ്ഞു.

ഇസ്‌ലാമിക പ്രത്യയ ശാസ്ത്രത്തെ വികലമാക്കുന്ന നാടകത്തിനെതിരെ ചെറുകഥാകൃത്ത് തന്നെ രംഗത്തെത്തിയതോടെ വിവാദത്തിന് ചൂട് പിടിക്കുകയാണ്. നാടകത്തിന് തന്റെ കഥയുമായി ബന്ധമുള്ളതായി തോന്നിയിട്ടില്ല. ഏതോ ഒരു മുക്രിയും ഒരു പെണ്‍കുട്ടിയുമൊക്കെയാണ് നാടകത്തില്‍ പറയുന്നത്. അതൊന്നുമല്ല ഞാന്‍ എന്റെ കഥയില്‍ ചൂണ്ടിക്കാട്ടുന്നത്. എന്റെ പേരിലും എന്റെ കഥയുടെ പേരിലും ഇസ്‌ലാമിനെ പ്രാകൃത മതമായി ചിത്രീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇസ്‌ലാം ഏറെ മാറ്റങ്ങള്‍ ഉണ്ടാക്കിയ മതമാണ്. ലോകമെമ്പാടുമുള്ള ഇസ്‌ലാം വിരുദ്ധ രാഷ്ട്രീയത്തിന് അനുകൂലമായി തന്റെ കഥയെ വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്റെ കഥ പറയുന്ന രാഷ്ട്രീയമല്ല നാടകം പറയുന്നത്. എന്റെ കഥയെ എന്തും ചെയ്യാമെന്ന് ധരിക്കരുതെന്നും അദ്ദേഹം രോഷത്തോടെ പ്രതികരിച്ചു. ഈ നാടകം സംസ്ഥാന കലോത്സവത്തില്‍ അവതരിപ്പിക്കുന്നതിനെതിരെ ഡി പി ഐക്ക് പരാതി നല്‍കിയതായി ഉണ്ണി ആര്‍ പറഞ്ഞു.

വാങ്ക് എന്ന കഥയെ ആസ്പദമാക്കിയാണ് കിതാബ് എന്ന നാടകമെന്നായിരുന്നു മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. പള്ളിയില്‍ ബാങ്ക് വിളിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന മകളുടെയും അതിനെ എതിര്‍ക്കുന്ന പിതാവിന്റെയും ജീവിതമാണ് കിതാബ് എന്ന നാടകത്തിലുള്ളത്. ഒടുവില്‍ മകള്‍ പള്ളിയില്‍ ബാങ്ക് വിളിക്കുന്നതോടെയാണ് നാടകം സമാപിക്കുന്നത്. ‘വാങ്കി’ല്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയായിരുന്നു റഫീഖ് മംഗലശ്ശേരി രചനയും സംവിധാനവും നിര്‍വഹിച്ച കിതാബ് അരങ്ങില്‍ അവതരിപ്പിച്ചിരുന്നത്.

എന്നാല്‍ നാടകം വിവാദമായതോടെ തെറ്റ് സമ്മതിച്ച് സ്‌കൂള്‍ അധികൃതര്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാനതലത്തില്‍ ഇതേ നാടകം അവതരിപ്പിക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രതികരിച്ചിരുന്നു.