Connect with us

National

തീവ്രവാദിയെ കൊന്നതു കൊണ്ടായില്ല, തീവ്രവാദം തുടച്ചുനീക്കുകയാണ് വേണ്ടത്: ഉറച്ച നിലപാടുമായി മുംബൈ ആക്രമണ ഇര ദേവിക

Published

|

Last Updated

മുംബൈ: തീവ്രവാദം സാധാരണ ജീവിതങ്ങളെ എങ്ങനെയാണ് ശാരീരികവും മാനസികവുമായ പ്രതിസന്ധിയുടെ ആഴക്കയങ്ങളിലേക്കു തള്ളിവിടുന്നതെന്നതിന് പ്രത്യക്ഷ തെളിവാണ് ദേവിക നട്‌വര്‍ലാല്‍ റോതാവന്‍ എന്ന പത്തൊമ്പതുകാരി. എന്നാല്‍, തന്നെ വെടിവെച്ച തീവ്രവാദിയെ നീതിപാലകര്‍ക്കു കാണിച്ചു കൊടുത്ത് ശിക്ഷ വാങ്ങിക്കൊടുത്തതിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു ധീരയായ ഈ പെണ്‍കുട്ടി.
അജ്മല്‍ കസബ് എന്ന തീവ്രവാദിയില്‍ നിന്ന് അന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന ദേവികക്കു വെടിയേറ്റ സംഭവത്തിന് നാളെ പത്തു വയസ്സു പൂര്‍ത്തിയാകുകയാണ്. ഒപ്പം മുംബൈ തീവ്രവാദി ആക്രമണത്തിന്റെ നടുക്കമുണര്‍ത്തുന്ന ഓര്‍മകള്‍ക്കും.

“2008 നവം: 26നാണ് ദേവികയുടെ ജീവിതത്തെ ദുരിതത്തിലാക്കിയ ആ ആക്രമണം നടന്നത്. പിതാവിനോടും സഹോദരനോടുമൊപ്പം പൂനെയില്‍ ജോലി ചെയ്യുന്ന ഇളയ സഹോദരന്റെയടുത്തേക്കു പോകുന്നതിനിടെയാണ് അതുണ്ടായത്. ഛത്രപതി ശിവജി ടെര്‍മിനസില്‍ ട്രെയിന്‍ കാത്ത് പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോള്‍ പടക്കം പൊട്ടുന്ന പോലുള്ള ശബ്ദം കേട്ടു. പിന്നീട് ആളുകള്‍ ഓടുന്നതാണ് കണ്ടത്. സഹോദരന്‍ കുളിമുറിയില്‍ കയറിയൊളിച്ചു. പിതാവിന്റെ നിര്‍ദേശമനുസരിച്ച് ഓടാന്‍ തുടങ്ങിയപ്പോഴാണ് വലത്തെ കാലിനു കടുത്ത വേദന അനുഭവപ്പെട്ടത്. വെടിയേറ്റു രക്തം പ്രവഹിക്കാന്‍ തുടങ്ങുകയും നിമിഷങ്ങള്‍ക്കകം എന്റെ ബോധം മറയുകയും ചെയ്തു.”- ദേവിക പറയുന്നു.

തന്റെ മകളെ വിചാരണക്കു വിധേയമാക്കാന്‍ പിതാവ് നട്‌വര്‍ലാല്‍ ആദ്യം സമ്മതിച്ചില്ല. ജെ ജെ ആശുപത്രിയില്‍ നിരവധി തവണ ശസ്ത്രക്രിയക്കു വിധേയയായി കിടക്കുന്ന സമയത്ത് പോലീസെത്തി പലതും ചോദിച്ചു. എന്നാല്‍, കോടതിയില്‍ ഹാജരാക്കുന്നതിനോടു യോജിക്കാന്‍ നട്‌വര്‍ലാലിനു മനസ്സു വന്നില്ല. കോടതിയില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്ന ദേവികയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പിന്നീടദ്ദേഹം വഴങ്ങുക മാത്രമല്ല, അവള്‍ക്കു പ്രചോദനമേകുകയും ചെയ്തു.

തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ച തീവ്രവാദിയെ കോടതിയില്‍ മുഖാമുഖം കണ്ടപ്പോള്‍ തനിക്കൊട്ടും ഭയമുണ്ടായിരുന്നില്ലെന്നു ദേവിക പറയുന്നു. ആരാണ് വെടിവെച്ചതെന്ന് കോടതി ആരാഞ്ഞപ്പോള്‍ വികാരരഹിതനായി അവിടെ നിന്നിരുന്ന കസബിനു നേരെ കൈചൂണ്ടുകയായിരുന്നു. അവിടെ വെച്ചാണ് തന്റെ ദുരിതങ്ങള്‍ക്ക് ആക്കം കൂട്ടിയ സംഭവഗതികളുടെ തുടക്കം.
സ്‌കൂളില്‍ മടങ്ങിയെത്തിയപ്പോള്‍ സുഹൃത്തുക്കളൊന്നും അടുത്തു വരാന്‍ പോലും തയ്യാറായില്ല. സഹപാഠികള്‍ തന്നില്‍ നിന്ന് അകലം പാലിക്കുകയോ വികാര രഹിതമായി പ്രതികരിക്കുകയോ ചെയ്തു. കസബിന്റെ മകള്‍ എന്നാണ് തന്നെ വിശേഷിപ്പിച്ചത്. പെണ്‍കുട്ടികള്‍ പരിഹസിക്കുകയും കൂടെ കളിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തതോടെ കരഞ്ഞുകൊണ്ട് ഞാന്‍ വീട്ടിലേക്കോടി. ബന്ധുക്കളും അകലാന്‍ തുടങ്ങി. സ്‌കൂളുകളില്‍ പ്രവേശനം ലഭിച്ചില്ല. വിചാരണ അവസാനിക്കും വരെ കുടുംബത്തിനു നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു.

ധീരമായി പ്രതികരിച്ചതിനും നിലപാടെടുത്തതിനും എല്ലാവരും എന്നെ അഭിനന്ദിച്ചെങ്കിലും അതിജീവനത്തിനു വേണ്ടി കഷ്ടപ്പെടുന്ന കുടുംബത്തെ സഹായിക്കാന്‍ ആരും മുന്നോട്ടു വന്നില്ല. നിരവധി ടെലിവിഷന്‍ ചാനലുകളില്‍ അവള്‍ സംസാരിച്ചു കഴിഞ്ഞു. എന്നാല്‍, അവളുടെ പഠനത്തിനുള്ള സാമ്പത്തിക സഹായം പോലും ലഭിച്ചില്ല. ഒരു വീട് നിര്‍മിച്ചു തരാമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല- നട്‌വര്‍സിംഗ് പറയുന്നു. കിഴക്കന്‍ ബന്ദ്രയിലെ വീട്ടിലെ ഒരിടുങ്ങിയ മുറിയിലാണ് പിതാവിനൊപ്പം ദേവിക താമസിക്കുന്നത്. പലതരം ചില്ലറപ്പണികള്‍ ചെയ്താണ് ഉപജീവനത്തിനു മാര്‍ഗം കണ്ടെത്തുന്നത്. ഇളയ രണ്ടു സഹോദരന്മാര്‍ക്കും ജോലിയൊന്നുമില്ല.

എന്നാല്‍, തളരാന്‍ ദേവിക ഒരുക്കമല്ല. പോലീസ് ഓഫീസറാകുകയെന്നതാണ് പ്രതിസന്ധികളെ മറികടന്ന് സിവില്‍ സര്‍വീസ് പരീക്ഷ പാസായ ദേവികയുടെ ലക്ഷ്യം. സമൂഹത്തില്‍ സമാധാനം കൊണ്ടുവരണമെന്നാണ് ആഗ്രഹം. കസബ് ഒരു കുഞ്ഞുമത്സ്യമാണെന്നും തീവ്രവാദിയെ കൊല്ലുകയല്ല, തീവ്രവാദത്തെ തുടച്ചുനീക്കുകയാണ് വേണ്ടതെന്നും വ്യക്തമായ കാഴ്ചപ്പാടോടെ ദേവിക പറയുന്നു.