Connect with us

Kozhikode

അന്താരാഷ്ട്ര മീലാദ് സമ്മേളനം നാല് മണിക്ക് ആരംഭിക്കും; മര്‍കസ് നഗരി ജനനിബിഢമാകും

Published

|

Last Updated

കോഴിക്കോട്: മര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെ കീഴില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് കോഫറന്‍സ് ഇന്ന് (ഞായറാഴ്ച) കാരന്തൂര്‍ മര്‍കസ് കാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കും. രാജ്യത്തെ ഏറ്റവും വലിയ മീലാദ് സമ്മേളനമാണിത്. പ്രമുഖരായ ഇസ്ലാമിക പണ്ഡിതരും അക്കാദമിക വിദഗ്ധരും പ്രവാചക പ്രകീര്‍ത്തന സംഘങ്ങളും സമ്മേളനത്തിന് നേതൃത്വം നല്‍കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ ജനപ്രവാഹം സമ്മേളനത്തില്‍ സംബന്ധിക്കും.

വിവിധ സംസ്ഥാനങ്ങളില്‍ മര്‍കസിന്റെ നേതൃത്വത്തില്‍ നടുന്നു വരുന്ന നബിദിനാഘോഷ പരിപാടികളുടെ സമാപ്തികുറിച്ചാണ് മീലാദ് സമ്മേളനം സംഘടിപ്പിക്കുന്നത്. കോഫറന്‍സില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ വാര്‍ഷിക പ്രവാചക സ്നേഹ പ്രഭാഷണവും നടക്കും.

മര്‍കസിനു കീഴില്‍ മതമീംമാംസയും ആധുനിക അക്കാദമിക വിഷയങ്ങളും ശാസ്ത്രീയമായി പഠിപ്പിക്കുന്ന പൂനൂരിലെ മദീനത്തുന്നൂര്‍ കോളേജ് ഓഫ് ഇസ്ലാമിക് സയന്‍സിന്റെ ബിരുദദാനവും സമ്മേളനത്തില്‍ നടക്കും. സ്ഥാപനത്തിലെ സപ്തവത്സര കോഴ്സ് പൂര്‍ത്തിയാക്കി മതപരമായും അക്കാദമികമായും ബിരുദാനന്തര ബിരുദം, ഡോക്ടറേറ്റ് എന്നിവക്കു പഠിക്കുന്ന 61 വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ ബിരുദം നല്‍കും. പ്രമുഖ സാദാത്തീങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന “അല്‍ മൗലിദുല്‍ അക്ബര്‍” എന്ന പ്രവാചക പ്രകീര്‍ത്തന ആലാപനത്തിനും സമ്മേളനം സാക്ഷ്യമാവും.

സമ്മേളന നഗരിയില്‍ വൈകീട്ട് നാലിന് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ പതാക ഉയര്‍ത്തും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടന പ്രസംഗം നടത്തും . സനദ് ദാനത്തിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. സമസ്ത സെക്രട്ടറിയും മര്‍കസ് ശരീഅ സിറ്റി ഡീനുമായ പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പ്രഭാഷണം നടത്തും. സി. മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തും. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി മീലാദ് സമ്മേളന സന്ദേശം അവതരിപ്പിക്കും. സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, ആലികുട്ടി മുസ്ലിയാര്‍ ഷിറിയ, കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍, ഹൈദ്രോസ് മുസ്ലിയാര്‍ കൊല്ലം, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മജീദ് കക്കാട് , ഡോ മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, ഡോ. അബ്ദുസ്സലാം എന്നിവര്‍ പങ്കെടുക്കും. സമസ്ത മുശാവറ അംഗങ്ങള്‍, കേരള മുസ്ലിം ജമാഅത്ത്, സുന്നി യുവജന സംഘം, എസ്.എസ്.എഫ് നേതാക്കള്‍ സംബന്ധിക്കും.

വിവിധ അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളുമായുള്ള മര്‍കസിന്റെ അക്കാദമിക ഉടമ്പടി കരാറുകളുടെ പ്രഖ്യാപനം പ്രമുഖരുടെ നേതൃത്വത്തില്‍ നടക്കും. മര്‍കസ് സഖാഫികളുടെ കൂട്ടായ്മയായ സഖാഫി ശൂറയുടെ നേതൃത്വത്തില്‍ നടക്കു ജീവകാരുണ്യ സംരംഭത്തിന്റെ ഉദ്ഘാടനവും ശ്രദ്ധേയരായ വ്യക്തികള്‍ക്കുള്ള ആദരവും സമ്മേളനത്തില്‍ നടക്കും.

ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം നടക്കുന്ന സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്. സമ്മേളനം ഭംഗിയായി നിയന്ത്രിക്കാന്‍ അഞ്ഞൂറ്റിയൊന്നു അംഗ വോളണ്ടിയേഴ്സ് പ്രവര്‍ത്തിക്കുന്നു. വാഹന പാര്‍ക്കിങ്ങിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിറാജ് ലൈവിലൂടെ സമ്മേളനത്തിന്റെ തത്സമയ വാര്‍ത്തകളും ദൃശ്യങ്ങളും ലഭ്യമാകും.

---- facebook comment plugin here -----

Latest