Connect with us

Articles

നബി സ്‌നേഹത്തിന്റെ മാസ്മരികതയാര്‍ന്ന സംഗമം

Published

|

Last Updated

മുസ്‌ലിംകളുടെ ജീവിതത്തെ കേരളത്തില്‍ സര്‍ഗാത്മകമാക്കിയതില്‍ പ്രധാന പങ്കുണ്ട് മീലാദാഘോഷങ്ങള്‍ക്ക്. ചരിത്രപരമായി തന്നെ റബീഉല്‍ അവ്വല്‍ മാസം വന്നാല്‍ വല്ലാത്ത സന്തോഷമാണ് വിശ്വാസികള്‍ക്ക്. ഇസ്‌ലാമിക ജ്ഞാന ശാസ്ത്രം കൈകാര്യം ചെയ്ത ഉന്നതരായ ആലിമുകള്‍ അതിനുള്ള കാരണവും വിശദമാക്കുന്നുണ്ട്. നബി മുഹമ്മദ് (സ)യുടെ പിറവി കൊണ്ട് അനുഗ്രഹീതമായ ഈ മാസത്തെ ബഹുമാനിക്കാനും നബികീര്‍ത്തനങ്ങളും മൗലിദുകളുമായി സന്തോഷപൂര്‍വം ആചരിക്കാനും അവര്‍ നിഷ്‌കര്‍ഷിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ അതിനാല്‍ മൗലിദുകള്‍ നമ്മുടെ വീടുകളില്‍ ചൊല്ലി വരുന്നു. സന്തോഷസൂചകമായി ഉള്ളതില്‍ കേമമായ ഭക്ഷണം എല്ലാവര്‍ക്കും വിതരണം ചെയ്യുന്നു.

കേരളത്തിലെ സുന്നി സ്ഥാപനങ്ങളുടെ എല്ലാം സ്ഥാപിത ലക്ഷ്യം തന്നെ നബി(സ)യുടെ സുന്നത്ത് യഥാര്‍ഥ തലത്തില്‍ പ്രചരിപ്പിച്ച് അല്ലാഹുവിന്റെ ദീന്‍ സുന്ദരമായി നിലനിറുത്തുക എന്നതാണ്. അതിനാല്‍, തന്നെ സുന്നി സ്ഥപനങ്ങള്‍, മദ്‌റസകള്‍, പള്ളികള്‍ എന്നിവിടങ്ങളിലെല്ലാം റബീഉല്‍ അവ്വലിന് പ്രത്യേക തെളിച്ചമാണ്. നബി പിറന്ന മാസത്തെ വരവേല്‍ക്കാന്‍ വര്‍ണാഭമായി ഒരുങ്ങി നില്‍ക്കുന്നു ഓരോ വിശ്വാസിയും. വീടുകളില്‍ സ്ത്രീകള്‍ മിക്ക ദിവസങ്ങളിലും മൗലിദ് ചൊല്ലുന്നു. വ്യത്യസ്തങ്ങളായ പരിപാടികള്‍ ഓരോ പ്രദേശത്തും സംഘടിപ്പിക്കപ്പെടുന്നു. നബിയോടുള്ള സ്‌നേഹം വിശ്വാസി മനസ്സുകളില്‍ തീവ്രമാക്കുകയും അതിലൂടെ വിജയികളാവുകയും ചെയ്യുക എന്നതാണ് ഇതിന്റെയെല്ലാം ലക്ഷ്യം.

മര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെ കീഴില്‍ നടക്കുന്ന ഏറ്റവും പ്രധാന മീലാദ് പരിപാടിയായ അന്താരാഷ്ട്ര മീലാദ് സമ്മേളനം ഇന്ന് കാരന്തൂരില്‍ നടക്കുകയാണ്. രാജ്യത്തെ തന്നെ വലിയ പ്രവാചക സ്‌നേഹ സംഗമമാണിത്. പതിനഞ്ച് വര്‍ഷം മുമ്പാണ്, വിപുലമായി, അന്താരാഷ്ട്ര മീലാദ് സമ്മേളനം എന്ന പേരില്‍ ഈ പരിപാടി സംഘടിപ്പിക്കപ്പെട്ടു തുടങ്ങിയത്. ലോകത്തെ പ്രഗത്ഭരായ പണ്ഡിതര്‍ ഓരോ വര്‍ഷവും നേതൃത്വം നല്‍കാനെത്തുന്നു. മര്‍കസിന്റെ നേതൃത്വത്തില്‍ രാജ്യത്താകെ നടക്കുന്ന മീലാദ് പരിപാടികളുടെ സമാപനമായാണ് ഈ സമ്മേളനം സംഘടിപ്പിക്കാറ്.

കേരളത്തിലെ സലഫികളും ജമാഅത്തെ ഇസ്‌ലാമിക്കാരും ഒരു കാലത്ത് വ്യാപകമായി പ്രചരിപ്പിച്ച ഒരു വാദം ഉണ്ടായിരുന്നു. കേരളത്തിന് പുറത്ത് മൗലിദ് പാരായണം പോലുള്ള നബി പ്രകീര്‍ത്തനങ്ങള്‍ ഇല്ലെന്നായിരുന്നു ആ അസത്യപ്രചാരണം. സത്യത്തില്‍ ലോകത്ത് വിശ്വാസികളുള്ള എല്ലായിടങ്ങളിലുമുണ്ട് നബി പ്രകീര്‍ത്തനവും റബീഉല്‍ അവ്വല്‍ ആഘോഷവും. കാരണം, മുസ്‌ലിംകളുടെ വിശ്വാസത്തിന്റെ സത്താപരമായ മാനമാണ് റസൂലിനെ സ്‌നേഹിക്കലും അവിടുത്തെ പ്രകീര്‍ത്തനം വ്യാപകമാക്കലും. അല്ലാഹു തന്നെ പഠിപ്പിച്ചത് അതാണല്ലോ; അല്ലാഹുവും മാലാഖമാരും അവിടുത്തെ കീര്‍ത്തനങ്ങള്‍ ഉരുവിടുകയാണ്, അതിനാല്‍ വിശ്വാസികളേ നിങ്ങളും ആ നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലുവീന്‍ എന്ന്.

ലോകത്തെ വിഖ്യാതരായ പല പ്രവാചക സ്‌നേഹികളും മര്‍കസില്‍ ഈ പരിപാടിക്ക് മുന്‍ വര്‍ഷങ്ങളില്‍ എത്തിയിട്ടുണ്ട്. സയ്യിദ് അബ്ബാസ് മാലികി മക്ക, ഡോ. ഉമര്‍ കാമില്‍, ശൈഖ് ഹബീബ് അലി ജിഫ്രി, ഡോ. റിയാള് ബാസു, ഡോ. സഅദ് അസ്ഹരി ലണ്ടന്‍, ശൈഖ് അബ്ദുല്‍ ഫത്താഹ് മോറോ ടുണീഷ്യ തുടങ്ങി അനേകം മഹാ പണ്ഡിതര്‍. അവരൊക്കെ ഊന്നിപ്പറഞ്ഞ ഒരു കാര്യമുണ്ട്; കേരളീയ വിശ്വാസികളുടെ തീവ്രമായ പ്രവാചക സ്‌നേഹമാണത്. ആ സ്‌നേഹം ഇവിടെ വിശ്വാസികളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. നമ്മുടെ മാപ്പിള പാരമ്പര്യം പ്രകീര്‍ത്തിക്കപ്പെടാറ് ഉന്നതമായ കാവ്യഗദ്യ സൃഷ്ടികളുടെ പേരിലാണല്ലോ. കുറേ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രചിക്കപ്പെട്ടവ. അത്തരം സൃഷ്ടികളില്‍ പലതിന്റെയും ഉള്ളടക്കം അല്ലാഹുവിന്റെ റസൂലിന്റെ ജീവിതവും മഹത്വങ്ങളുമൊക്കെയാണ്.

നബിയോടുള്ള വിശ്വാസികളുടെ മഹത്തായ ഹൃദയ ബന്ധത്തെ വേര്‍പ്പെടുത്താനും സുന്നത്ത് ജമാഅത്തിന്റെ വിശ്വാസ ധാരയില്‍ നിന്ന് അകറ്റാനും ശ്രമിക്കുന്ന പുത്തന്‍വാദികള്‍ വളരെ അരിശത്തോടു കൂടിയാണ് മൗലിദിനെയും റബീഉല്‍ അവ്വലിലെ നബി സ്‌നേഹ സംഗമങ്ങളെയും കാണാറുള്ളത്. നമ്മുടെയും അവരുടെയും വിശ്വാസത്തിന്റെ മൗലികതയില്‍ കാണുന്ന വ്യത്യാസത്തെയാണ് ഇത് ഓര്‍മിപ്പിക്കുന്നത്. നബിദിനത്തെപ്പോലും വിമര്‍ശിക്കുന്നവര്‍ക്ക് നബിയോട് ഉണ്ട് എന്ന് അവകാശപ്പെടുന്ന സ്‌നേഹത്തെക്കുറിച്ച് നമുക്ക് ഊഹിക്കാമല്ലോ.

മര്‍കസ് അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിലെ പ്രധാന ഇനങ്ങളിലൊന്നാണ് ശൈഖുനാ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നബിസ്‌നേഹ പ്രഭാഷണം. വല്ലാത്തൊരു പൊലിവാണല്ലോ ആ പ്രസംഗത്തിന്. കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി ഉസ്താദ് പ്രസംഗങ്ങള്‍ കൊണ്ട് കേരള മുസ്‌ലിംകളില്‍ അല്ലാഹുവിനോടും റസൂലിനോടും ഉള്ള സ്‌നേഹത്തിന്റെ വിസ്മയാവഹമായ മധുവിട്ടു നല്‍കിത്തുടങ്ങിയിട്ട്. കനമുള്ള ആ ശബ്ദത്തില്‍ ഉര്‍വരതയോടെ ഒഴുകുന്ന സ്‌നേഹ സന്ദേശം പാണ്ഡിത്യത്തിന്റെ തികവ് പ്രാപിച്ചവയാണ്. നബിയോരുടെ ഹദീസുകള്‍ ഏറ്റവും വിശ്വസനീയവും സ്വീകാര്യവുമായി അവതരിപ്പിച്ച ഇമാം ബുഖാരിയുടെ ഗ്രന്ഥത്തില്‍ അഞ്ച് പതിറ്റാണ്ട് ക്ലാസ് എടുക്കുന്ന ആ ഗുരുവിന്റെ മൊഴികള്‍ക്ക് അതിന്റെ അനുഭവത്തികവുണ്ടാകും. ബറകത്ത് ഉണ്ടാവും.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതര്‍, മദ്ഹ് ഗാനാലാപകര്‍, അക്കാദമിക വിദഗ്ധര്‍ എന്നിവരെല്ലാം സമ്മേളിക്കും ഈ മീലാദ് സമ്മേളനത്തിന്. കൂടാതെ മര്‍കസിന് കീഴിലെ പ്രമുഖമായ മത അക്കാദമിക പഠന കേന്ദ്രമായ പൂനൂര്‍ മദീനത്തുന്നൂര്‍ കോളജിന്റെ സനദ് ദാനവും നടക്കും. പതിനായിരങ്ങള്‍ സംഗമിച്ചു ഒന്നിച്ച് മൗലിദ് ചൊല്ലുന്ന അല്‍ മൗലിദുല്‍ അക്ബറും വലിയ ആത്മീയ അനുഭൂതിയാവും. വിശ്വാസികളെ ക്ഷണിക്കുന്നു, ഈ ധന്യ ചടങ്ങിലേക്ക്.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ