നിപ ബാധിച്ച് മരിച്ചത് 21പേര്‍; രോഗം ബാധിച്ച് മരിച്ച ആദ്യ ആരോഗ്യപ്രവര്‍ത്തക ലിനിയല്ലെന്നും റിപ്പോര്‍ട്ട്

Posted on: November 24, 2018 1:11 pm | Last updated: November 24, 2018 at 4:41 pm

കോഴിക്കോട്: സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കില്‍നിന്നും വ്യത്യസ്ഥമായി സംസ്ഥാനത്ത് നിപ വൈറസ് രോഗബാധമൂലം 21 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സിസ്റ്റര്‍ ലിനിയല്ല കോഴിക്കോട് മെഡിക്കല്‍ കോളജിലെ റോഡിയോളജി അസിസ്റ്റന്റ്ാണ് നിപ ബാധിച്ച് മരിച്ച കേരളത്തിലെ ആദ്യ ആരോഗ്യ വകുപ്പ് സ്റ്റാഫെന്നും അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍, ദി ജേര്‍ണല്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് എന്നിവയില്‍ പ്രസിദ്ധീകരിച്ച രണ്ട് ഗവേഷണ പഠന റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഒക്ടോബര്‍ 26, നവംബര്‍ ഒമ്പത് എന്നീ ദിവസങ്ങളിലായാണ് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം നിപ ബാധിച്ച 19 പേരില്‍ 17 പേര്‍ മരിച്ചുവെന്നും രണ്ടാമത്തെ രോഗിയില്‍തന്നെ നിപ തിരിച്ചറിഞ്ഞുവെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം 23 പേര്‍ക്ക് നിപ ബാധിച്ചുവെന്നും ഇതില്‍ 21 പേര്‍ മരിച്ചുവെന്നുമാണ് പറയുന്നത്. ഇതിന് പുറമെ ആരോഗ്യപ്രവര്‍ത്തക സിസ്റ്റര്‍ ലിനി മരിക്കുന്നതിന് മുമ്പ് റേഡിയോളജി അസിസ്റ്റന്റ് നിപ ബാധിച്ച് മരിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

റേഡിയോളജി അസിസ്റ്റന്റ് മെയ് 19നും സിസ്റ്റര്‍ ലിനി മെയ് 20നും മരിച്ചു. നിപ രോഗം തിരിച്ചറിയും മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജ്. പേരാമ്പ്ര താലൂക്ക് ആശുപത്രി, ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളിലായി അഞ്ച് പേര്‍ മരിച്ചിട്ടുണ്ട്. ആറാമത്തെ രോഗിയായ സാലിഹ് എത്തിയപ്പോഴാണ് രോഗം തിരിച്ചറിഞ്ഞതെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഡീഷനല്‍ ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനായ രാജീവ് സദാനന്ദന്‍, േൈവറോളജി ശാസ്ത്രജ്ഞനായ അരുണ്‍ കുമാര്‍, അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനിലെ കൈല ലാസേഴ്‌സണ്‍, കേന്ദ്ര ആരോഗ്യ വകുപ്പ് എന്നിവയിലെ ഉന്നതരടക്കമുള്ള സംഘമാണ് ഗവേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.