എച്ച്1 എന്‍1: ജാഗ്രത വേണം; ആശങ്ക വേണ്ട

Posted on: November 24, 2018 9:23 am | Last updated: November 24, 2018 at 9:23 am

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്1 എന്‍ 1 പനിയ്ക്കെതിരെ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നും എച്ച്1 എന്‍1 റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രതയാണ് ഏറ്റവും പ്രധാനം. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സാധാരണ പനി പോലും പകര്‍ച്ച പനിയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ അല്‍പം ശ്രദ്ധിച്ചാല്‍ ആശങ്കപ്പെടേണ്ടതില്ല. ആരംഭദശയില്‍ തന്നെ കൃത്യമായ ചികിത്സ തേടേണ്ടതാണ്.

തുടക്കത്തിലേ ചികിത്സിച്ചാല്‍ ഭേദമാകുന്നവയാണ് എല്ലാത്തരം പകര്‍ച്ച പനികളുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും വളരെ പ്രധാനമാണ്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും സാധാരണ പനിയും തൊണ്ടവേദനയുമാണെങ്കില്‍ പോലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

എന്താണ് എച്ച്1 എന്‍1 ?

മനുഷ്യനെ ഗുരുതരമായി ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് എച്ച്1 എന്‍1. ജലദോഷ പനികള്‍ പോലെ തുമ്മലിലൂടെയും ചുമയിലൂടെയുമാണ് ഇത് പകരുന്നത്. 2009 മുതല്‍ ഇത് കേരളമടക്കം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വ്യാപകമായി പകര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്നു. 2016നെ അപേക്ഷിച്ച് 2017ല്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രോഗ ലക്ഷണങ്ങള്‍

പനി, ജലദോഷം, ചുമ, തൊണ്ട വേദന, ശരീര വേദന, ശ്വാസംമുട്ടല്‍ എന്നിവയാണ് എച്ച്1 എന്‍1 രോഗലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ അസാധാരണമായി നീണ്ടു പോകുകയോ ക്രമാതീതമായി കൂടുകയോ ചെയ്താല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ഗര്‍ഭിണികള്‍, വയോധികര്‍, പ്രമേഹം, ആസ്ത്മ, ഹൃദ്രോഹം, കരള്‍ രോഗം, വൃക്ക രോഗം, രക്താദിസമ്മര്‍ദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും ഡോക്ടറുടെ സേവനം തേടേണ്ടതാണ്. സ്വയം ചികിത്സ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

രോഗപ്പകര്‍ച്ച എങ്ങനെ തടയാം?

രോഗം ബാധിച്ചവരുടെ സ്രവങ്ങള്‍ യാത്രയ്ക്കിടേയും മറ്റും കൈയ്യില്‍ പുരളാന്‍ സാധ്യതയുള്ളതിനാല്‍ കൈ ശുചീകരിക്കും മുമ്പ് മുഖത്ത് തൊടാന്‍ പാടില്ല. എച്ച്1 എന്‍1 പകര്‍ച്ച തടയാനായി രോഗബാധിതര്‍ പ്രത്യേകിച്ച് കുട്ടികള്‍ സ്‌കൂള്‍, അംഗന്‍വാടി, ഉത്സവപ്പറമ്പ് പോലെയുള്ള ആളുകള്‍ കൂടുന്ന സ്ഥലത്ത് രോഗം പൂര്‍ണമായും മാറിയതിന് ശേഷം മാത്രം പോകുക.

രോഗികളും പരിചരിക്കുന്നവരും ശദ്ധിക്കേണ്ട കാര്യങ്ങള്‍

1. ആവശ്യത്തിന് വിശ്രമം എടുക്കുക
2. രോഗിക്കായി പ്രത്യകം മുറി ഏര്‍പ്പെടുത്തുക
3. മുറിയില്‍ വായു സമ്പര്‍ക്കം ഉറപ്പുവരുത്തുക
4. ഒരാള്‍ മാത്രം രോഗിയുടെ പരിചരണ ചുമതല ഏറ്റെടുക്കുക
5. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ചെറിയ ടവല്‍ കൊണ്ട് വായും മൂക്കും മൂടുക
6. സന്ദര്‍ശകരെ കഴിവതും ഒഴിവാക്കുക
7. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക
8. പോഷകാഹാരങ്ങളും കഞ്ഞിവെള്ളമോ മറ്റ് ചൂടു പാനീയങ്ങളോ ധാരാളമായി കഴിക്കേണ്ടതാണ്.