Connect with us

Articles

ജാതി വേരാഴ്ത്തുന്ന സാമൂഹിക ജീവിതം

Published

|

Last Updated

തമിഴ് നാട്ടിലെ അളഗുമല ഗ്രാമത്തിലെ ജാതിവേലിയെക്കുറിച്ചുള്ള വാര്‍ത്ത ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പുറം ലോകമറിഞ്ഞത്. ദളിതര്‍ തലമുറകളായി ഉപയോഗിച്ചുപോന്ന റോഡില്‍ കഴിഞ്ഞ ഒക്‌ടോബര്‍ 15ന് സവര്‍ണ വിഭാഗത്തില്‍പ്പെട്ടവര്‍ ചില മത സംഘടനകളുടെ പിന്‍ബലത്തോടെ വേലി ഉയര്‍ത്തുകയായിരുന്നു. ഇനി ഇതുവഴി കീഴ്ജാതിയില്‍പ്പെട്ട ആരും നടന്നുപോകരുതെന്നായിരുന്നു സവര്‍ണരുടെ തിട്ടൂരം. തമിഴ്‌നാട്ടിലെ അയിത്ത നിര്‍മാര്‍ജന മുന്നണി സമരത്തിനിറങ്ങി. വൈകാതെ സര്‍ക്കാര്‍ തന്നെ വേലി പൊളിച്ചു. നമ്മുക്കിത് ഇപ്പോള്‍ അതിശയകരമായി തോന്നാം. ജാതിയുടെ പേരില്‍ ഇപ്പോഴും നാട്ടില്‍ ആളുകളെ തരം തിരിക്കപ്പെടുന്നുണ്ടെന്നതും സവര്‍ണ-അവര്‍ണ വ്യത്യാസം നിലനില്‍ക്കപ്പെടുന്നുണ്ടെന്നതുമെല്ലാം കൗതുകത്തോടെയും ആശങ്കയോടും കൂടി മാത്രമേ കാണാനാകുകയുള്ളൂ. ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്‌നാട്ടിലുമുള്‍പ്പെടെ പലയിടത്തും ഇപ്പോഴും ദുരാചാരങ്ങള്‍ വലിയ തോതില്‍ ആചരിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുമ്പോഴാണ് കേരളത്തിലെ ജാതി വര്‍ണവ്യവസ്ഥയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ ബോധ്യപ്പെടുക. ദുരാചാരങ്ങള്‍ നീങ്ങിയിട്ടുണ്ടെങ്കിലും കേരളത്തിന്റെ പൊതുമനസ്സില്‍ നിന്ന് ജാതി ചിന്തയുടെ വേരുകള്‍ പൂര്‍ണമായും പിഴുതെറിയാനായിട്ടില്ലെന്ന് കാണേണ്ടിവരും. സമീപ കാലത്തുണ്ടായ /ഉണ്ടാകുന്ന ജാതി വളര്‍ച്ചയുടെയും ജാതിബോധത്തിന്റെയും ദൃഷ്ടാന്തങ്ങള്‍ ജാതി ചിന്ത കേരളീയ മനസ്സില്‍ നിന്ന് പൂര്‍ണമായും അസ്തമിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തം. സമീപകാലത്ത് കേരള സമൂഹത്തിലും രാഷ്ട്രീയത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ജാതീയതയുടെ വേലിയേറ്റത്തെ അതീവ ഗൗരവത്തോടെ കാണണമെന്ന വിലയിരുത്തലുകള്‍ അടുത്ത കാലത്ത് ഉയര്‍ന്ന് വന്നല്ലോ. ജാതീയതയുടെ അതിപ്രസരവും ജാതി സംഘടനകളുടെ ഇടപെടലുകളും കേരളത്തില്‍ പുതിയ പ്രതിഭാസമല്ലെങ്കിലും ജാതിവ്യവസ്ഥയിലൂടെ അടിച്ചേല്‍പ്പിച്ച സാമൂഹികാസമത്വമാണ്, ഇന്നു കാണുന്ന പല പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് നിസ്സംശയം പറയാനാകും. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ സാമൂഹിക പരിഷ്‌കാരത്തിന്റെയും ശാസ്ത്രബോധത്തിന്റെയും നിലപാടുകളുമായി മുന്‍കാലങ്ങളില്‍ ജാതിസംഘടനാ നേതാക്കളാണെത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് എതിര്‍ ദിശയിലേക്കാണ് മാറിയിട്ടുള്ളത്. ജാതി സമ്പ്രദായത്തെ അതേപടി ശക്തിപ്പെടുത്തി ഹൈന്ദവ ഏകീകരണത്തിനായി മുന്നിട്ടിറങ്ങിയ ബഹുഭൂരിപക്ഷം ജാതിനേതാക്കളും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പ്രചാരകരായി ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നുവെന്നതാണ് പരമാര്‍ഥം. പൂര്‍ണമായും പിഴുതെറിയപ്പെട്ട മിക്ക ആചാരങ്ങളും പൂര്‍വാധികം ശക്തിയോടെ തിരച്ചു കൊണ്ടുവരാനുള്ള ശ്രമം ഇപ്പോള്‍ വീണ്ടും ശക്തിപ്പെട്ടുവെന്നു വേണം കരുതാന്‍.

ജനനം, മരണം, വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളുമായി ബന്ധപ്പെട്ടുള്ള ചെറിയ അനാചാരങ്ങള്‍ പോലും തിരിച്ചുകൊണ്ടുവരാന്‍ പരിശ്രമിക്കുന്നുവെന്നതും ഇത്തരം അനാചാരങ്ങള്‍ക്ക് വഴിപ്പെടാത്തവരെപ്പോലും സാമൂഹികമായി ഒറ്റപ്പെടുത്താന്‍ ചില ജാതിസംഘടനാ നേതാക്കള്‍ ഇപ്പോഴും മുഷ്‌ക് കാട്ടുന്നുവെന്നതും പ്രാദേശിക തലങ്ങളില്‍ ഇക്കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷാല്‍പ്പോലും ബോധ്യപ്പെടും. അഖിലേന്ത്യാ രാഷ്ട്രീയത്തില്‍ യു പി, ബിഹാര്‍ സംസ്ഥാനങ്ങളില്‍ ജാതി പാര്‍ട്ടികളുടെ അധികാരാരോഹണം കേരളത്തിലെ സാമുദായിക ശക്തികള്‍ക്ക് പ്രചോദനമായിട്ടുണ്ട്. ഇതാണ് ജാതി ബോധം ശക്തിപ്പെടുന്നതിനും ജാതി സംഘടനകളുടെ ശാക്തീകരണത്തിനും അടുത്ത കാലത്ത് ഊര്‍ജം നല്‍കുന്നതെന്ന് വേണം കരുതാന്‍. ജാതി പോലെയുള്ള ആശയങ്ങള്‍ എത്ര ജനാധിപത്യ വിരുദ്ധമായിരുന്നാലും പിന്തിരിപ്പനായിരുന്നാലും സമൂഹത്തില്‍ ശക്തമായി നിലനില്‍ക്കുന്ന വാസ്തവം എന്ന നിലക്ക് അവ കാലാകാലം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നതിനാല്‍ ഇവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇപ്പോഴും പ്രസക്തിയുണ്ട്.

കേരളത്തില്‍ അധികാര രാഷ്ട്രീയത്തിലെത്തിപ്പെടാനാകില്ലെന്ന ഉറച്ച വിശ്വാസമുള്ളതിനാല്‍ സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കുകയെന്ന ആവശ്യത്തിന് താല്‍ക്കാലിക അവധി നല്‍കി, തീവ്രഹിന്ദുത്വ നിലപാട് ശക്തമാക്കാനുള്ള രാഷ്ട്രീയ അജന്‍ഡ ശക്തിപ്പെടുത്താനുള്ള ശ്രമം സംഘ്പരിവാരം അടുത്ത കാലത്തായി തുടങ്ങിയിട്ടുണ്ട്. ശബരിമലയുടെ പശ്ചാത്തലത്തില്‍ ഹിന്ദുത്വത്തെ ഏങ്ങനെ തീവ്രമായി അവതരിപ്പിക്കാമെന്ന പരീക്ഷണമാണ് അവര്‍ നടത്തിത്തുടങ്ങിയിട്ടുള്ളത്. നിലവില്‍ ഉറങ്ങിക്കിടക്കുന്ന ജാതി സംഘടനകളെപ്പോലും വിസ്മരിക്കപ്പെട്ട ആചാരങ്ങളുടെ പേരില്‍ തട്ടിയുണര്‍ത്തി ജാതി ബോധം ശക്തിപ്പെടുത്താനാണ് സംഘ്പരിവാര്‍ ആഞ്ഞു ശ്രമിക്കുന്നത്. രാജമുദ്രയും രാജ ചിഹ്നങ്ങളും നവബ്രാഹ്മണ്യവുമെല്ലാം തിരിച്ചു കൊണ്ടുവരാനും അതിനായി ആവശ്യമുള്ള ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കാനുമുള്ള അതി നിഗൂഢമായ അജന്‍ഡയും സംഘ്പരിവാരം സൃഷ്ടിച്ചെടുക്കുന്നുണ്ടെന്ന കാര്യം കാണാതെ പോകാനാകില്ല. ശ്രീനാരായണഗുരുവിനെപ്പോലുള്ളവര്‍ കൊളുത്തിവിട്ട വിചാരവിപ്ലവത്തിന്റെ അഗ്‌നിയെ തല്ലിക്കെടുത്തിയാണ് ജാതിസംഘടനകള്‍ക്കായുള്ള പരവതാനി ഇക്കൂട്ടര്‍ വിരിച്ചുവെക്കുന്നത്. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും കൊടികുത്തിവാണകാലത്താണ് “ഈഴവ ശിവനെ” പ്രതിഷ്ഠിച്ച് സാമൂഹിക വിപ്ലവത്തിന് ഗുരുതിരികൊളുത്തിയത്. പ്രതിഷ്ഠക്കെത്തിയ ഗുരുവിനെ തര്‍ക്കത്തില്‍ തോല്‍പ്പിക്കാനെത്തിയവര്‍ അദ്ദേഹത്തിന്റെ വാദമുഖങ്ങള്‍ക്ക് മുന്നില്‍ തോറ്റുമടങ്ങിയതാണ് ചരിത്രം. എന്നാല്‍, ഗുരുവിനെപ്പോലും ഹൈന്ദവവത്കരിക്കാനുള്ള ശ്രമം ഇക്കൂട്ടര്‍ നടത്തുന്നുവെന്നതാണ് വിരോധാഭാസം. ഹിന്ദുക്കള്‍ക്കിടയിലെ ജാതിവ്യത്യാസം ഇല്ലാതാക്കി ഒന്നിപ്പിക്കാന്‍ ശ്രമിച്ച ഒരു ഹിന്ദുമതപരിഷ്‌കര്‍ത്താവായി മാത്രം ഇവര്‍ അവതരിപ്പിച്ചുവെന്നതാണ് ഏറെ പരിഹാസ്യം. 1855 മുതല്‍ 1957 വരെയും പിന്നീട് രണ്ടോ മൂന്നോ പതിറ്റാണ്ടും കേരളം പ്രകടിപ്പിച്ച പുരോഗമനാശയങ്ങളുടെ കുതിപ്പുകള്‍ പിന്നീട് അത്രകാര്യമായി നടപ്പിലായില്ല. നവോത്ഥാനത്തിന്റെ ഭാഗമായി നാം നേടിയെടുത്ത മൂല്യങ്ങളെല്ലാം വിലകെട്ടതായി പരിണമിച്ചു കഴിഞ്ഞിരിക്കുന്നുവെന്നത് പരമാര്‍ഥം. നഷ്ടപ്പെട്ട നവോത്ഥാനചൈതന്യത്തിന്റെ പുനരുജ്ജീവനം ഇനി ഉണ്ടാകും എന്ന് ആരും പ്രതീക്ഷിക്കുന്നുമില്ല. സ്വന്തം ജാതി ബോധത്തെ പഴയതിലും കൂടുതല്‍ ശക്തമായി കൊണ്ടു നടക്കാന്‍ ഇഷ്ടപ്പെടുന്നവരായി പലരും മാറിയതിന് പിന്നിലും ജാതിചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന തീവ്രഹൈന്ദവസംഘടനകളുടെ പങ്ക് ചെറുതല്ല. കേരളത്തിന്റെ പൊതുമണ്ഡലം ഇന്നുഭവിക്കുന്ന വര്‍ഗീയബോധം, അന്ധവിശ്വാസം, അസഹിഷ്ണുത എന്നിവക്കൊക്കെ പിറകില്‍ അമിതമായി പടരുന്ന ജാതി ബോധത്തിന്റെ ചൂട് കണ്ടേക്കാം.

മനുഷ്യവികസന സൂചിക തയ്യാറാക്കുന്നതിന്റെ ഭാഗമായി നാഷനല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക്‌സ് റിസര്‍ച്ചും അമേരിക്കയിലെ മേരിലാന്‍ഡ് സര്‍വകലാശാലയും സംയുക്തമായി നേരത്തെ ഒരു സര്‍വേ നടത്തിയിരുന്നു. ജാതിവ്യവസ്ഥ ഇന്ത്യയില്‍ കാര്യമായി ഇപ്പോഴില്ലെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയും എന്നാല്‍ ജാതിയുടെ പേരില്‍ അധികാരം കൈയടക്കുകയും ചെയ്യുന്നവര്‍ക്കുള്ള മറുപടിയായിരുന്നു പ്രസ്തുത സര്‍വേയുടെ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നാലിലൊന്നു പേരും കേരളത്തില്‍ രണ്ട് ശതമാനം പേരും അയിത്തം ആചരിക്കുന്നുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 42,000 വീടുകള്‍ സാമ്പിളുകളായി കണക്കാക്കിയാണ് സര്‍വേ നടന്നത്. ഇന്ത്യയില്‍ മഹാരാഷ്ട്രയില്‍ നാല് ശതമാനം പേരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏഴ് ശതമാനവും ആന്ധ്രാപ്രദേശില്‍ പത്ത് ശതമാനവുമാണ് അയിത്തം. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളാണ് അയിത്തത്തില്‍ ഏറ്റവും മുന്നില്‍. മധ്യപ്രദേശ് 53 ശതമാനം, ഹിമാചല്‍പ്രദേശ് 50 ശതമാനം, ഛത്തീസ്ഗഢ് 48 ശതമാനം, രാജസ്ഥാന്‍, ബിഹാര്‍ 47 ശതമാനം, ഉത്തര്‍പ്രദേശ് 43 ശതമാനം, ഉത്തരാഖണ്ഡ് 40 ശതമാനം എന്നിങ്ങനെയാണ് അയിത്താചാരക്കാര്‍. സര്‍വേയോടുള്ള പ്രതികരണമനുസരിച്ച് മൊത്തമായി വിലയിരുത്തിയാല്‍ നാലിലൊന്ന് ഇന്ത്യക്കാരും അയിത്തം ആചരിക്കുന്നുണ്ടെന്ന് സമ്മതിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാറിതരമായി നടക്കുന്ന ഏറ്റവും വലിയ തെളിവെടുപ്പാണ് മനുഷ്യവികസന സൂചിക തയ്യാറാക്കുന്നതിന്റെ ഭാഗമായിട്ടുള്ള വീടുകള്‍ കയറിയിറങ്ങിയുള്ള ഈ സര്‍വേ.

ഇനി കേരളത്തിലെ ജാതിവ്യവസ്ഥയുടെ ചരിത്രം നോക്കിയാലോ? ഹിന്ദുക്കള്‍ക്കിടയിലുള്ള ജാതി വിഭജനത്തിന്റെ പ്രശ്‌നം വിശദീകരിക്കാന്‍ ഒരു ആയുഷ്‌കാലം മുഴുവന്‍ പ്രയത്‌നിക്കേണ്ടി വരുമെന്ന് 1871ല്‍ മദിരാശി കാനേഷുമാരി റിപ്പോര്‍ട്ടില്‍ ബ്രിട്ടീഷ് സര്‍ജന്‍ ജനറല്‍ ഡോ. കോര്‍ണിഷ് എഴുതിയിട്ടുണ്ടെന്ന് വില്യംലോഗന്‍ മലബാര്‍ മാന്വലില്‍ വിവരിക്കുന്നുണ്ട്. ജാതിവ്യവസ്ഥയെ വിമര്‍ശപരമായി പരിശോധിക്കുന്ന കോര്‍ണിഷ് ഹിന്ദു സ്മൃതികളിലെ പ്രസ്താവനകള്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. മറ്റ് സമുദായങ്ങളുടെ ചെലവില്‍ ബ്രാഹ്മണ്യത്തെ പ്രകീര്‍ത്തിക്കുകയാണ് സ്മൃതി വചനങ്ങള്‍ എന്ന് കോര്‍ണിഷ് പറയുന്നു. ബ്രാഹ്മണസൃഷ്ടിയാണ് ജാതിവ്യവസ്ഥയെന്ന് അതിന്റെ ഉത്ഭവവും വളര്‍ച്ചയും വിളിച്ചോതുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വൈകിയാണ് കേരളത്തില്‍ ജാതിവ്യവസ്ഥ നിലവില്‍ വന്നത്. ചേര സാമ്രാജ്യത്തിന്റെ അധഃപതനത്തിനു ശേഷം നമ്പൂതിരിമാര്‍ സ്വാധീനശക്തിയുള്ളവരായിമാറുകയും തുടര്‍ന്ന് ജാതിവ്യവസ്ഥ നിലവില്‍ വരികയും ചെയ്തു എന്ന് കരുതപ്പെടുന്നു. സവര്‍ണരെന്നും അവര്‍ണരെന്നുമുള്ള വ്യത്യാസം വര്‍ണത്തെ അടിസ്ഥാനമാക്കിയാണെങ്കിലും അതിലുപരി മറ്റു പല ഒളിഞ്ഞിരിക്കുന്ന വസ്തുതകളും ജാതി നിര്‍ണയത്തില്‍ പ്രതിഫലിച്ചുകാണാം. കേരളത്തില്‍ ജാതി സമ്പ്രദായം ആരംഭിച്ചത് ആര്യന്മാരാണെന്ന് വില്ല്യം ലോഗന്‍ രേഖപ്പെടുത്തുന്നു. ആര്യന്മാരുടെ വരവിനു മുമ്പ് ഇവിടെ ജാതി വ്യവസ്ഥ നിലനിന്നു എന്നതിനോ സാമൂഹിക വ്യവസ്ഥിതി എങ്ങനെയായിരുന്നു എന്ന് അറിയുന്നതിനോ ശക്തമായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. കേരളത്തില്‍ ജാതികളുണ്ടായത് തൊഴിലിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നില്ല. തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെ ജാതികളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ ജാതി നാമങ്ങളുടെ അര്‍ഥങ്ങള്‍ പരിശോധിച്ചാല്‍ത്തന്നെ ഇക്കാര്യം വ്യക്തമാകും. പഴയ ജന്മി ഗൃഹങ്ങളില്‍ പകലന്തിയോളം ജോലി കഴിഞ്ഞെത്തുന്ന കുടിയാന്മാര്‍ക്ക് മുറ്റത്ത് കുഴികുത്തി അതില്‍ വാഴയില വെച്ച്, അതിലേക്ക് കഞ്ഞിയൊഴിച്ചുകൊടുത്ത പാരമ്പര്യം നമുക്കുണ്ടായിരുന്നു. ഭൂമിയില്‍ അധ്വാനിച്ചവന് അതിന്റെ ഉടമസ്ഥാവകാശം ലഭിക്കുകയും ജന്മിത്വം അവസാനിക്കുകയും ചെയ്തപ്പോള്‍ മറഞ്ഞുപോയൊരു ഗതകാല പാരമ്പര്യമാണത്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തൊരു ജനതക്ക് തല ചായ്ക്കാന്‍ ഒരു തുണ്ട് മണ്ണും അതില്‍ അധ്വാനിച്ച് ജിവിക്കാനുള്ള ആത്മാഭിമാനവും സ്വന്തമായി ലഭിച്ചപ്പോള്‍, ആ മണ്ണില്‍ ജനിച്ചുവളര്‍ന്ന വര്‍ത്തമാന കാലം പഴയ പാരമ്പര്യത്തെ “തിരിച്ചുപിടിക്കേണ്ടതിന്റെ” പ്രാധാന്യത്തെക്കുറിച്ചാണ് ഉത്കണ്ഠാകുലമാകേണ്ടത്. കേരളത്തിന്റെ സാമൂഹിക വികാസം എങ്ങനെ ഉണ്ടായി എന്ന പരിശോധനയും ചര്‍ച്ചയും ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കേരളീയ സമൂഹത്തിന്റെ സവിശേഷത മതേതരവും ജനാധിപത്യപരവുമായ ജീവിതക്രമത്തിന്റെ വികാസമായിരുന്നു. ജാതീയതയിലധിഷ്ഠിതമായ സമൂഹമെന്ന സവര്‍ണ സംസ്‌കാരത്തില്‍ നിന്ന് മാറി ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിലും അതിനുവേണ്ടി നാടിനെ ഒരുക്കുന്നതിലൂടെയുമാണ് പുരോഗതിയുണ്ടാകുകയെന്ന നവ ചിന്ത വീണ്ടും മുളപൊട്ടിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ ജനത അനുഭവിക്കുന്ന പ്രയാസങ്ങളുടെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് പകരം അതിന്റെ പേരില്‍ ജനങ്ങളെ വര്‍ഗീയമായി ഏറ്റുമുട്ടിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുന്നവരെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടെന്നതും പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest