Connect with us

Editorial

തൊഴിലില്ലായ്മാ ആത്മഹത്യയും

Published

|

Last Updated

കര്‍ഷക ആത്മഹത്യ പോലെ തൊഴിലില്ലായ്മ മൂലമുള്ള ആത്മഹത്യകളും രാജ്യത്ത് വര്‍ധിക്കുകയാണോ? രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയില്‍ രണ്ട് ദിവസം മുമ്പ് മൂന്ന് ബിരുദധാരികള്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതിന് പിന്നില്‍ തൊഴിലില്ലായ്മയാണെന്നാണ് പോലീസ് പറയുന്നത്. ആറ് പേര്‍ ചേര്‍ന്നാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനമെടുത്തത്. രണ്ട് പേര്‍ തീവണ്ടി വന്നപ്പോള്‍ പിന്മാറി. മറ്റുള്ളവര്‍ തീവണ്ടിക്ക് മുന്നിലേക്ക് ചാടിയതില്‍ മൂന്ന് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയുമായിരുന്നു. ആത്മഹത്യയില്‍ നിന്ന് പിന്മാറിയ യുവാക്കളാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട് കാലങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് 2016 ആഗസ്റ്റില്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയില്‍ ആറ് യുവാക്കള്‍ പ്രതിഷേധ സമരം നടത്തുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഉയര്‍ന്ന പ്രതീക്ഷകളോടെ വളരുന്ന യുവാക്കളെ തൊഴിലില്ലായ്മ അക്രമത്തിലേക്കും കലാപത്തിലേക്കും നയിക്കാനിടയുണ്ടെന്നാണ് ജാമിയ മില്ലിയ്യ സോഷ്യോളജി വിഭാഗം തലവന്‍ നേശത്ത് കയ്‌സറിന്റെ പക്ഷം. രാജ്യത്ത് വര്‍ധിച്ചുവരുന്ന സാമൂഹികവും രാഷ്ട്രീയവുമായ കലാപങ്ങളും അക്രമങ്ങളും ജെല്ലിക്കെട്ട് സമരം പോലെയുള്ള പ്രക്ഷോഭങ്ങളും അക്രമത്തിലേക്ക് നീങ്ങുന്നതിന്റെ കാരണവും ഇതാണെന്നാണ് അദ്ദേഹം പറയുന്നത്.

തൊഴിലില്ലായ്മ മൂലം ആത്മഹത്യ വന്‍തോതില്‍ നടക്കുന്നുണ്ടെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡിലെ സൂറിച്ച് യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ ആഗോള പഠനത്തില്‍ കണ്ടെത്തിയിരുന്നു. തൊഴിലില്ലായ്മ കാരണം വര്‍ഷാന്തം 45,000 ത്തോളം പേര്‍ ആത്മഹത്യ ചെയ്യുന്നതായാണ് 2000 മുതല്‍ 2011 വരെയുള്ള 11 വര്‍ഷങ്ങളെ ആസ്പദമാക്കി 63 രാഷ്ട്രങ്ങളില്‍ അവര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്ന 2000-2011 വര്‍ഷത്തില്‍ ഇത് 51,114 ആയി ഉയരുകയുമുണ്ടായി. പ്രായഭേദമന്യേ സ്ത്രീകളും പുരുഷന്മാരും തൊഴിലില്ലായ്മയുടെ ഇരകളാണെന്നും പഠനം പറയുന്നു. തൊഴില്‍രഹിതരുടെ ഇടയില്‍ മനഃശാസ്ത്രപരമായ പ്രശ്‌നങ്ങളും വൈകാരിക അസ്ഥിരതയും ഇച്ഛാഭംഗവും ആത്മാഭിമാന നഷ്ടവും വര്‍ധിച്ചുകൊണ്ടിരിക്കുന്നതായി മനഃശാസ്ത്രജ്ഞന്മാരും അഭിപ്രായപ്പെടുന്നു. ഇതാണ് തൊഴില്‍ രഹിതരെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.

ഇന്ത്യയില്‍ തൊഴിലില്ലായ്മാ നിരക്ക് ആശങ്കാജനകമായി ഉയരുകയാണ്. കഴിഞ്ഞ മാസം നിരക്ക് 6.9 ശതമാനമായി ഉയര്‍ന്നതായാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി നടത്തിയ പഠനം കാണിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്ര ഉയരത്തിലെത്തുന്നത്. 2017 ഒക്ടോബറില്‍ ജോലിക്കാരായി 407 ദശലക്ഷം പേരാണ് ഉണ്ടായിരുന്നതെങ്കില്‍ 2018 ഒക്ടോബറില്‍ ഇത് 397 ദശലക്ഷമായി. 2.4 ശതമാനമാണ് ഇടിവ്. ജോലി തേടുന്ന തൊഴില്‍ രഹിതരുടെ സംഖ്യ 2017 ജൂലൈയില്‍ 14 ദശലക്ഷമായിരുന്നത് 2018 ഒക്ടോബറില്‍ 29.5 ദശലക്ഷമായി ഉയരുകയും ചെയ്തു. 15 വയസ്സിനും 29 വയസ്സിനും ഇടയിലുള്ള ഇന്ത്യയിലെ 30 ശതമാനത്തോളം ചെറുപ്പക്കാര്‍ ഒരു തൊഴിലുമില്ലാത്തവരാണ്. സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് അനുദിനം തൊഴില്‍ നഷ്ടപ്പെടുകയും അവര്‍ അസംഘടിത മേഖലയിലേക്ക് ചേക്കേറുകയും ചെയ്യുന്നു. തൊഴില്‍ ലഭ്യത ഒരു ശതമാനം കുറഞ്ഞു എന്ന് പറയുമ്പോള്‍ 40 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നാണര്‍ഥം.

ലേബര്‍ ബ്യൂറോ 2017ല്‍ പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണ് ഇന്ത്യയില്‍ ഇപ്പോള്‍ ഉള്ളത്. രാജ്യത്ത് തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായ യുവാക്കളുടെ എണ്ണം വര്‍ഷം തോറും പെരുകുമ്പോള്‍, അതിനേക്കാള്‍ എത്രയോ കുറഞ്ഞ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. പ്രതിവര്‍ഷം ശരാശരി 12 ദശലക്ഷം പേര്‍ തൊഴില്‍ തേടി പുതുതായി കടന്നുവരുന്നുണ്ട്. അതേസമയം 2015ല്‍ 1.55 ലക്ഷവും 2016ല്‍ 2.31 ലക്ഷവും തൊഴിലവസരങ്ങള്‍ മാത്രമാണ് പുതുതായി ഉണ്ടായത്. എന്നാല്‍ 2009ല്‍ പത്ത് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരുന്നുവെന്നത് കാണേണ്ടതാണ്. ഈ വര്‍ഷം ആഗസ്റ്റില്‍ ഉത്തര്‍ പ്രദേശില്‍ പോലീസിലെ ടെലികോം വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 65 പ്യൂണ്‍ മെസഞ്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ 93,000 അപേക്ഷകളാണത്രെ എത്തിച്ചേര്‍ന്നത്. അപേക്ഷകരില്‍ 50,000 പേര്‍ ബിരുദധാരികളും 28,000 പേര്‍ ബിരുദാനന്തര ബിരുദമുളളവരുമായിരുന്നു. രാജ്യത്തെ തൊഴില്‍ രാഹിത്യത്തിന്റെ തീക്ഷ്ണതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

ഊര്‍ജം, അടിസ്ഥാന സൗകര്യം തുടങ്ങി ജോലിസാധ്യത കൂടുതലുള്ള മേഖലകളുടെ തളര്‍ച്ചയും ഐ ടി രംഗത്ത് സാധ്യതകള്‍ കുറഞ്ഞതും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായതായാണ് വിലയിരുത്തല്‍. ആഗോളതലത്തിലെ പ്രശ്‌നങ്ങള്‍ക്കൊപ്പം ദേശീയ തലത്തിലെ പ്രതിസന്ധികളും കോര്‍പറേറ്റ് മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കാന്‍ കാരണമാകുന്നതായി സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്റെ മുന്‍ ചെയര്‍മാന്‍ പ്രണാബ് സെന്‍ പറയുന്നു. പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍ അവസരം സൃഷ്ടിക്കുമെന്നും 2020 ആകുമ്പോഴേക്കും ശരാശരി 29 വയസ്സുള്ള യുവാക്കള്‍ക്കെല്ലാം തൊഴില്‍ ഉറപ്പുവരുത്തുമെന്നുമുള്ള പ്രഖ്യാപനത്തോടെയാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. അത് ജലരേഖയായി മാറിയിരിക്കുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Latest