വനിത ട്വന്റി20 ലോകകപ്പ്: ഇംഗ്ലണ്ടിനോട് തോറ്റ്‌ ഇന്ത്യ പുറത്ത്

Posted on: November 23, 2018 11:52 pm | Last updated: November 24, 2018 at 12:02 am

നോര്‍ത്ത് സൗണ്ട്: ഇംഗ്ലണ്ടിനോട് തോറ്റ് വനിത ട്വന്റി20 ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായി. സെമിഫൈനലില്‍ എട്ടു വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ത്തത്. അങ്ങനെ, ലോകകപ്പില്‍ ഒരു തോല്‍വി പേലുമറിയാതെ ഇംഗ്ലീഷ് പട ഫൈനലിലെത്തി. സ്‌കോര്‍: ഇന്ത്യ 112/10 (19. 3 ഓവര്‍). ഇംഗ്ലണ്ട്: 116/2(17.1 ഓവര്‍). ഫൈനലില്‍ ആസ്‌ട്രേലിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത് ആദ്യ നാലുപേര്‍ മാത്രമാണ്. ഓപണര്‍മാരായ സ്മൃതി മന്ദാനയും (34) തനിയ ബാട്ടിയയും (11) മികച്ച തുടക്കം നല്‍കിയെങ്കിലും ശേഷമെത്തിയവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു. ആദ്യ വിക്കറ്റ് വീഴുന്നതിനു മുമ്പേ 43 റണ്‍സെടുത്തിരുന്നു. 23 പന്തില്‍ 34 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ആദ്യം മടങ്ങിയത്‌. പിന്നാലെ തനിയ ബാട്ടിയ (11), ജെമീമ റോഡ്രിഗസ് (26), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (16) എന്നിവരും പുറത്തായി. പിന്നീടെത്തിയവരില്‍ ആരും രണ്ടക്കം കണ്ടില്ല. മൂന്നു പന്ത് ബാക്കിയിരിക്കെ 112 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി. ഇംഗ്ലണ്ടിനായി മൂന്നാം വിക്കറ്റ് എലന്‍ ജോണ്‍സും (53) നദാലി ഷീവറും (52) ചേര്‍ന്ന് 17 ഓവറില്‍ കളി ജയിപ്പിച്ചു. ടൂര്‍ണമന്റെില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച മിതാലി രാജ് ഇന്നിറങ്ങിയില്ല.