ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജയിക്കുമോ..? കളി നോര്‍ത്ത് ഈസ്റ്റിന്റെ തട്ടകത്തില്‍

Posted on: November 23, 2018 6:15 pm | Last updated: November 23, 2018 at 6:15 pm

ഗുവാഹത്തി: സ്വന്തം തട്ടകത്തില്‍ സീസണില്‍ ഒരു ജയം ആഗ്രഹിക്കാത്തവരായി ആരുണ്ടാകും ? നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സി അങ്ങനെയൊരു ജയം ആഗ്രഹിക്കുന്നുണ്ട്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ്. ടോപ് ഫോറിലേക്ക് കയറാന്‍ ഒരു ജയം അനിവാര്യം. മൂന്ന് ജയങ്ങള്‍ സീസണില്‍ നേടിയിട്ടുണ്ട്. ഇതാകട്ടെ എവേ ജയവും.
ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനൊരുങ്ങുന്ന നോര്‍ത്ത് ഈസ്റ്റ് ഹോം ഗ്രൗണ്ടിലെ ശാപം മാറ്റാനുള്ള പുറപ്പാടിലാണ്. സീസണില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഗോളടിക്കാരന്‍ മാര്‍തോലോമ്യൂവ ഓഗ്‌ബെചെയാണ്. ഈ നൈജീരിയന്‍ സ്‌ട്രൈക്കറുടെ ഫോം പോലിരിക്കും കാര്യങ്ങള്‍. ഓഗ്‌ബെചെ ഗോളടിച്ചാല്‍ നോര്‍ത്ത് ഈസ്റ്റ് തോല്‍ക്കില്ലെന്ന വിശ്വാസം ടീമിനുള്ളില്‍ പടര്‍ന്നിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ കാര്യം കഷ്ടമാണ്. ആദ്യ കളിയില്‍ എടികെയെ തോല്‍പ്പിച്ച് വമ്പ് കാട്ടിയതാണ്, പിന്നെ നിലം തൊട്ടിട്ടില്ല. ഹോംഗ്രൗണ്ടില്‍ രണ്ട് തോല്‍വി. മുന്‍ കാലങ്ങളിലെ പോലെ ഗോള്‍ കണ്ടെത്താന്‍ വിഷമിക്കുകയാണ് കേരള ടീം. ഗുവാഹത്തിയില്‍ മൂന്ന് പോയിന്റുകള്‍ മാത്രമാണ് ലക്ഷ്യമെന്ന് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് പറയുന്നു.