പ്രീതാ ഷാജി വീടിന്റെ താക്കോല്‍ ഇന്ന് കൈമാറും; സമരം തുടരും

Posted on: November 23, 2018 10:13 am | Last updated: November 23, 2018 at 12:04 pm

കൊച്ചി: വീടും സ്ഥലവും ജപ്തി ചെയ്തതിനെതിരെ സമരം നടത്തുന്ന എറണാകുളം ഇടപ്പള്ളിയിലെ പ്രീത ഷാജി ഇന്ന് വീടിന്റെ താക്കോല്‍ റവന്യു അധിക്യതര്‍ക്ക് കൈമാറും. 48 മണിക്കൂറിനകം താക്കോല്‍ കൈമാറണമെന്ന് ബുധനാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് താക്കോല്‍ കൈമാറുന്നത്.

ഉച്ചയോടെ ത്യക്കാക്കര വില്ലേജ് ഓഫീസറെത്തി താക്കാല്‍ വാങ്ങും. കിടപ്പാടം ജപ്തി ചെയ്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കാന്‍ കോടതി ഉത്തരവ് അനുസരിക്കണമെന്ന് ഇവര്‍ക്ക് നിയമോപദേശം ലഭിച്ചിരുന്നു. താക്കോല്‍ കൈമാറിയാലും പ്രീത ഷാജി സമരം തുടരുമെന്നാണറിയുന്നത്. വീടിന് മുന്നില്‍ ഷെഡ്ഡ് കെട്ടിയാകും സമരം. സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം, മാനാത്തുപാടം പാര്‍പ്പിട സംരക്ഷണ സമതി എന്നിവര്‍ പ്രീത ഷാജിയുടെ സമരത്തിന് പിന്തുണ നല്‍കുന്നുണ്ട്.