സാധാരണക്കാർക്ക് മനസ്സിലാവും വിധം ലളിത മലയാളം ഉപയോഗിക്കണം: മന്ത്രി

Posted on: November 22, 2018 11:52 pm | Last updated: November 22, 2018 at 11:52 pm
മലയാള ഭാഷാ ജില്ലാതല ഏകോപന സമിതി യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂര്‍: സാധാരണക്കാർക്ക് ഭരണ നിർവഹണത്തെ കുറിച്ച് എളുപ്പത്തിൽ മനസ്സിലാക്കാനാവുന്ന രീതിയിൽ ഔദ്യോഗിക ഭാഷാ പ്രയോഗങ്ങളെ ലളിതമാക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. മലയാള ഭാഷാ ജില്ലാതല ഏകോപന സമിതി യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ സേവനങ്ങളെയും ക്ഷേമപദ്ധതികളെയും കുറിച്ച് അറിയാത്ത ധാരാളം പേർ നമുക്കിടയിലുണ്ട്. അവർക്കു കൂടി മനസ്സിലാവുന്ന ഭാഷയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ സാധിക്കണം. ഔദ്യോഗിക വെബ്‌സൈറ്റുകളിൽ മലയാളം കൂടി ഉൾപ്പെടുത്തുന്നതിൽ ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലയാള ഭാഷാ ഉപയോഗത്തിൽ ജില്ലയിലെ 90 ശതമാനം ഓഫീസുകളും 100 ശതമാനമെന്ന നേട്ടം കൈവരിച്ചതായി മന്ത്രി പറഞ്ഞു. ബാക്കിയുള്ളവർ കൂടി താമസിയാതെ ഈ ലക്ഷ്യത്തിലേക്കെത്തണമെന്നും മന്ത്രി പറഞ്ഞു.

ഔദ്യോഗിക ഭാഷാ സാംസ്‌ക്കാരിക ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രശ്‌നോത്തരി, മലയാളം തർജമ, കേട്ടെഴുത്ത്, മലയാളം സംസാരം എന്നീ മൽസരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു. ഭരണഭാഷ മലയാളമായി പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തിൽ ഏറെ മുന്നോട്ടുപോവാനുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ കെ പി ജയബാലൻ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ (ഡിഎം) എൻ കെ അബ്രഹാം അധ്യക്ഷത വഹിച്ചു. ഔദ്യോഗിക ഭാഷാ വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് ഇസ്മായിൽ കുഞ്ഞ് മലയാള ഭാഷാ ഉപയോഗത്തിൽ വിവിധ വകുപ്പുകളുടെ പുരോഗതി വിലയിരുത്തി. എല്ലാ ഇംഗ്ലീഷ് വാക്കുകൾക്കും മലയാളം കണ്ടെത്തണമെന്ന വാശി കാണിക്കേണ്ട കാര്യമില്ല.

ആർക്കും മനസ്സിലാവുന്ന ഇംഗ്ലീഷ് പദത്തിനു പകരം കേട്ടാൽ മനസ്സിലാവാത്ത മലയാളം ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് ഇംഗ്ലീഷ് വാക്ക് മലയാളത്തിൽ ഉപയോഗിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  ഏകോപന സമിതി യോഗത്തിൽ പങ്കെടുക്കാത്ത വകുപ്പു മേധാവികളിൽ നിന്ന് വിശദീകരണം തേടി 15 ദിവസത്തിനകം സർക്കാറിൽ റിപ്പോർട്ട് ചെയ്യാനും അദ്ദേഹം നിർദ്ദേശം നൽകി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ബി ജി ധനഞ്ജയൻ എന്നിവർ സംസാരിച്ചു.