ശബരിമലയില്‍ പോകാന്‍ തയ്യാറെടുത്ത യുവതിയുടെ വീടിന് നേരെ ആക്രമണം

Posted on: November 22, 2018 10:52 am | Last updated: November 22, 2018 at 12:20 pm

കൊച്ചി: ശബരിമല ദര്‍ശനം നടത്താന്‍ തയ്യാറാണെന്നറിയിച്ച യുവതികള്‍ക്കൊപ്പം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത അപര്‍ണ ശിവകാമിയുടെ വീടിന് നേരെ ആക്രമണം. മലപ്പുറം കാക്കഞ്ചേരി കോഴിപ്പുറത്തെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

കണ്ണൂര്‍ സ്വദേശികളായ രേഷ്മ നിഷാന്ത്, ഷനില സതീഷ്, കൊല്ലം സ്വദേശി വി.എസ്. ധന്യ എന്നിവര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചത് അപര്‍ണ ശിവകാമിയുടെ നേതൃത്വത്തിലായിരുന്നു.

മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന അയല്‍വാസികളുടെ വണ്ടികളൊക്കെ സുരക്ഷിതമാണ്. മൂന്ന് വലിയ കരിങ്കല്‍ക്കഷ്ണങ്ങള്‍ മുറ്റത്ത് കിടക്കുന്നുണ്ട്. മുറിയിലേക്ക് കല്ലുകളൊന്നും വീണിട്ടില്ല. ചില്ല് മുറിയിലാകെ ചിതറിത്തെറിച്ചിട്ടുണ്ട്. വഴിയില്‍ നിന്ന് ബൈക്ക് സ്റ്റാര്‍ട്ട് ആക്കി പോകുന്ന ശബ്ദം കേട്ടിരുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ അപര്‍ണ ശിവകാമി വ്യക്തമാക്കി.