Connect with us

Kerala

മുക്കം നഗരസഭയില്‍ ഇന്ന് യു ഡി എഫ് ഹര്‍ത്താല്‍

Published

|

Last Updated

മുക്കം: ജനാധിപത്യ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് അധികാരം ലഭിച്ച മുക്കം സര്‍വീസ് സഹകരണ ബാങ്ക് പിടിച്ചെടുക്കാന്‍ ഒരു പറ്റം ഉദ്യോഗസ്ഥരും സി പി എമ്മും ശ്രമം നടത്തുന്നതായി ആരോപിച്ച് ഇന്ന് മുക്കം നഗരസഭയില്‍ യു ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഭരണസമിതി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കോടതി നിര്‍ദേശമുണ്ടായിട്ടുപോലും വരണാധികാരി എത്തിയില്ലന്നും ഇത് കുറുക്കുവഴിയിലൂടെ ബാങ്ക് പിടിച്ചെടുക്കാന്‍ സി പി എം നിര്‍ദേശത്തോടെ നടക്കുന്ന നാടകമാണന്നും യു ഡി എഫ് നേതാക്കള്‍ പറഞ്ഞു.

ഇന്നലെ രാവിലെ 11.30ന് ഭരണസമിതിയുടേയും പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിനായി വരണാധികാരിയുടെ അറിയിപ്പ് പ്രകാരം 13 അംഗങ്ങളും എത്തിയിരുന്നു. എന്നാല്‍ ഏറെ നേരം കാത്തിരുന്നിട്ടും വരണാധികാരി എത്താതിരുന്നതിനാല്‍ മാധ്യമ പ്രവര്‍ത്തകരും ബാങ്ക് ഡയറക്ടര്‍മാരും ബന്ധപ്പെട്ടപ്പോള്‍ 1 മണിക്ക് മുന്‍പ് എത്തുമെന്നറിയിച്ചു. എന്നാല്‍ 5 മണി വരെ ഡയറക്ടര്‍മാര്‍ കാത്തിരുന്നങ്കിലും വരണാധികാരി എത്തിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് മുക്കം നഗരസഭയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ലന്ന് യു ഡി എഫ് നേതാക്കള്‍ അറിയിച്ചു. കുന്നത്ത് തൃക്കോവില്‍ ക്ഷേത്രോത്സവം നടക്കുന്നതിനാല്‍ മണാശ്ശേരി അങ്ങാടിയേയും മുത്താലം അങ്ങാടിയേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.