യമനില്‍ 85,000 കുഞ്ഞുങ്ങള്‍ വിശന്നു മരിച്ചു: റിപ്പോര്‍ട്ട്

Posted on: November 21, 2018 10:32 pm | Last updated: November 21, 2018 at 10:32 pm

സന്‍ആ: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ പട്ടിണി മൂലം 85,000 കുഞ്ഞുങ്ങള്‍ മരിച്ചുവെന്ന് കണക്കുകള്‍. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തി സേവ് ദി ചില്‍ഡ്രന്‍ എന്ന സന്നദ്ധ സംഘടന നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകള്‍ പുറത്തുവന്നത്. അഞ്ച് വയസ്സില്‍ താഴെയുള്ള ലക്ഷക്കണക്കിന് യമന്‍കാരായ കുട്ടികള്‍ പോഷകാഹാര കുറവ് മൂലം മാരകമായ രോഗങ്ങള്‍ക്ക് അടിപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2015 ഏപ്രിലിനും 2018 ഒക്ടോബറിനും ഇടയില്‍ യമനില്‍ 84,701 കുട്ടികള്‍ പട്ടിണി കിടന്ന് മരിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

യുദ്ധം തുടങ്ങിയത് മുതല്‍ ഇത്രയും കുട്ടികള്‍ വിശന്നു മരിച്ചുവെന്ന യാഥാര്‍ഥ്യം ഭീതിപ്പെടുത്തുന്നതും ഭീകരവുമാണെന്ന് സേവ് ദി ചില്‍ഡ്രന്‍ ഡയറക്ടര്‍ തമര്‍ കിറോലോസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ഭക്ഷണമില്ലാതെ കുട്ടികളുടെ സുപ്രധാന ആന്തരീകാവയങ്ങളുടെ പ്രവര്‍ത്തനം സാവധാനം കുറഞ്ഞുവരികയും തുടര്‍ന്ന് പൂര്‍ണമായും നിശ്ചലമായി മരിക്കുകയുമാണ് ചെയ്യുന്നത്. നിശ്ചലരായി നോക്കിനില്‍ക്കാനല്ലാതെ അവരുടെ മാതാപിതാക്കള്‍ക്ക് മറ്റൊന്നും ചെയ്യാനില്ല. ഇനിയും പോഷകാഹാര കുറവിന് പരിഹാരം കണ്ടില്ലെങ്കില്‍ യമനിലെ കുട്ടികള്‍ വലിയ ദുരന്തമുഖത്തേക്ക് നീങ്ങുമെന്നും പ്രസ്താവനയില്‍ പറയുന്നു. യമനില്‍ 22 ലക്ഷത്തോളം കുട്ടികളുണ്ടെന്നാണ് കണക്കുകള്‍.

യമനിലേക്കുള്ള ചരക്കുവസ്തുക്കളുടെ വരവ് കുറഞ്ഞിട്ടുണ്ട്. തന്ത്രപ്രധാനമായ ഹുദൈദ തുറമുഖം വിമതരുടെ നിയന്ത്രണത്തിലാണ്. ഇതുമൂലം ഇതുവഴിയുള്ള ചരക്ക് കൈമാറ്റത്തില്‍ ഗണ്യമായ കുറവാണ് വന്നിരിക്കുന്നത്.
യമനിലെ ആഭ്യന്തര യുദ്ധം തുടങ്ങി ഇതുവരെ പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. എന്നാല്‍ യഥാര്‍ഥ മരണ നിരക്ക് ഇതിലും എത്രയോ വലുതാകുമെന്ന് യമനിലെ സന്നദ്ധ സംഘടനകള്‍ പറയുന്നു. സഊദി അറേബ്യയും യു എ ഇയും ചേര്‍ന്ന് അടുത്തിടെ യമനിന് സഹായധനം പ്രഖ്യാപിച്ചിരുന്നു. 250 മില്യന്‍ ഡോളറിന്റെ താത്കാലിക സഹായമായിരുന്നു ഇവര്‍ വാഗ്ദാനം ചെയ്തത്.

തന്ത്രപ്രധാനമായ ഹുദൈദ തുറമുഖത്തിന് വേണ്ടിയുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്. യമനിലെ ആഭ്യന്തര യുദ്ധത്തിന് കാരണക്കാരായ ഹൂത്തി വിമതരെ പരാജയപ്പെടുത്തി അന്താരാഷ്ട്ര പിന്തുണയുള്ള യമന്‍ സര്‍ക്കാറിനെ വീണ്ടും അധികാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസൈന്യം 2015 മുതല്‍ യമനില്‍ ആക്രമണം നടത്തുന്നത്.