Connect with us

Prathivaram

സുവര്‍ണാവസരമാണ്, മുതലാക്കണം

Published

|

Last Updated

ആറ്റല്‍ നബിയോടുള്ള സ്‌നേഹപ്രകടനമാണ് നബിദിനാഘോഷത്തിന്റെ സത്ത. അപ്പോള്‍ ഉയര്‍ന്നു വരുന്ന ഒരു ചോദ്യം, ഈ സ്‌നേഹപ്രകടനം എന്നത് തിരുനബിപ്പിറവി നടന്ന പ്രത്യേക ദിവസം മാത്രം മതിയോ എന്നാണ്? യുക്തിസഹമായ ഈ ചോദ്യം കേള്‍ക്കുമ്പോള്‍ ചോദ്യക്കാരനെ പിടിച്ചൊരു മുത്തം കൊടുക്കാന്‍ തോന്നുന്നുണ്ടോ? എന്നാല്‍ തിരിച്ചൊരു ചോദ്യം കേള്‍ക്ക്!
ഖുര്‍ആന്‍ ഓതേണ്ടത് എപ്പോഴാണ്? ഒരു പ്രത്യേക മാസത്തിലോ? എപ്പോഴുമോ? എപ്പോഴും എന്നായിരിക്കും എല്ലാവരുടെയും മറുപടി. പക്ഷെ, റമസാനിലെയും അല്ലാത്ത മാസങ്ങളിലെയും ഖുര്‍ആന്‍ പാരായണത്തിലെ പൊതു ട്രെന്‍ഡ് നിരീക്ഷിച്ച് നോക്ക്! പള്ളികളിലും പണിയിടങ്ങളിലും വീടുകളിലും കടകളിലും മറ്റുമൊക്കെയായി റമസാനില്‍ ഖുര്‍ആന്‍ ഓത്ത് പെരുത്തിരിക്കും. ആ മാസത്തിന് ഖുര്‍ആന്റെ മാസം എന്നൊരു പേര് തന്നെ കിട്ടിയിട്ടുണ്ട്.

ഇവിടെ നിങ്ങള്‍ക്ക് ഇതിനെ രണ്ട് രീതിയില്‍ സമീപിക്കാം. ഒന്ന്, ഓത്തിനെ റമസാനില്‍ വിപുലപ്പെടുത്തി സീസണല്‍ ആക്കുന്നതിനെ ആക്രോശിച്ച് നിര്‍ത്തിക്കുക! രണ്ട്, മറ്റു മാസങ്ങളില്‍ ഓതുക പോയിട്ട് കാലുകഴുകി കുമ്പിടുക പോലും ചെയ്യാത്തവരടക്കം ഈ മാസം ഓത്തില്‍ സജീവമാണല്ലോ, നടക്കട്ടെ, എന്നോര്‍ത്ത് മനസ്സാ സന്തോഷിക്കുക. അത് നിലനിര്‍ത്തിക്കിട്ടാനാവശ്യമായ വിധമുള്ള ഉറുദി പറച്ചിലുകള്‍ വര്‍ധിപ്പിക്കുക. നിങ്ങളുടെ ചോദ്യകര്‍ത്താവ് ഒന്നാം നിലപാടുകാരനും ഇച്ചിരി ഇബ്‌ലീസ് ബാധയുള്ളവനുമാണ്. കാരണം, അയാളുടെ ചോദ്യത്തിന്റെ മുന ചെന്ന് തറക്കുന്നത്, ഈ ദിവസം, ഈ മാസം മാത്രം പോരാ നബിസ്മരണ, മറിച്ച് എല്ലാ മാസവും എല്ലാ ദിവസവും വേണം എന്നാണെന്നാണ് പെട്ടെന്ന് തോന്നിപ്പോവുക! ഇബ്‌ലീസിന്റെ ഉപയോഗങ്ങളൊക്കെ അങ്ങനെയാണ്. സ്വര്‍ഗത്തില്‍ കഴിയുകയായിരുന്ന ആദിമ പിതാക്കളെ “എന്തിന് അസൂയാലുവായ അല്ലാഹുവിന്റെ സുയിപ്പില്‍ പെടണം; മര്യാദക്ക് ആ പഴം തിന്നോളീ, അതിമാനുഷരാവാം” എന്നുപദേശിക്കുകയായിരുന്നു ഇഷ്ടന്‍.

ഇതേ നിലക്ക് പല ചോദ്യങ്ങളും ചോദിക്കാവുന്നതാണ്. ശൈഖ് മുഹ്‌യുദ്ദീനെ (ഖ സി) എപ്പോഴും ഓര്‍ക്കണ്ടേ? വെറും റബീഉല്‍ ആഖിറില്‍ മാത്രം മതിയോ? ആരാ ശൈഖ് രിഫാഈ (ഖ സി)? മഹാനോറുടെ സ്മരണ ഇതെന്താ വെറുമൊരു ജമാദുല്‍ അവ്വലില്‍ ഒതുക്കിയാ മതിയോ? മിഅ്‌റാജ് മഹാസംഭവമല്ലേ? എന്നിട്ട് നാണമില്ലേ നിങ്ങള്‍ക്ക് അതിന്റെ ആത്മീയമായ അയവിറക്കല്‍ റജബ് 17 എന്ന ഒറ്റ ദിവസത്തേക്ക് തളച്ചിടാന്‍? ഇബ്രാഹിം നബിയുടെ (അ സ) ദറജ പറയേണ്ടതുണ്ടോ? എന്നിട്ട് ആ ഖലീലുല്ലാഹിയുടെ സ്മരണ വെറും ഒരു ബലിപെരുന്നാളിലെ ബിരിയാണിയില്‍ ഒതുക്കിക്കളയുകയാണല്ലോ ബഡ്ക്കൂസുകളേ? ആരായിരുന്നു വല്യുപ്പ? ആരായിരുന്നു വല്യുമ്മ? എന്നിട്ട് കൊല്ലത്തില്‍ ഒരാണ്ട് കഴിച്ചാ മതിയോ? ശരിക്ക് പറഞ്ഞാല്‍ ദിവസവും “ആണ്ട്” കഴിക്കേണ്ടേ, ആനമൊയന്തുകളേ!!
ഇങ്ങനെ ചോദ്യങ്ങള്‍ ചോദിച്ച് വല്ലപ്പോഴുമുള്ള സ്മരണകളെ വിലകുറച്ച് കാണിച്ചാല്‍ എന്താ ഗുണമെന്ന് ചോദിച്ചാല്‍ ഇതൊന്നും തീരെ ചെയ്യാതെ ഒത്തുകിട്ടും. ഐഡിയ എപ്പടിയിറിക്ക്??

മറ്റു മാസങ്ങളിലൊന്നും നടത്തുന്നില്ലല്ലോ ഈ മീലാദ് പരിപാടി; ആയതിനാല്‍ ഈ മാസം/ ഈ ദിവസം മാത്രമായിട്ട് അങ്ങനെ നടത്തേണ്ട എന്ന ആശയമാണ് പോസിറ്റീവ് പെയ്ന്റടിച്ച് പിശാച് പൊട്ടിക്കുന്നത്. ഇത് തിരിച്ചറിയാന്‍ കഴിയാതിരിക്കുക എന്നതാണ് സുന്നത്ത് ജമാഅത്ത് വിരുദ്ധ ചേരിയില്‍ അംഗത്വം കിട്ടാനുള്ള അടിസ്ഥാന യോഗ്യത. ശരിക്കു വേണ്ടത് നബിദിനാഘോഷം നടത്തുക മാത്രമല്ല ആ ആഘോഷത്തെ തന്നെ ദീനീ ദഅ്‌വക്കുള്ള മറ്റൊരാഘോഷമായി മുതലെടുക്കുകയാണ്. എന്നുവെച്ചാല്‍ ആഘോഷങ്ങളെ ജനങ്ങള്‍ സുമനസ്സാ സ്വീകരിക്കുന്ന ഒരു മാനസികാവസ്ഥയുണ്ട്. ആ അനുകൂലാവസ്ഥയില്‍ പരമാവധി ദീനീ വിജ്ഞാനങ്ങളും ആത്മീയ ശീലങ്ങളും വാരിവാരിക്കൊടുക്കാനുള്ള ഒരു തിടുക്കം കാണിക്കുകയാണ് വേണ്ടത്. തന്റെ കൈയില്‍ എന്ത് എന്ന ചോദ്യത്തിന് വടി എന്ന ഒറ്റവാക്കുത്തരം പറഞ്ഞ് മാറിനിന്നാല്‍ മതിയായിരുന്നു മൂസാ നബിക്ക്. പക്ഷെ, ചോദിച്ചത് അല്ലാഹുവായതിനാല്‍ കിട്ടിയ ചാന്‍സില്‍ ആ വടിയുടെ വ്യത്യസ്തങ്ങളായ ഉപയോഗങ്ങള്‍ പരത്തിപ്പറഞ്ഞ് രംഗം ശരിക്ക് ആനന്ദരസത്താല്‍ മുതലെടുത്തു മൂസാ നബി (അ). കാരണം മൂസാ നബിക്ക് അവസരം മുതലാക്കാനുള്ള ബുദ്ധി പിടിപ്പതുണ്ടായിരുന്നു.
ഇവിടെ ത്വാഹാ റസൂലിന്റെ തിരുപ്പിറവി ദിവസം കടന്നു വരുമ്പോള്‍, അതിനെ ആ നേതാവിന്റെ ജീവിതം വ്യത്യസ്ത ഭാവത്തിലും ഭാഷയിലും ആവിഷ്‌കരിക്കാനും അതുവഴി ദീനിന് ഉജ്ജീവനം നല്‍കാനുമാണ് നാം ശ്രമിക്കേണ്ടത്. ആയതിലേക്ക് കള്ളക്കര്‍ക്കിടകത്തിന്റെ ഇടി സ്‌ഫോടനങ്ങള്‍ പോലുള്ള ശിര്‍ക്കു ഭീഷണികള്‍ തുപ്പിക്കൊണ്ടേയിരുന്നത് കൊണ്ട് കാര്യമില്ല. ഉഗ്രരൂപത്തില്‍ വിറപ്പിക്കലല്ല സ്‌നേഹാഘോഷമെന്നാല്‍. അതിന് ഹൃദയ ഹാരിയായ ചില ലാവണ്യങ്ങള്‍ വേണം. പാട്ടും കവിതയും ഒക്കെ അതിന്റെ ഭാഗമാണ്.

സുഹൃത്തെ,
നനഞ്ഞ മണ്ണുള്ളിടത്താണ് ചെടികള്‍ മുളക്കുക. ചെടികള്‍ ഉള്ളിടത്താണ് പൂക്കളുണ്ടാവുക. പൂക്കളുള്ളിടത്താണ് പൂമ്പാറ്റകളുണ്ടാവുക. സ്‌നേഹമുള്ള മനസ്സില്‍ നിന്നാണ് കവിതകള്‍ പൊട്ടി വരിക. സ്‌നേഹവും കവിതയും കൂട്ടുകാരികളാണ്. കരിഞ്ഞ മനസ്സില്‍ നിന്ന് സ്‌നേഹത്തിന്റെ പാട്ടുകള്‍ തള്ളിവരികയില്ല. ഉണങ്ങിയ പാറപ്പുറത്ത് പനിനീര്‍ പൂക്കാത്ത പോലെ വരണ്ട ഹൃദയത്തില്‍ മാലമൗലിദുകളുടെ ഇതളുകള്‍ വിരിയുകയില്ല. അനുരാഗഹിമം പെയ്യുന്ന മനസ്സുകളില്‍ പ്രവാചക പ്രേമത്തിന്റെ രാപ്പാടികള്‍ ശ്രുതിമധുരം പൊഴിക്കുമ്പോള്‍, കൃത്രിമ തൗഹീദിന്റെ വെണ്ണീറു പുരണ്ട മനസ്സുകളില്‍ ശിര്‍ക്കുഭീതിയുടെ കുറുക്കന്‍മാര്‍ക്ക് ഓരിയിടാനേ കഴിയൂ- അതാണ് ആ വ്യത്യാസത്തിന്റെ ചുരുക്കം.

സ്‌നേഹത്തിന്റെ ഭാവം പലതായതിനാല്‍ അതിന്റെ ആഘോഷ ഭാഷകളും വ്യത്യസ്തമായിരിക്കും. അങ്ങനെ പറയാന്‍ കാരണം സ്‌നേഹപ്രകടനമെന്നാല്‍ കുറെ ഓത്തും ബൈത്തും പാട്ടും മുട്ടും ഒന്നുമല്ല; മറിച്ച് പ്രവാചകദര്‍ശനങ്ങളെ ജീവിതത്തില്‍ പാലിക്കലും അതേപറ്റി ചിന്തിക്കലും ഒക്കെയാണ് എന്നു പറയുന്നവര്‍ ഉള്ളതു കൊണ്ടാണ്. ഇത് നേരത്തെ പറഞ്ഞ ഇബ്‌ലീസ് സുഭാഷിതത്തിന്റെ തുടര്‍ച്ചയാണ്. പ്രത്യക്ഷത്തില്‍ കൊള്ളാമെന്ന് തോന്നുകയും ഉള്ളിലെത്തുമ്പോള്‍ വെറും പൊള്ളയാണെന്ന് ബോധ്യപ്പെടുകയും ചെയ്യുക എന്നതാണ് ഇബ്‌ലീസ് പ്രസ്താവനകളുടെ പൊതുസ്വഭാവം. ആയതിനാല്‍ സമ്മതിച്ചു തന്നെ പറയാം; തിരുനബിയെ ജീവിതത്തില്‍ പകര്‍ത്തല്‍ പ്രവാചക സ്‌നേഹത്തിന്റെ ഭാഗമാണ്, തിരുപ്പിറവി ആഘോഷത്തിന്റെ അംശമാണ്. പക്ഷെ, അതു മാത്രമാണ്, ആയതിനാല്‍ അതേ പാടുള്ളൂ എന്ന് നീ അലറാന്‍ തുനിയുമ്പോഴാണ് നമുക്കിടയില്‍ വിള്ളല്‍ വീഴുന്നത്. സുഹൃത്തെ, ഒന്ന് കൂള്‍ ഡൗണ്‍ ആവ്. ഒരഞ്ചെട്ടു തവണ ശ്വാസം ആഴത്തില്‍ വലിച്ചു വിട്! പേശികളെല്ലാം ഒന്ന് നന്നായി മുറുക്കി അയച്ചു വിട്! റിലാക്‌സ്!!

സുഹൃത്തിന് ഒരു കഥ പറഞ്ഞുതരാം. ഒരു പെരുന്നാള്‍ ദിവസം ഒരു വീട്ടില്‍ ചെന്നപ്പോള്‍ ഉപ്പയും ഉമ്മയും മൂന്ന് മക്കളും ഇങ്ങനെ വളഞ്ഞിരിക്കുന്നു. മൂത്തത് പെണ്‍കുട്ടിയാണ്. എല്‍ കെ ജി ബിരുദം കഴിഞ്ഞ് യു കെ ജി ക്ക് ഒരുങ്ങുന്നു. രണ്ടാമന്‍ അണ്ടറെല്‍കെജി പ്രായമായതിനാല്‍ തൊലികളഞ്ഞ കപ്പ പോലെ വഴുതിക്കളിക്കുന്നു. ഏറ്റവും ഇളയവന്‍ ഒരു വയസ്സിന്റെ ആനുകൂല്യം നുകര്‍ന്നുകൊണ്ട് മടിയില്‍ കയറല്‍, നെഞ്ച്‌രോമം പിച്ചല്‍, മീശരോമം തെരക്കല്‍ എന്നിവ ചെയ്തുകൊണ്ടേയിരിക്കുന്നു. ഉപ്പയാകുന്ന സാറവര്‍കള്‍ അവരോടു പറയുകയാണ്; “മാനവരാശിയുടെ ക്രമാനുഗതമായ ഭാവപ്പകര്‍ച്ചകളില്‍ ഏറ്റവും ശ്രദ്ധേയമായ ശ്രേഷ്ഠത്യാഗത്തിന്റെ മകുടോദാഹരണത്തിന് സാക്ഷിയായത് വിജനമായ ആ ഫലസ്ത്വീന്‍ മരുഭൂമിയാണ്. തനിക്ക് താങ്ങും തണലുമാവേണ്ടുന്ന ഒരാള്‍, തന്നെ ഏകാകിയാക്കി, ദൈവത്തിന്റെ അലംഘനീയമായ വിളിക്ക് ഉത്തരം നല്‍കാന്‍, കരിങ്കല്ലു പൊടിക്കുന്ന കാലുറപ്പോടെ നടന്നകലുകയാണ്.”
തന്റെ ക്ലാസ്‌മേറ്റും അയല്‍ക്കാരിയുമായ ഹന്നാ നൗറി കണ്ണിക്കുത്തുന്ന ഉടുപ്പുകളുമിട്ട് ഒരു മഞ്ഞക്കിളിയായി മുറ്റത്ത് നില്‍ക്കുന്നത് കണ്ട നമ്മുടെ എല്‍ കെ ജിക്കാരി പെട്ടെന്ന് പുറത്തേക്കോടാനൊരുങ്ങിയെങ്കിലും ഉരുക്കു കൈകളെക്കൊണ്ട് ഉപ്പ അവളെ അവിടെത്തന്നെ പിടിച്ചിരുത്തി. അന്നേരം അവളുടെ ഇരുകണ്ണുകളില്‍ നിന്നും കുറേ ഉരുള വെള്ളം കവിളിലൂടെ ഉരുണ്ടുവീണു.
ചരിത്രത്തില്‍ സംഭവിച്ച, ഇന്നും സംഭവിച്ചു കൊണ്ടിരിക്കുന്ന മാനുഷിക ദൈന്യതകളെ ദേശ- ഭാഷ- വേഷ- ലിംഗ വ്യത്യാസങ്ങളേതുമില്ലാതെ സകലതും നെഞ്ചേറ്റുകയും വിശാലമായ മാനവിക കൂട്ടായ്മയുടെ നിസ്തുലമായ പ്രപഞ്ചവേദി ഒരുക്കുകയും ചെയ്തുകൊണ്ട് അറഫാ മൈതാനി… എന്നു പറഞ്ഞു തീരും മുമ്പ് ഒരുവയസ്സുകാരന്‍ മടിയില്‍ എമ്പെയ്ക്ക് പാത്തി വെച്ചു. പ്രസംഗം തുടരണമോ അതോ മൂത്രത്തുണി അഴിച്ചുമാറ്റണമോ എന്ന ശങ്കയില്‍ ഉഴറി നില്‍ക്കുന്നതിനിടെ പറ്റാത്തതൊന്നും തിന്നാതിരുന്നിട്ടു പോലും രണ്ടാമന്‍ ഓക്കാനിച്ചു കൊണ്ട് അടുക്കളയിലേക്കൊരോട്ടമോടി… തൊട്ടുപിന്നാലെ അടുക്കളയിലെത്തിയ സഹധര്‍മിണി കരളുകത്തുന്ന രംഗമാണ് കണ്ടത്. ചട്ടിയില്‍ കോരിയൊഴിച്ചിരുന്ന നെയ്യപ്പങ്ങളെല്ലാം കരിഞ്ഞു പുകയാവുക മാത്രമല്ല, കുക്കറില്‍ വെച്ചിരുന്ന ചിക്കന്‍ വെന്ത് ജ്യൂസായിരിക്കുന്നു! പെരുന്നാള്‍ പാചകം കട്ടപ്പുകയാക്കിയ ആ കോന്തന്‍മാപ്പിളക്കെതിരെ അരിശവും കരച്ചിലും ഇടകലര്‍ത്തി ശപിച്ചു പറയുന്നതാണ് പിന്നെ കേട്ടത്.
“ഓന് പിരാന്താ…”
ചായ്പ്പില്‍ കിടന്ന് രംഗം നിരീക്ഷിക്കുകയായിരുന്ന വല്യുമ്മ ഉപ്പയെ കുറ്റപ്പെടുത്തി, ചീത്ത തുടങ്ങി.
“പെരുന്നാള്‍ ദിവസം കുട്ടികളെ ഉടുപ്പും മുണ്ടും മാറ്റി പാട്ടിന് വിടാതെ….. ഓന്റൊരു പ്രസങ്ങം….”
സുഹൃത്തെ, കഥ നിര്‍ത്തി. ഇനി കാര്യം പറയാന്‍ പോവുകയാണ്. ബലിപെരുന്നാളെന്നാല്‍ തീറ്റക്കുടികളും പുത്തനുടുപ്പു മാറ്റലുമൊന്നുമല്ല. മറിച്ച്, ആ പുണ്യദിവസത്തിന്റെ ദാര്‍ശനികമായ ആഴവും ആശയപരമായ പരപ്പും ഉള്‍ക്കൊള്ളലാണ് എന്ന് ക്ലാസുകേട്ട ഒരു നിഷ്‌കളങ്ക ഉത്പതിഷ്ണു, തന്റെ മക്കളെ പെരുന്നാളിന് പ്രസംഗ മര്‍ദനത്തിന്റെ തടവറയില്‍ തളച്ചിട്ട് മടിയില്‍ പാത്തിച്ചതിന്റെ ദയനീയമായ രംഗമാണ് കഥയില്‍ നിങ്ങള്‍ കണ്ടത്. ഇതുപോലെ നബിദിനത്തിന്റെയന്ന് കുട്ടികളെ മുഴുവന്‍ സാക്ഷയിട്ടുറപ്പിച്ച ജയിലിനകത്ത് അടച്ചുപൂട്ടി പ്രവാചക ദര്‍ശനത്തിന്റെ സമകാലിക പ്രസക്തിയെ പറ്റി എഡ്വാഡ് ഗിബ്ബണും ഫിലിപ് കെ ഹിറ്റിയും ലാമാര്‍ട്ടിനും ബര്‍ണാഡ്ഷായും മോണ്‍ഗോമറിവാട്ടും വില്യം മാര്‍ഗോളിയോത്തും എഴുതിക്കൂട്ടിയ കടുകട്ടി ഫിലോസഫികള്‍ ഇടമുറിയാതെ മുറിച്ചു വിട്ടാല്‍, അടുത്ത കൊല്ലം നബിദിനം പിറക്കും മുമ്പേ കുട്ടികള്‍ക്ക് വിറയലും പനിയും പിടിക്കും..?

സുഹൃത്തെ, കുട്ടികളും സ്ത്രീകളും വൃദ്ധരും പണ്ഡിതരും കൂലിപ്പണിക്കാരും ഒക്കെ അടങ്ങിയ ഒരു മള്‍ട്ടി ഫേയ്‌സറ്റഡ് നെറ്റ്‌വര്‍ക്ക് ആണ് ഈ സമൂഹം. ഓരോരുത്തര്‍ക്കും അനുയോജ്യമായ ആവിഷ്‌കാര ഭാഷ വെവ്വേറെയാണ്. കൊച്ചുകുട്ടികള്‍ക്ക് പെരുന്നാള്‍ എന്നാല്‍ പുത്തനുടുപ്പാണ്, നെയ്യപ്പമാണ്, ബിരിയാണിയാണ്, ആട്ടാണ്, പാട്ടാണ്, ആനന്ദമാണ്… ഉമ്മമാരെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ ഈ ആനന്ദം കണ്ട് ആനന്ദിക്കലാണ് പെരുന്നാളില്‍ പ്രധാനം. ഇറച്ചിവെട്ടുകാര്‍ക്കും മീന്‍വില്‍പ്പനക്കാര്‍ക്കും ബാര്‍ബറുമാര്‍ക്കും വൈദ്യന്മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഖത്വീബുമാര്‍ക്കും മന്ത്രിമാര്‍ക്കുമൊക്കെ ഫീല്‍ ചെയ്യുന്ന പെരുന്നാള്‍ വ്യത്യസ്തമാണ്. പെരുന്നാളിന്റെ ആഘോഷപരമായ സകല ആനന്ദത്തെയും അറുത്തുമാറ്റി, അടുക്കളയിലും അങ്ങാടികളിലും “ഫലസ്തീന്‍ മരുഭൂമിയും, ത്യാഗത്തിന്റെ നിസ്തുലതയുമടങ്ങുന്ന” വാക്കിടികള്‍ മുഴക്കിയാല്‍ പിന്നെ പെരുന്നാളെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകളുടെ അകം കാളും!

നബിദിനത്തിന്റെ കാര്യവും അങ്ങനെത്തന്നെ. എന്തിനാണ് ദഫ്മുട്ടും ബുര്‍ദപാട്ടും സ്‌നേഹജാഥയും അന്നദാനവും തോരണം കെട്ടലും എന്നൊക്കെ സംശയിക്കുന്നവര്‍ വെറും താത്വിക പ്രസംഗം കേട്ട് മടിയില്‍ പാത്തിപ്പോയ, അകാരണമായി ഓക്കാനിച്ചുപോയ ആ കുഞ്ഞുമക്കളുടെ കഥയാലോചിച്ച് നോക്ക്. കുട്ടികളുടെ മനസ്സില്‍, നബി തങ്ങള്‍ ആനന്ദത്തിന്റെ, സ്‌നേഹത്തിന്റെ, ഇശ്ഖിന്റെ ഒരു വസന്തമുദിപ്പായി കിളിര്‍ത്തുവരണം. അതിന് പ്രവാചക സ്‌നേഹം എന്ന ആശയത്തെ സാമൂഹികജീവിതത്തിന്റെ ആനന്ദഭാഷയിലേക്ക് ആവിഷ്‌കരിക്കപ്പെടണം. ഇതാ റബീഅ് പിറക്കുന്നേ എന്ന് കേള്‍ക്കുമ്പോഴേക്ക് ഇശ്ഖിന്‍ ഈരടികള്‍ പൊഴിക്കുന്ന രാക്കിളികള്‍ കുട്ടികളുടെ മനസ്സില്‍ ചിറകു കുടഞ്ഞ് ഉലരണം.
സമൂഹത്തിലെ നാനാതുറകളിലുള്ളവരിലേക്കും തിരുനബി(സ്വ) തങ്ങള്‍ അനുഭവപ്പെടും വിധം ആ സ്‌നേഹപ്രകടനം ആവിഷ്‌കരിക്കപ്പെടണം. ആയതിലേക്ക് ഘോഷയാത്ര, ദഫ്മുട്ട്, മദ്ഹ്ജാഥ, അന്നദാനം തുടങ്ങിയവയൊക്കെ ഉപകരിക്കും. പ്രത്യേകിച്ച് വീടിന്റെ അകത്തളങ്ങളില്‍ കഴിയുന്ന ഉമ്മമാര്‍ക്ക് ആരംഭ റസൂലിന്റെ പേരിലുള്ള ഒരു പിടി ചോറ് എന്ന് പറയുന്നത് ഒരു മഹാസംഭവമാണ്. തെറ്റുദ്ധരിക്കരുത്; തിന്നാന്‍ കിട്ടാതെ അലച്ച കെട്ടിയതിന്റെ പേരിലല്ല ഈ ചോറ്റുപൂതി. മറിച്ച്, വീട്ടില്‍ ചെമ്മീന്‍/ ആട്/ കാട ബിരിയാണികളുടെ നിത്യസാന്നിധ്യം കൊണ്ട് ആഹാരത്തിന്റെ ഹരം നഷ്ടപ്പെട്ട കാലമാണിന്ന്. എന്നിട്ടും, മൗലൂദ്‌ചോറ് ഇശ്ഖുന്നബി ഉള്ളിലുറഞ്ഞവര്‍ക്ക് പൊന്നുപോല്‍ പ്രിയങ്കരമാണ്.
ഈ അന്നദാനത്തിന് മറ്റൊരു സാമൂഹിക വശം കൂടിയുണ്ട്. വ്യക്തി വ്യക്തിയിലേക്ക് ചുരുങ്ങിക്കൂടുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. അതെന്തെന്നാല്‍, ഹോട്ടല്‍കാരനും ഒസ്സാനും ഹെഡ്മാസ്റ്ററും പറമ്പുകച്ചവടക്കാരനും മുദര്‍രിസും ഫഌറ്റ് ഉടമയും എന്നുവേണ്ട സമൂഹത്തിലെ എല്ലാത്തരം ആളുകളും ഒരേ അടുപ്പില്‍ വെന്ത, ഒരേ പാകമുള്ള, ഒരേ രുചിയുള്ള ഭക്ഷണം കഴിക്കുന്നു എന്നതില്‍ പാരമ്പര്യമായി പകര്‍ന്നു കിട്ടിയ സാമൂഹിക ഐക്യത്തിന്റെ പരോക്ഷബലം കിടക്കുന്നുണ്ട്. ഇത് ഉള്ളവന്റെ സല്‍ക്കാരത്തിന് വിളമ്പുന്ന എല്ലാം തികഞ്ഞ ആഢ്യസദ്യപോലെയല്ല; തനി ദരിദ്രന്റെ വീട്ടില്‍ വിളമ്പുന്ന ഉപ്പും മണവുമില്ലാത്ത ചമ്മിച്ചോറ് പോലെയുമല്ല. മുത്തു റസൂലിന്റെ പേരില്‍ വിളമ്പുന്ന ഈ ചോറ്റില്‍ ഗള്‍ഫുകാരന്റെ പതിനായിരവും പണിയില്ലാത്തവന്റെ പത്ത് രൂപയും ഉമ്മാമയുടെ നാണയത്തുട്ടുകളും ഹാജ്യാരുടെ അരിച്ചാക്കുകളും താത്തമാരുടെ ലേലക്കോഴികളും എല്ലാം ഇഴപിരിക്കാന്‍ കഴിയാത്ത വിധം ഇഴുകിച്ചേര്‍ന്നിരിക്കുന്നു. അപ്പോള്‍ ജന്മിയുടെ ഔദാര്യം തിന്നുന്ന കുടിയാന്‍ എന്ന പഴയ ഫ്യൂഡല്‍ വ്യവസ്ഥ തകരുകയും എന്റെതും നിന്റെതും ഇവന്റെതും അവളുടെതും എല്ലാം ചേര്‍ത്തുവെച്ച് നമ്മളെല്ലാവരും ഒന്നിച്ച് കഴിക്കുക വഴി സാമൂഹിക ഐക്യത്തിന്റെ സംവൃതപുഷ്പം വിരിഞ്ഞ് മലര്‍ക്കുകയും ചെയ്യുന്നു. ഇതെല്ലാമാവട്ടെ, സ്‌നേഹത്തിന്റെ ഒരൊറ്റ മുരട്ടില്‍ നിന്ന് തളിര്‍ത്ത് തിടം വെച്ചതാണുതാനും.

അതെ, അനുരാഗത്തിന് ആഹാരവുമായി അങ്ങനെയൊരു ബന്ധമുണ്ട്. മറ്റുള്ളവര്‍ക്കെല്ലാം വെറും പുട്ട് വില്‍ക്കുന്ന ഒരു സുന്ദരി ശിങ്കം താന്‍ സ്‌നേഹിക്കുന്ന ആളിന് മാത്രം ഉള്ളില്‍ പുഴുങ്ങിയ കോഴിമുട്ട വെച്ച പുട്ട് വില്‍ക്കുന്ന ഒരുശിരന്‍ കഥ ബഷീറെഴുതിയിട്ടുണ്ട്. ഇതെ പറ്റി, എം എന്‍ വിജയന്‍ പുകഴ്ത്തുഭാഷയില്‍ വല്ലാതെ പറഞ്ഞിട്ടുമുണ്ട്. “…ഒരു കോഴിമുട്ട അലൗകികമായ അനുരാഗത്തിന്റെ, കാളിദാസന്‍ മേഘസന്ദേശത്തില്‍ വര്‍ണിച്ചിട്ടുള്ള, അനുരാഗത്തിന്റെ പ്രതീകമായിത്തീരുന്നു. അനുരാഗത്തിന്റെ ഒരു ഭാഷ ഭക്ഷണമായത് കൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീര്‍ മലബാര്‍ പാചകവിധിക്ക് അവതാരികയെഴുതിയത് എന്ന് ഞാന്‍ കരുതുന്നു.” (മരുഭൂമികള്‍ പൂക്കുമ്പോള്‍)
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ചില കാര്യങ്ങള്‍ കൂടി പറയുന്നത് ഇഷ്ടമായിരിക്കുമെന്ന് കരുതുകയാണ്. ഇവിടെ നിങ്ങള്‍ക്കായിരിക്കും ഇത്തിരി തൂക്കം അധികം വരിക. അതെന്തെന്നാല്‍, നബിദിനാഘോഷത്തിന്റെ ആത്മാവാകുന്ന മഹബ്ബത്തുന്നബി എന്നത് ലവലേശം നിഴലിക്കാതെ, വെറും പോത്തറവ്, അരിവെപ്പ്, ചോറു വിളമ്പല്‍ എന്നിവ മാത്രമടങ്ങിയ ഒരു തീറ്റഫെസ്റ്റായി നബിദിനാഘോഷത്തെ അപസ്ഥാനപ്പെടുത്തുകയും തിരുജീവിതത്തില്‍ നിന്നുളള ഒരംശം പോലും പാലിക്കാനോ പകര്‍ത്താനോ അവസരം സൃഷ്ടിക്കപ്പെടാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, ആത്മവിമര്‍ശനത്തിന്റെ മഷിനോട്ടപ്രകാരം, അതില്‍ ചില അപകടങ്ങള്‍ തെളിഞ്ഞു കാണുന്നുണ്ട്.

സത്യത്തില്‍ ഈ പാട്ടും പ്രസംഗവും ജാഥയും ചോറുതീറ്റയുമൊക്കെ മുത്തു റസൂലിനെ ആഘോഷിക്കാനും അവതരിപ്പിക്കാനുമുള്ളതാണ്. ദൈനംദിന ജീവിതത്തില്‍ വ്യാപൃതരാവുന്നതിലൂടെ ധാര്‍മിക ജീവിതത്തില്‍ കറപുരണ്ടു പോവുന്ന പൊതു സമൂഹത്തിന് ഇടക്കിടെ ആത്മീയോത്കര്‍ഷത്തിന്റെ ചാറ്റല്‍ മഴ തൂവിക്കൊടുക്കേണ്ടതുണ്ട്. അതിനുള്ള സുവര്‍ണാവസരമായി മീലാദാഘോഷം പോലുള്ളവയെ ഉപയോഗപ്പെടുത്തുകയാണ് പ്രബോധനബോധമുള്ളവര്‍ ചെയ്യേണ്ടത്. അപ്പോള്‍ നാം ചെയ്ത് പോരുന്ന ആഘോഷ രീതികള്‍ക്ക് കുറച്ച് കൂടി വൈപുല്യം കിട്ടുന്ന ചില പുതിയ സംവിധാനങ്ങള്‍ കൂടി ചേര്‍ത്ത് കൊടുത്താല്‍ നബിദിനം ഇതിലേറെ ജനകീയമാവും.
തിരുജീവിതത്തിന്റെ മഹിതമായ ജീവിത പാഠങ്ങള്‍ ഉള്‍ക്കെള്ളിച്ച ലളിതമായ ലഘുലേഖകള്‍ എല്ലാ ജാതിമതക്കാര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ തയ്യാറാക്കി അവര്‍ക്കെല്ലാം എത്തിക്കാവുന്നതാണ്. പ്രവാചക പ്രേമം വൈകാരിക ഭാഷയില്‍ പറഞ്ഞവതരിപ്പിക്കുന്ന പ്രഭാഷണ സി ഡികള്‍ റബീഇന്റെ വരവോടെ വീടുവീടാന്തരം വിതരണം ചെയ്യാവുന്നതാണ്. വൃത്തിക്ക് ഏറെ പ്രാധാന്യം കല്‍പ്പിച്ചിരുന്നു മുത്ത് റസൂല്‍ എന്നതിനാല്‍ മീലാദുന്നബിയോടനുബന്ധിച്ച് നാട്ടിലെ സര്‍ക്കാര്‍ ആശുപത്രി, പള്ളിക്കൂടം, നിരത്തുകള്‍, കവലകള്‍ എന്നിവ കൂട്ടമായും ശ്രമദാനത്തിലൂടെയും ശുചീകരിക്കാവുന്നതാണ്. അഗതികളുടെയും അശരണരുടെയും അഭയമായിരുന്നു ആരംഭ റസൂല്‍ എന്നതിനാല്‍, അത്തരക്കാര്‍ക്ക് ആശ്വാസത്തിന്റെ കൈനീട്ടങ്ങള്‍ ഈ വകയായി എത്തിക്കാവുന്നതാണ്.

സമീപത്തെ വിദ്യാലയങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, ബിസിനസ് കേന്ദ്രങ്ങള്‍ തുടങ്ങിയവയില്‍ പ്രവാചക സന്ദേശം മധുരത്തിന്റെ അകമ്പടിയോടെ ലഭ്യമാക്കാവുന്നതാണ്. കവലകളില്‍ മദ്ഹുര്‍റസൂല്‍ പ്രഭാഷണങ്ങള്‍ക്ക് പുറമെ, മറ്റുമതാധ്യക്ഷന്മാരെയും സാംസ്‌കാരിക നേതാക്കളെയും സാഹിത്യകാരന്മാരെയും ബുദ്ധിജീവികളെയും പങ്കെടുപ്പിച്ച് സിമ്പോസിയങ്ങളും സെമിനാറുകളും ചര്‍ച്ചാ സമ്മേളനങ്ങളും നടത്താവുന്നതാണ്. ഇങ്ങനെയൊക്കെയാവുമ്പോള്‍ തിരുപ്പിറവി ദിനം ശരിക്ക് നാടും നഗരവും അറിയുകയും പൊതുജനം പൊന്നുറസൂലിലേക്ക് ശ്രദ്ധിക്കാന്‍ സാഹചര്യം വരികയും ചെയ്യും.
.

Latest