ചത്ത തിമിംഗലത്തിന്റെ വയറ്റില്‍ കണ്ടെത്തിയത് 115 പ്ലാസ്റ്റിക് കപ്പുകള്‍, ആയിരം കയറുകള്‍

Posted on: November 21, 2018 1:06 pm | Last updated: November 21, 2018 at 3:40 pm

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ വടക്കുകിഴക്കന്‍ സുലാവേസിയിലെ കപോത ദ്വീപില്‍ തീരത്ത് ചത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റിനകത്തു കണ്ടെത്തിയത് ആറു കിലോയോളം വരുന്ന മാലിന്യങ്ങള്‍. 115 പ്ലാസ്റ്റിക് കപ്പുകള്‍, 25 ബാഗുകള്‍, രണ്ട് ചെരുപ്പുകള്‍, 1000 പ്ലാസ്റ്റിക് നാരുകള്‍ എന്നിവ ഇതിലുള്‍പ്പെടുമെന്ന് വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്റെ ഗവേഷക സംഘം വ്യക്തമാക്കി.

തിമിംഗലത്തിന്റെ മരണ കാരണം കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡബ്ല്യു ഡബ്ല്യു എഫ് സമുദ്രജീവി സംരക്ഷണ കോര്‍ഡിനേറ്റര്‍ ദ്വി സുപ്രതി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. കഴിഞ്ഞാഴ്ച വകാതോബി ദേശീയ പാര്‍ക്കുമായി ബന്ധപ്പെട്ട സംഘമാണ് ജീര്‍ണിക്കാന്‍ തുടങ്ങിയ നിലയില്‍ ചത്ത തിമിംഗലത്തെ കണ്ടെത്തിയത്.