സ്വന്തം പരാജയങ്ങള്‍ക്ക് പാക്കിസ്ഥാനെ പഴിക്കരുത്: ട്രംപിനു മറുപടിയുമായി ഇമ്രാന്‍

Posted on: November 19, 2018 10:06 pm | Last updated: November 19, 2018 at 11:48 pm

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് അഭയം നല്‍കുന്നതായുള്ള യു എസ് പ്രസി. ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തിന് ചുട്ട മറുപടിയുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സ്വന്തം പരാജയങ്ങള്‍ക്ക് പാക്കിസ്ഥാനെ പഴിചാരരുതെന്ന് അദ്ദേഹം ട്രംപിന് ട്വിറ്ററിലൂടെ മുന്നറിയിപ്പു നല്‍കി.

9/11ന്റെ ഭീകരാക്രമണത്തില്‍ ഒരു പാക്കിസ്ഥാനിയും ഉള്‍പ്പെട്ടിരുന്നില്ല. എന്നിട്ടും അമേരിക്കയുടെ ഭീകരവിരുദ്ധ യുദ്ധത്തില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിക്കുകയായിരുന്നു. 75000 പാക്കിസ്ഥാനികളാണ് ഭീകരവിരുദ്ധ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. 12,300 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടവുമുണ്ടായി. എന്നാല്‍, വെറും 2000 കോടി ഡോളര്‍ മാത്രമാണ് അമേരിക്ക സഹായമായി അനുവദിച്ചത്- പാക് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ഗോത്ര മേഖലകള്‍ നശിപ്പിക്കപ്പെടുകയും ലക്ഷങ്ങള്‍ക്ക് വാസസ്ഥാനങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു. സാധാരണ ജനജീവിതത്തെ ഗുരുതരമായാണ് യുദ്ധം ബാധിച്ചത്. ഇത്തരം ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്ന മറ്റേതെങ്കിലും രാജ്യത്തെ കാണിച്ചു തരാമോയെന്ന് ഇമ്രാന്‍ ട്രംപിനോട് ചോദിച്ചു.

പാക്കിസ്ഥാനെ പഴിചാരുന്നതിനു പകരം അഫ്ഗാനിസ്ഥാനില്‍ 1,40000 നാറ്റോ സൈന്യത്തെയും 250,000 അഫ്ഗാന്‍ സേനയെയും നിയോഗിക്കുകയും കോടിക്കണക്കിനു ഡോളര്‍ ചെലവിടുകയും ചെയ്തിട്ടും എന്തുകൊണ്ടാണ് താലിബാന്‍ മുമ്പത്തെക്കാളും ശക്തമായി നിലനില്‍ക്കുന്നതെന്ന് ഗൗരവമായി വിലയിരുത്താന്‍ യു എസ് തയ്യാറാകണമെന്നും ഇമ്രാന്‍ പറഞ്ഞു.

തെറ്റായ ഒരു കാര്യം ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് പാക്കിസ്ഥാനുള്ള സൈനിക സഹായം നിര്‍ത്തലാക്കിയതിനെ ട്രംപ് ഇന്നലെ ന്യായീകരിച്ചിരുന്നു. ഭീകര നേതാക്കള്‍ക്ക് പാക്കിസ്ഥാന്‍ സഹായം നല്‍കുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു.