ശബരിമലയില്‍ അയോധ്യ മോഡല്‍ കലാപത്തിന് ബിജെപി നീക്കമെന്ന് എല്‍ഡിഎഫ്

Posted on: November 19, 2018 9:10 pm | Last updated: November 20, 2018 at 9:34 am

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കി കേരളത്തില്‍ അയോധ്യ മോഡല്‍ കലാപം പടര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് ബിജെപി- ആര്‍എസ്്എസ് നേതൃത്വം പിന്തിരിയണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. സുപ്രീംകോടതി വിധിയുടെ മറവില്‍ കേരളത്തില്‍ കലാപം അഴിച്ചുവിട്ട് സര്‍ക്കാരിനെ അട്ടിമറിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

വിശ്വാസത്തിന്റെയും ആചാരത്തിന്റെയും മറവില്‍ സാമൂഹ്യവിരുദ്ധരെയും അക്രമികളെയും ശബരിമലയില്‍ എത്തിച്ച് കുഴപ്പം സൃഷ്ടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം പുറത്തായി. ജില്ലകളില്‍ നിന്ന് പ്രവര്‍ത്തകരെ സംഘടിപ്പിച്ച് ശബരിമലയില്‍ എത്തിക്കണമെന്ന സര്‍ക്കുലര്‍ കലാപനീക്കത്തിന് തെളിവാണ്. ശബരിമല പ്രക്ഷോഭം ശക്തമാക്കുമെന്ന് ബി.ജെ.പി പ്രസിഡന്റ് ശ്രീധരന്‍ പിള്ള പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ സര്‍ക്കുലര്‍ ഇറക്കിയത്. വിശ്വാസിസമൂഹം ഇത് അംഗീകരിക്കില്ല.
സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് ഒപ്പമാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ മറ്റു വഴിയില്ലെന്നത് എല്ലാവര്‍ക്കും അറിയാം. വിധി നടപ്പാക്കുകയല്ലാതെ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും പറഞ്ഞിട്ടുണ്ട്. ബി.ജെ.പിയുടെ സമരം സ്ത്രീ പ്രവേശനത്തിന് എതിരല്ലെന്നാണ് ശ്രീധരന്‍ പിള്ളയുടെ മലക്കംമറിച്ചില്‍.

സ്ത്രീകളെയും കുഞ്ഞുങ്ങളെയും മുന്നില്‍ നിര്‍ത്തി ശബരിമല പിടിച്ചെടുക്കാമെന്ന് കരുതേണ്ട. മാധ്യമങ്ങളെയും പോലീസിനെയും ഭീഷണിപ്പെടുത്തി ഗുജറാത്ത് മാതൃകയില്‍ അക്രമം അഴിച്ചുവിടാന്‍ കേരളജനത അനുവദിക്കില്ല. ശബരിമലയില്‍ യഥാര്‍ത്ഥ വിശ്വാസികളുടെ ബുദ്ധിമുട്ട് പരാമവധി ഒഴിവാക്കി സുഗമമായ തീര്‍ത്ഥാടനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രതിപക്ഷം ഉള്‍പ്പെടെ ഇതിനോട് സഹകരിക്കണം. ശബരിമല കേന്ദ്രീകരിച്ചുള്ള അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും എല്‍.ഡി.എഫ് ആവശ്യപ്പെട്ടു.