മലപ്പുറത്തെ ഹര്‍ഷപുളകിതമാക്കി നബിദിന സ്‌നേഹറാലി

Posted on: November 19, 2018 7:03 pm | Last updated: November 19, 2018 at 7:03 pm

മലപ്പുറം: 1493ാം നബിദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ മലപ്പുറത്ത് നടന്ന നബിദിന സ്‌നേഹറാലി പ്രൗഢമായി. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച റാലി സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമാ ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
വിവിധ ഭാഷകളിലുള്ള നബികീര്‍ത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളുമായി നീങ്ങിയ വര്‍ണാഭമായ റാലിയില്‍ പൊതുജനങ്ങളും മഅ്ദിന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുമടക്കം ആയിരക്കണക്കിന് വിശ്വാസികള്‍ അണിനിരന്നു.

വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളും ഹദീസിലെ പൊരുളുകളും ഇസ്‌ലാമിക ചരിത്രത്തിലെ സുവര്‍ണാധ്യായങ്ങളും മുദ്രണം ചെയ്ത പ്ലക്കാര്‍ഡുകളും ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അനിവാര്യത, പരിസ്ഥിതി പ്രശ്‌നങ്ങള്‍, മതസൗഹാര്‍ദ്ദത്തിന്റെ അനിവാര്യത എന്നിവയുള്‍ക്കൊള്ളുന്ന ഡിസ്‌പ്ലേകളും റാലിയെ വ്യത്യസ്തമാക്കി. 20 മഅ്ദിന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ദഫ്, സ്‌കൗട്ട് ഗ്രൂപ്പുകളും അണിനിരന്നു.

സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബൂ ഹനീഫല്‍ ഫൈസി തെന്നല, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി മുസ്തഫ കോഡൂര്‍, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, എസ്.എം.എ ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി തിരൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുഹാജി വേങ്ങര, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ദുല്‍ഫുഖാറലി സഖാഫി നേതൃത്വം നല്‍കി. വിവിധസ്ഥലങ്ങളില്‍ ഒരുക്കിയ മഅ്ദിന്‍ തഹ്ഫീസുല്‍ ഖുര്‍ആന്‍ കോളജ് വിദ്യാര്‍ത്ഥികളുടെ മീലാദ് പാട്ടുവണ്ടി ശ്രദ്ധേയമായി, പുലര്‍ച്ചെ 4ന് മഅ്ദിന്‍ ഗ്രാന്റ്മസ്ജിദില്‍ മൗലിദ് പാരായണവും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.